ഏകീകൃത സിവില്‍കോഡ് : കേന്ദ്ര നിയമ കമ്മീഷന്‍ ആരംഭിച്ച സര്‍വേ നടപടികളുമായി സഹകരിക്കില്ലെന്ന് കാന്തപുരം

198

കോഴിക്കോട്• ഏകീകൃത സിവില്‍കോഡിനു രൂപം നല്‍കുന്നതിനു കേന്ദ്ര നിയമ കമ്മീഷന്‍ ആരംഭിച്ച സര്‍വേ നടപടികളുമായി ഒരുതരത്തിലും സഹകരിക്കില്ലെന്നു കേരള മുസ്‍ലിം ജമാഅത്ത്് സംസ്ഥാന പ്രസിഡന്റ്് കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍. ശരീഅത്ത് നിയമങ്ങള്‍ സര്‍വേയുടെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതല്ലെന്നും കാന്തപുരം ഓര്‍മപ്പെടുത്തി.
മതേതരത്വത്തിലും ബഹുസ്വരതയിലും വിശ്വസിക്കുന്ന പൗരസമൂഹത്തെ അങ്ങേയറ്റം ആശങ്കാകുലരാക്കുന്ന നടപടികളാണു സര്‍ക്കാരിന്റേത്. മുത്തലാഖ്, ബഹുഭാര്യത്വ വിഷയങ്ങളില്‍ മുന്‍ കേന്ദ്രസര്‍ക്കാരുകള്‍ സ്വീകരിച്ച നിലപാടുകള്‍ക്കു വിരുദ്ധമായി സുപ്രിം കോടതിയില്‍ മോദി സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത് ഏക വ്യക്തി നിയമത്തിനു വേണ്ടിയുള്ള സര്‍ക്കാരിന്റെ അനാവശ്യ ധൃതിനിറഞ്ഞ നീക്കവുമായി ചേര്‍ത്തുവായിക്കണം.

വ്യക്തി നിയമങ്ങള്‍ ഓരോ മതസമുദായത്തിന്റെയും ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന വിഷയമാണെന്നിരിക്കെ ഏകീകൃത വ്യക്തി നിയമം കൊണ്ടുവരാനുള്ള ഏതുനീക്കവും ഭരണഘടന വിഭാവന ചെയ്യുന്ന മതസ്വാതന്ത്യ്രത്തിനു നേരെയുള്ള നഗ്നമായ കയ്യേറ്റമാണ്. മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ചട്ടക്കൂടാണെന്നു സുപ്രീം കോടതി പലതവണ ഓര്‍മപ്പെടുത്തിയതാണ്.
ആ നിലയ്ക്കു പൊതു വ്യക്തി നിയമത്തിനായുള്ള ഏതുനീക്കവും ഭരണഘടനാവിരുദ്ധമായെ കണക്കാക്കാനാവൂ. മതസമുദായങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന പാരസ്പര്യവും സൗഹാര്‍ദവും തകര്‍ക്കുന്ന നീക്കങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്നതു ഖേദകരവും അപലപനീയവുമാണ്്. ഈ നീക്കത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY