ജന്മനാടിന്‍റെ സര്‍ഗ്ഗാത്മക മണ്ഡലത്തിന് റിയാസ് കോമുവിന്‍റെ ദക്ഷിണ- ‘ഉരു’ കലാതുറമുഖം

296

കൊച്ചി: പ്രശസ്ത ആര്‍ട്ടിസ്റ്റും കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ സെക്രട്ടറിയുമായ റിയാസ് കോമു കൊച്ചി മട്ടാഞ്ചേരിയില്‍ പുതിയ കലാകേന്ദ്രം തുടങ്ങുന്നു. ‘ഉരു’ എന്ന് പേരിട്ടിരിക്കുന്ന ഈ കലാകേന്ദ്രം നവംബര്‍ 12 ശനിയാഴ്ച മട്ടാഞ്ചേരി കൊച്ചങ്ങാടിയില്‍ പ്രവര്‍ത്തനമാരംഭിക്കും. ജന്മദേശത്തേക്കുള്ള മടങ്ങി വരവാണ് ‘ഉരു’വിനു പിന്നിലെ പ്രചോദനമെന്ന് റിയാസ് കോമു പറഞ്ഞു. മലയാളികളായ നിരവധി പ്രതിഭാധനര്‍ കേരളത്തിനു വെളിയില്‍ പോയി തങ്ങളുടേതായ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അവരില്‍ പലര്‍ക്കും ആഗ്രഹമുണ്ടെങ്കില്‍ തന്നെ കേരളത്തില്‍ മടങ്ങി വന്ന് അവരവരുടെ ജീവിതവുമായി ഇഴുകി ചേര്‍ന്നു പോകാനാകില്ലെന്ന് റിയാസ് ചൂണ്ടിക്കാട്ടി. തിരികെയെത്തി സ്വന്തമായൊരു ഇടം കേരളത്തില്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ് പലരും. തങ്ങള്‍ ശീലിച്ച ജീവിതവും കേരളത്തിലെ പ്രാദേശിക യാഥാര്‍ത്ഥ്യങ്ങളും സമാന്തര രേഖകള്‍ പോലെയാണ് നിലനില്‍ക്കുന്നത്. ഇത്തരം പ്രതിസന്ധികളെ മറികടക്കാന്‍ വേണ്ടി കൂടി ഉദ്ദേശിച്ചാണ് ഉരു’വിന് രൂപം നല്‍കിയത്. കലയുമായി ബന്ധപ്പെട്ട എന്തിനെയും ഉള്‍ക്കൊള്ളുന്ന രീതിയിലാണ് ഉരു ഒരുക്കിയിട്ടുള്ളത്. സര്‍ഗ്ഗാത്മകമായ എന്തിനെയും ഉരു’ സ്വീകരിക്കും.അത് ആസ്വാദനമോ, തത്വചിന്തയോ, സാമ്പത്തികമോ, രാഷ്ട്രീയമോ എന്തായാലും അതിന്റെ സര്‍ഗ്ഗശേഷി പ്രദര്‍ശിപ്പിക്കാന്‍ ഉരു വേദിയൊരുക്കുമെന്നും റിയാസ് വ്യക്തമാക്കി.

പ്രസാധനം, ആര്‍ട്ടിസ്റ്റുകള്‍ക്ക് താമസിച്ച് സൃഷ്ടികള്‍ നടത്താനുള്ള അവസരം, പരിശീലന കളരികള്‍, സിനിമ പ്രദര്‍ശനം, ശില്‍പശാലകള്‍, കലാ പ്രദര്‍ശനം, സംഗീത പരിപാടി, നാടകം, തുടങ്ങി നിരവധി സാംസ്‌കാരിക പരിപാടികള്‍ക്ക് ഇവിടെ അവസരമൊരുക്കുന്നുണ്ട്. തീക്ഷ്ണമായ ജീവിതാനുഭവങ്ങളെ കലാരൂപങ്ങളിലേക്ക് മികച്ച രീതിയില്‍ സമന്വയിപ്പിക്കാന്‍ കഴിയുന്ന കലാകാരന്മാര്‍ കേരളത്തിലുണ്ട്. എന്നാല്‍ കേരളത്തിനു വെളിയിലേക്ക് അവര്‍ക്ക് സ്ഥാനമുറപ്പിക്കാന്‍ കഴിയുന്നില്ല. ലോകവുമായി ഇടപെടുമ്പോള്‍ ഉണ്ടാകുന്ന അന്യതാബോധം മലയാളി കലാകാരന്മാരെ ഒരു തരം ഏകാന്തതയിലേക്ക് തള്ളിവിടുകയാണ്. ഒരു സാംസ്‌കാരിക ഇടത്തില്‍ സക്രിയമായി നേരിട്ട് പെരുമാറുന്നതിന്റെ പരിചയക്കുറവ് മലയാളി ആര്‍ട്ടിസ്റ്റുകളില്‍ ദൃശ്യമാണ്. അതിനാല്‍ തന്നെ ഉരു’ ഇത്തരം അന്യതാബോധത്തില്‍ നിന്നും പുറത്തു കടക്കാന്‍ ആര്‍ട്ടിസ്റ്റുകളെ സഹായിക്കും. കലാകാരന്മാരുടെ ഒരുമയില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് സ്വയം പര്യാപ്തമായ ആര്‍ട്ടിസ്റ്റ് സമുദായം ഉണ്ടാക്കിയെടുക്കാനുള്ള തുടക്കം കൂടിയാണിത്.
കലയുടെ വൈവിദ്ധ്യം തേടിയുള്ള യാത്രകളില്‍ പ്രവാസിയായി പോയ തന്നെ കേരളത്തിലേക്ക് പറിച്ചു നട്ടത് കൊച്ചി ബിനാലെ ആണെന്ന് റിയാസ് പറഞ്ഞു. പ്രവാസി കലാകൂട്ടായ്മയുടെ ജന്മനാട്ടിലേക്കുള്ള തിരിച്ചു വരവായിരുന്നു കൊച്ചി ബിനാലെ. ആറുവര്‍ഷങ്ങള്‍ക്കിപ്പുറം കലാരംഗത്തെ രാജ്യത്തെ ഏററവും മികച്ച പ്രദര്‍ശന-ചര്‍ച്ച വേദിയുമായി ബിനാലെ മാറി. കൂട്ടായി എടുത്ത മുന്‍കൈയ്ക്ക് പുറമെസ്വന്തം നിലയ്ക്ക് എന്തെങ്കിലും ചെയ്യണമെന്ന ഉത്തരവാദിത്ത ബോധമാണ് ഉരു’ കൊച്ചിയില്‍ തന്നെ നങ്കൂരമിടാന്‍ തോന്നിയത്.

പല സാംസ്‌കാരിക സംക്രമണങ്ങളും നങ്കൂരമിട്ടു നില്‍ക്കുന്ന മണ്ണാണ് കൊച്ചിയിലേത്. ലോക സഞ്ചാരികളുടേയും അവരുടെ സംസ്‌കാരങ്ങളുടെയും മിശ്രണം കൊച്ചിയുടെ ദ്വീപു നിര്‍മാണ കൗശലങ്ങളിലും വസ്തുവേലാ വൈഭവങ്ങളിലും കറിക്കൂട്ടുകളുടെ സുഗന്ധങ്ങളിലുമൊക്കെ നിറയുന്നുണ്ട്. ബിനാലെ ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്ന പ്രധാന ചര്‍ച്ച, ആര്‍ട്ടിസ്‌ററുകളുടെ സ്വകാര്യമോ കുടുംബപരമോ ആയ ജീവിതം സാമ്പത്തിക സ്വയം പര്യാപ്തത ആഗ്രഹിക്കുന്നു എന്നതാണ്. അതിനോടൊപ്പം തന്നെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് സ്വന്തമായൊരിടവും. ഈ പ്രചോദനത്തില്‍ നിന്നു തന്നെയാണ് ഉരു’ കൊച്ചിയില്‍ തന്നെ മതിയെന്നു തീരുമാനിക്കാനുള്ള കാരണമെന്നും റിയാസ് വ്യക്തമാക്കി. 12 ന് ശനിയാഴ്ച വൈകിട്ട് 4നാണ് ഉദ്ഘാടനച്ചടങ്ങ്. ചിത്രകാരന്‍ കെ എല്‍ ലിയോണിന്റെ പെയിന്റിംഗ് പ്രിവ്യൂ, ഉരു റസിഡന്‍സി ആര്‍ട്ടിസ്റ്റ് ആയിരുന്ന കെ പി റജിയുടെ ചിത്രപ്രദര്‍ശനം, ശില്‍പി കെ പി രഘുനാഥിന്റെ ശില്പപ്രദര്‍ശനം, ഓളം ബാന്‍ഡ് ഒരുക്കുന്ന സംഗീത പരിപാടി, ഗുരുചിന്തന- ഒരു മുഖവുര എന്ന പുസ്തകത്തിന്റെ പ്രകാശനം, കെ ആര്‍ മനോജിന്റെ കേസരി എന്ന ചിത്രത്തിന്റെ പ്രദര്‍ശനം, തുടര്‍ന്ന് സംഭാഷണം എന്നിവയാണ് പരിപാടികള്‍. എം എ ബേബി, കല്‍പ്പറ്റ നാരായണന്‍, എന്‍ എസ് മാധവന്‍, ബിനാലെ ക്യുറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി, സി എസ് വെങ്കിടേശ്വരന്‍,ജെ ദേവിക, എം വി നാരായണന്‍, സുനില്‍ പി ഇളയിടം, അനിതാ തമ്പി തുടങ്ങിയവരും പങ്കെടുക്കും.

NO COMMENTS

LEAVE A REPLY