ഉത്തര്‍പ്രദേശില്‍ ലൈസന്‍സുള്ള അറവുശാലകളും ഇറച്ചിക്കടകളും തുറക്കും

245

ലക്നൗ: ഉത്തര്‍പ്രദേശില്‍ ലൈസന്‍സുള്ള അറവുശാലകളും ഇറച്ചിക്കടകളും തുറന്ന് പ്രവ‍ര്‍ത്തിക്കാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. മതമോ ജാതിയോ നോക്കി ആര്‍ക്കെതിരെയും നടപടി എടുക്കില്ലെന്ന് സര്‍ക്കാര്‍ യോഗത്തില്‍ വ്യക്തമാക്കി. ജാതിയോ മതമോ നോക്കി നടപടിയെടുത്താല്‍ ആ ഉദ്യോഗസ്ഥനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി അറവുശാലകള്‍ക്കെതിരെയുള്ള നടപടിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ നാല് ദിവസമായി ഇറച്ചിക്കടകളും അറവുശാലകളും അടച്ചിട്ടുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യോഗം വിളിച്ചത്. അനധികൃത അറവുശാലകള്‍ക്കെതിരെ നടപടി എടുക്കണമെന്ന സര്‍ക്കാരിന്റെ ഉത്തരവ് ചില ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നുവെന്ന പരാതിയാണ് കടയുടമകള്‍ യോഗത്തില്‍ മുന്നോട്ട് വച്ചത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ മാത്രം നടപടി സ്വീകരിക്കുന്നുവെന്നുവെന്നും അധികാര ദുര്‍വിനിയോഗം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും കടയുടമകള്‍ ആവശ്യപ്പെട്ടു. അനധികൃതഅറവ് ശാലകള്‍ അടച്ചുപൂട്ടുന്നതിനെ കടയുടമകള്‍ പിന്തുണച്ചതായും സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കി. അറവുശാലകള്‍ അടച്ചതിനാല്‍ കയറ്റുമതി വരുമാനം ഇടിഞ്ഞ സാഹചര്യത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയോഗം വിളിച്ചത്. സംസ്ഥാനത്ത് ലൈസന്‍സുള്ള 44 അറവുശാലകളാണുള്ളത്. ആയിരത്തോളം അനധികൃതഅറവുശാലകളും പ്രവര്‍ത്തിക്കുന്നുവെന്നാണ് കണക്ക്.

NO COMMENTS

LEAVE A REPLY