പാലക്കാട്-ഒറ്റപ്പാലം റൂട്ടില്‍ അറ്റകുറ്റപ്പണി ; ചെന്നൈ- മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് വൈകും

268

പാലക്കാട് • ഒറ്റപ്പാലം മുതല്‍ പാലക്കാട് ജംക്ഷന്‍ സ്റ്റേഷന്‍ വരെയുള്ള റെയില്‍വേ ട്രാക്കുകളില്‍ അറ്റകുറ്റപ്പണി ആരംഭിക്കുന്നു. ഡിസംബര്‍ 28 വരെ നീണ്ടുനില്‍ക്കും. റെയില്‍വേ ട്രാക്കുകള്‍ക്കിടയിലുള്ള മെറ്റല്‍ (ബാലസ്) പുറത്തെടുത്ത് വൃത്തിയാക്കി വീണ്ടും ഉറപ്പിച്ചു നിര്‍ത്തുന്ന ജോലിയാണു തുടങ്ങുന്നത്. ബാലസ് ക്ലീനിങ് യന്ത്രം ഉപയോഗിച്ചാണു പ്രവൃത്തി. അറ്റകുറ്റപ്പണി നടക്കുന്ന ദിവസങ്ങളില്‍ ചെന്നൈ- മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22637) പാലക്കാട് ജംക്ഷന്‍ സ്റ്റേഷനില്‍ ഒന്നേകാല്‍ മണിക്കൂര്‍ പിടിച്ചിടും. ഇതു കാരണം ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകിയാകും മംഗളൂരുവിലെത്തുക. ചൊവ്വാഴ്ചകളിലും വ്യാഴാഴ്ചകളിലും പണിയുണ്ടാകില്ലെന്ന് റെയില്‍വേ അറിയിച്ചു.