അഖിലേഷ് യാദവിന്‍റെ പാര്‍ട്ടിയിൽ നിന്ന് രണ്ട് രാജ്യസഭ എംപിമാര്‍ കൂടി ബിജെപിയിലേക്ക്

132

ലഖ്നൗ: അഖിലേഷ് യാദവിന്‍റെ എസ്പിയില്‍ നിന്ന് രണ്ട് രാജ്യസഭ എംപിമാര്‍ കൂടി ബിജെപിയിലേക്ക് ചാടാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ആറ് എംപി മാരായിരുന്നു രാജ്യസഭയില്‍ ടിഡിപിക്ക് ഉണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ നിന്ന് അഖിലേഷ് യാദവിന്‍റെ സമാജ്വാദി പാര്‍ട്ടിയുടെ എംപിയേയും ബിജെപി മറുകണ്ടം ചാടിച്ചത്.

ഇരുവരും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ പാര്‍ട്ടി വിടുമെന്നും ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ജൂണിലാണ് ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപിയുടെ അടിവേരിളക്കി നാല് രാജ്യസഭ എംപിമാരെ ബിജെപി കടത്തിയത്. എസ്പി നേതാവും മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്‍റെ മകനുമായ നീരജ് ശേഖറായിരുന്നു രാജിവെച്ചത്. ലോക്സഭയില്‍ കേവല ഭൂരിപക്ഷം ബിജെപി പുഷ്പം പോലെ മറികടന്നെങ്കിലും രാജ്യസഭയില്‍ ബിജെപി ന്യൂനപക്ഷമാണ്. ഇത് ചില്ലറ തലവേദനയൊന്നുമല്ല നരേന്ദ്ര മോദി സര്‍ക്കാരിന് ഉണ്ടാക്കുന്നത്.

സഭയില്‍ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ പല ബില്ലുകളും പാസാക്കാന്‍ കഴിയാത്ത അവസ്ഥായാണിപ്പോള്‍. നിര്‍ബന്ധമെന്ന് സര്‍ക്കാര്‍ കരുതുന്ന നിയമ നിര്‍മ്മാണങ്ങള്‍ പോലും നടത്താന്‍ കഴിയാത്ത സ്ഥിതി. രാജ്യസഭാംഗത്വം രാജിവെച്ച്‌ നീരജ് ശേഖര്‍ ബിജെപിയില്‍ ചേരുകയും ചെയ്തു. അടുത്ത നവംബറിലാണ് നീരജിന്‍റെ രാജ്യസഭാംഗത്വ കലാവധി പൂര്‍ത്തിയാകുക. കാലാവധി തീരുന്നതിന് ഒരു വര്‍ഷം മുന്‍പാണ് നീരജ് രാജിവെച്ചതും കൂറുമാറിയും. ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നീരജ് താത്പര്യം പ്രകടിപ്പിച്ചെങ്കിലും അഖിലേഷ് പരിഗണിച്ചിരുന്നില്ല. ഇതോടെയാണ് നീരജ് അഖിലേഷുമായി ഇടഞ്ഞതും ബിജെപിയിലേക്ക് ചേക്കേറാനുമുണ്ടായ കാരണം.

യുപി നിയമസഭയില്‍ ബിജെപിക്ക് വലിയ ഭൂരിപക്ഷം ഉണ്ടെന്നത് കൊണ്ട് തന്നെ തങ്ങളുടെ അംഗത്തെ ബിജെപിക്ക് എളുപ്പം രാജ്യസഭയിലേക്ക് എത്തിക്കാനും സാധിക്കും. ഇതിന് പിന്നാലെയാണ് എസ്പിയുടെ രണ്ട് രാജ്യസഭ എംപിമാരെ കൂടി ബിജെപിയില്‍ മറുകണ്ടം ചാടിക്കാന്‍ ഒരുങ്ങുന്നത്. എസ്പിക്ക് രാജ്യസഭയില്‍ അഞ്ച് അംഗങ്ങളാണ് ഉള്ളത്.

രണ്ട് എംപിമാര്‍ ബിജെപിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ ഇരുവരും രാജിവെയ്ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ എസ്പിയുടെ രാജ്യസഭ എംപിമാരുടെ എണ്ണം രണ്ടിലേക്ക് ഒതുങ്ങും. നീരജിന്‍റെ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്ബോള്‍ തന്നെ രാജിവെയ്ക്കാന്‍ ഒരുങ്ങുന്നവരുടെ സീറ്റിലും തിരഞ്ഞെടുപ്പ് നടത്തി വിജയിക്കാമെന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍. എസ്പിയിലെ രണ്ട് അംഗങ്ങള്‍ കൂടി രാജിവെയ്ക്കുകയാണെങ്കില്‍ രാജ്യസഭയിലെ കേവല ഭൂരിപക്ഷം 120 ലേക്ക് ചുരുങ്ങും. നിലവില്‍ 116 അംഗങ്ങളാണ് ബിജെപിക്ക് രാജ്യസഭയില്‍ ഉള്ളത്. മൂന്ന് പേര്‍ കൂടി എത്തുന്നതോടെ ഇത് 119 ആകും.

NO COMMENTS