ട്രെയിന്‍ സമയങ്ങളില്‍ മാറ്റം; ട്രെയിനുകള്‍ പകുതി വഴിയില്‍ യാത്ര അവസാനിപ്പിക്കും

226

തിരുവനന്തപുരം-മംഗലാപുരം എക്സ്‍പ്രസ് അങ്കമാലിക്ക് സമീപം കറുകുറ്റിയില്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം താറുമാറായിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ വഴിതിരിച്ച് വിട്ടു. ഇതുവഴിയുള്ള നിരവധി ട്രെയിനുകളുടെ സമയത്തിലും മാറ്റം വരുത്തി.
മംഗലാപുരം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ വൈകുന്നേരം അഞ്ച് മണിവരെയും തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ ഉച്ചയ്ക്ക് ശേഷം രണ്ട് മണി വരെയും മുടങ്ങുമെന്നുമാണ് റെയില്‍വെ അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ജനശതാബ്ദി (12076), വേണാട് (16302 എന്നീ ട്രെയിനുകള്‍ ഇന്ന് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്‌പ്രസ് (16341) റദ്ദാക്കി. ചെന്നൈ തിരുവനന്തപുരം എക്‌സ്‌പ്രസ് ചാലക്കുടിയിലും ബാംഗ്ലൂര്‍ കൊച്ചുവേളി എക്‌സ്‌പ്രസ് തൃശൂരും യാത്ര അവസാനിപ്പിക്കും.
മംഗലാപുരം-തിരുവനന്തപുരം എക്‌സ്‌പ്രസ് ചാലക്കുടിയിലും മുംബൈ-തിരുവനന്തപുരം എക്സ്‍പ്രസ് പുതുക്കാടും യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം-മുംബൈ എക്‌സ്‌പ്രസ് (16525), കന്യാകുമാരി-ബാംഗ്ലൂര്‍ ഐലന്റ് എക്‌സ്‌പ്രസ് (13353), ആലപ്പുഴ-ധന്‍ബാദ് എക്‌സ്‌പ്രസ് (12512), തിരുവനന്തപുരം-ഖൊരക്പുര്‍ രപ്തിസാഗര്‍ എക്‌സ്‌പ്രസ് (17229), തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്‌സ്‌പ്രസ് എന്നീ ട്രെയിനുകള്‍ തിരുനെല്‍വേലി, ഈറോഡ് റൂട്ടിലേക്ക് വഴിതിരിച്ചുവിട്ടു.