ഷാര്‍ജയില്‍ തുറസായ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിന് നിരോധനം വരുന്നു

193

ഷാര്‍ജ: ഷാര്‍ജയില്‍ തുറസായ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിന് നിരോധനം വരുന്നു. അംഗീകാരമില്ലാതെ “കച്ച” പാര്‍ക്കിംഗ് അനുവദിക്കില്ലെന്ന് നഗരസഭ വ്യക്തമാക്കി. പലതരത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നാണ് നടപടി.
ഷാര്‍ജയില്‍ തുറസ്സായ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിന് അടുത്ത വ്യാഴാഴ്ച മുതല്‍ നിരോധനം വരും. ഇനി മുതല്‍ ഇത്തരത്തിലുള്ള കച്ചപാര്‍ക്കിംഗില്‍ പണമടച്ചു വാഹനം പാര്‍ക്കുചെയ്യേണ്ടവരും. നഗരസഭയുടെ അനുമതിയുള്ള കമ്പനികള്‍ക്കായിരിക്കും ഇതിന്‍റെ ചുമതല. ഏതൊക്കെ മേഖലകളിലായിരിക്കും പേ പാര്‍ക്കിംഗ് ഏര്‍പ്പെടുത്തുകയെന്ന് അടുത്ത ദിവസം അറിയിക്കും.
പലതരത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നാണ് നടപടിയെന്ന് നഗരസഭ അറിയിച്ചു. കച്ച പാര്‍ക്കിങ്ങുകള്‍ കേന്ദ്രീകരിച്ചുള്ള മദ്യവില്‍പന, യാചന, പിടിച്ചുപറിയൊക്കെ ഇതോടെ നില്‍ക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.
പേ പാര്‍ക്കിംഗ് വരുന്നതോടെ സുരക്ഷാ ചുമതലയുള്ളയാളുടെ ശ്രദ്ധ ഇക്കാര്യത്തിലുണ്ടാവും. രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ക്കു കേടുപാടുവരുത്തുന്നതും മോഷണംപോകുന്നതും ഈ മേഖലയില്‍ പതിവാണ്. പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ ഇത്തരം സംഭവങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നും നഗരസഭ അറിയിച്ചു.
മണിക്കൂര്‍ വച്ചായിരിക്കും ഇത്തരം പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ വാടക ഈടാക്കുക. മാസ, വാര്‍ഷിക നിരക്കുകളുണ്ടാകും. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള തീരുമാനങ്ങളുടെ ഭാഗമായാണ് സൗജന്യപാര്‍ക്കിംഗ് സൗകര്യം ഒഴിവാക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. തീരുമാനം മലയാളികളടക്കമുള്ള സാധാരണക്കാരായ പ്രവാസികളെയായിരിക്കും കാര്യമായി ബാധിക്കുക.

NO COMMENTS

LEAVE A REPLY