കേന്ദ്രമന്ത്രിയാകാന്‍ ജോസ് കെ.മാണി യോഗ്യൻ: തുഷാർ വെള്ളാപ്പള്ളി

297

ആലപ്പുഴ ∙ കേരള കോൺഗ്രസ് (എം) നേതാവും എംപിയുമായ ജോസ് കെ.മാണി കേന്ദ്രമന്ത്രിയാകാന്‍ യോഗ്യനെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. മന്ത്രിയാകാന്‍ താല്‍പര്യമുണ്ടെങ്കില്‍ ബിജെപി നേതൃത്വത്തോടും പ്രധാനമന്ത്രിയോടും സംസാരിക്കുമെന്നും തുഷാർ വ്യക്തമാക്കി.

മാണിയെ എന്‍ഡിഎയുടെ ഭാഗമാകാൻ ബിഡിജെഎസ് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെ.എം.മാണിക്കെതിരെ തെളിവുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ അദ്ദേഹം കുറ്റക്കാരനാണെന്നു കരുതുന്നില്ലെന്നും തുഷാർ പറഞ്ഞു. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് വിട്ടശേഷം മൂന്നു മുന്നണികളോടും സമദൂരനിലപാടാണു സ്വീകരിക്കുകയെന്നാണ് കെ.എം.മാണി പറഞ്ഞത്. എൻഡിഎയുമായി നിലവിൽ യാതൊരു ബന്ധത്തിനുമില്ലെന്നും കേരള കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് തുഷാർ വെള്ളാപ്പള്ളി മാണിയെയും സംഘത്തെയും എൻഡിഎയിലേക്കു സ്വാഗതം ചെയ്യുന്നത്. അതേസമയം, പാർട്ടി എൻഡിഎയിലേക്കു പോകുന്നതിനെ അനുകൂലിക്കില്ലെന്ന് ജോസഫ് വിഭാഗം നേതാക്കളും ജോസഫ് എം.പുതുശേരിയും ഇന്നു പറഞ്ഞിരുന്നു.

NO COMMENTS

LEAVE A REPLY