അപ്‌സര റെഡ്ഡിക്ക് ഇന്ത്യന്‍ യുദ്ധക്കപ്പലില്‍ പ്രവേശനം നിഷേധിച്ചു

238

ചെന്നൈ: ചെന്നൈ തുറമുഖത്തെത്തിയ ഇന്ത്യന്‍ യുദ്ധക്കപ്പലില്‍ ഭിന്നലിംഗക്കാരിക്ക് പ്രവേശനം നിഷേധിച്ചതായി പരാതി. ചെന്നൈയില്‍ താമസിക്കുന്ന മാധ്യമപ്രവര്‍ത്തകയും ടെലിവിഷന്‍ അവതാരകയുമായ അപ്‌സര റെഡ്ഡിയുടേതാണ് പരാതി. സുഹൃത്തിന്റെ ക്ഷണക്കത്ത് ലഭിച്ചതിനെത്തുടര്‍ന്നാണ് അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ താന്‍ കപ്പലിലെത്തിയതെന്നും എന്നാല്‍, രണ്ടു ഉദ്യോഗസ്ഥര്‍ തന്നെ അപമാനിച്ചു തിരിച്ചയക്കുകയായിരുന്നുവെന്നും അപ്‌സര പറഞ്ഞു.

ഭിന്നലിംഗ വിഭാഗത്തില്‍പ്പെട്ടവരെ യുദ്ധക്കപ്പലില്‍ പ്രവേശിപ്പിക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സുരക്ഷാഉദ്യോഗസ്ഥന്‍ തന്നെ അപമാനിച്ചതെന്ന് ഇവര്‍ പറയുന്നു. ചെന്നൈ തുറമുഖത്തിനകത്തേക്ക് ഏഴാംനമ്പര്‍ കവാടത്തിലൂടെ കടന്നുപോയപ്പോള്‍ കേന്ദ്രസുരക്ഷ സേനാദ്യോഗസ്ഥര്‍ മാന്യമായാണ് പെരുമാറിയത്. എന്നാല്‍, കപ്പലില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ ശുഭ്, അജയ് എന്നീ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു.

കാരണം തിരക്കിയപ്പോള്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭഗത്തില്‍പ്പെട്ടവരെ കപ്പലില്‍ കയറ്റില്ലെന്നാണ് വിശദീകരിച്ചതെന്ന് തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ അപ്‌സര റെഡ്ഡി കുറിച്ചിട്ടു.
തന്റെ തിരിച്ചറിയല്‍ കാര്‍ഡില്‍ സ്ത്രീ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും അനീതി കാട്ടിയതെന്തിനെന്ന് വ്യക്തമല്ല. പ്രശ്‌നമുണ്ടാക്കേണ്ടെന്നു കരുതി വാഗ്വാദത്തിനു പോകാതെ മടങ്ങുകയായിരുന്നു താനെന്നും ഇവര്‍ പറഞ്ഞു. ശുഭിനും അജയിനുതെിരെ മനുഷ്യാവകാശ കമ്മിഷനില്‍ പരാതി നല്‍കുമെന്നും അപ്‌സര റെഡ്ഡി അറിയിച്ചു.

NO COMMENTS

LEAVE A REPLY