ഉത്തര്‍പ്രദേശിലെ പുക്രായനില്‍ ട്രെയിന്‍ പാളം തെറ്റി 91 പേര്‍ മരിച്ചു

155

കാന്‍പൂര്‍ • ഉത്തര്‍പ്രദേശിലെ പുക്രായനില്‍ ട്രെയിന്‍ പാളം തെറ്റി 91 പേര്‍ മരിച്ചു. 200 ലേറെ പേര്‍ക്ക് പരുക്കേറ്റു. അന്‍പതോളം പേരുടെ നില അതീവഗുരുതരമാണ്. പട്ന- ഇന്‍ഡോര്‍ എക്സ്പ്രസിന്റെ 14 ബോഗികളാണ് പാളം തെറ്റിയത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മധ്യപ്രദേശ്, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങില്‍നിന്നുള്ളവരാണ് മരിച്ചവരിലേറെയും. കാന്‍പൂരില്‍ നിന്ന് 63 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന പുക്രായന്‍. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. നാലു എസി ബോഗികള്‍ പൂര്‍ണമായി തകര്‍ന്നു. ആറു സ്ലീപ്പര്‍ ബോഗികളും രണ്ടു ജനറല്‍ ബോഗികളും അപകടത്തില്‍പ്പെട്ടു. ബോഗികള്‍ക്കുള്ളില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍പ്പെട്ട ബോഗികളിലുണ്ടായിരുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയദുരന്തനിവാരണസേന സ്ഥലത്തെത്തി. പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലും രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്. മെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. അപകട കാരണത്തെക്കുറിച്ച്‌ വ്യക്തതയില്ല. റയില്‍വേമന്ത്രി സുരേഷ് പ്രഭു ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി റയില്‍വേമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ തിരക്കി. അപകടത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. അപകടത്തെത്തുടര്‍ന്ന് കാന്‍പൂര്‍ വഴിയുള്ള ഗതാഗതം പൂര്‍ണമായും താറുമാറായി. ബിഹാര്‍, മധ്യപ്രദേശ്, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍നിന്നും കാന്‍പൂര്‍ വഴി കടന്നുപോകുന്ന ട്രെയിനുകളില്‍ ചിലത് റദ്ദാക്കുകയും മറ്റു ചിലത് വഴിതിരച്ചുവിടുകയും ചെയ്തു.