സർക്കാർ ഓഫീസുകളിലെ ജീവനക്കാർക്ക് രണ്ടാഴ്ചത്തെ ജോലി ക്രമീകരണം ഏർപ്പെടുത്തി

76

തിരുവനന്തപുരം : കോവിഡ് 19ന്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് രണ്ടാഴ്ചത്തേക്ക് താത്ക്കാലിക ജോലി ക്രമീകരണം ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അത്യാവശ്യ സർവീസ് ഒഴികെയുള്ള വകുപ്പുകളിലെ ജീവനക്കാർക്കാണ് പുതിയ ക്രമീകരണം ഏർപ്പെടുത്തിയത്.

സാധാരണ ഓഫീസ് ജോലിക്ക് തടസം വരാത്ത രീതിയിൽ ഓരോ ഓഫീസിലെയും ഗ്രൂപ്പ് ബി, സി, ഡി വിഭാഗത്തിലുള്ള 50 ശതമാനം പേർ ഒന്നിടവിട്ട ദിവസങ്ങളിൽ ജോലിക്ക് ഹാജരായാൽ മതി. ജീവനക്കാരെ ഇത്തരത്തിൽ ഓരോ ദിവസവും ജോലിക്ക് നിയോഗിക്കുന്നതിന് ആവശ്യമായ ക്രമീകരണം ഓഫീസ് മേധാവികൾ ഏർപ്പെടുത്തും.

വീട്ടിലുള്ള ജീവനക്കാർ ഇ ഓഫീസ് സംവിധാനവും മറ്റ് ഇലക്‌ട്രോണിക്, ടെലിഫോൺ സംവിധാനങ്ങളും ഉപയോഗിച്ച് ജോലി ചെയ്താൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അതേസമയം, അത്യാവശ്യഘട്ടത്തിൽ ഓഫീസ് മേധാവി ആവശ്യപ്പെട്ടാൽ ഇവർ ജോലിക്കെത്തണം. ജീവനക്കാർക്ക് വീടുകളിൽ നിരീക്ഷണം നിർദ്ദേശിക്കപ്പെട്ടാൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് പതിനാലു ദിവസത്തെ സ്‌പെഷ്യൽ കാഷ്വൽ ലീവ് അനുവദിക്കും.

സ്‌കൂൾ, കോളേജ് അധ്യാപകർ ഇനിയുള്ള ദിവസങ്ങളിൽ ഹാജരാകേണ്ടതില്ല. അധ്യാപകർ ഇപ്പോൾ അവധി ലഭിക്കുന്ന ദിവസങ്ങൾക്ക് പകരമായി പിന്നീട് ജോലി ചെയ്യേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടുത്ത രണ്ട് ശനിയാഴ്ച സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS