കരുനാഗപ്പള്ളിക്കു സമീപം ഗുഡ്സ് പാളം തെറ്റി

180

കരുനാഗപ്പള്ളി: തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കു ചരക്കുമായി പോയ ഗുഡ്സ് ട്രെയിന്‍ കരുനാഗപ്പള്ളിക്കു സമീപം പാളം തെറ്റി ട്രെയിന്‍ ഗതാഗതം താറുമാറായി. ഇന്നലെ രാത്രി 11.50ന് കരുനാഗപ്പള്ളിക്കും ശാസ്താംകോട്ടയ്ക്കും ഇടയിലുള്ള മാരാരിത്തോട്ടത്താണ് അപകടം. കോട്ടയം ഗുഡ്സ് യാര്‍ഡിലേക്കുള്ള സാധനങ്ങളുമായി പോയ ഗുഡ്സ് ട്രെയിനിന്‍റെ 14 ബോഗികളാണ് പാളം തെറ്റിയത്. ഇതില്‍ ആറു ബോഗികള്‍ റെയില്‍വേ ലൈന് സമീപമുള്ള പുരയിടത്തിലേക്ക് തലകീഴായി മറിഞ്ഞു. കറുകുറ്റി അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ റെയില്‍വേ ലൈനുകള്‍ മാറ്റി സ്ഥാപിച്ചിടത്താണ് അപകടം ഉണ്ടായത്. 58 കിലോമീറ്റര്‍ വേഗത്തില്‍ എത്തിയ ട്രെയിന്‍ മാരാരിത്തോട്ടത്തെ വളവില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
എന്‍ജിനില്‍നിന്ന് അഞ്ചാമത്തെ ബോഗി മുതലാണ് പാളം തെറ്റിയത്. ഇതില്‍ ആറു ബോഗികള്‍ പാളത്തില്‍നിന്നു പത്തടി താഴ്ചയിലേക്കു മറിഞ്ഞു. മറിഞ്ഞ ബോഗികളുമായി ട്രെയിന്‍ മുന്നോട്ടു നീങ്ങിയതോടെ സമീപത്തെ തെങ്ങുകളും റെയില്‍വേയുടെ ഇലക്‌ട്രിക് പോസ്റ്റുകളും തകര്‍ന്നു. ഇതോടെ കൊല്ലം-കായംകുളം റെയില്‍വേ ലൈനിലെ വൈദ്യുതി ബന്ധം പൂര്‍ണമായും തകരാറിലായി. പെരിനാട്ടില്‍നിന്നു റെയില്‍വേ ലൈനിലേക്കുള്ള വൈദ്യുതി പ്രസരണം റെയിവേ ഇലക്‌ട്രിക്കല്‍ വിഭാഗം വിച്ഛേദിച്ചിട്ടുണ്ട്. അരക്കിലോമീറ്റര്‍ ഭാഗത്തെ റെയില്‍പാളം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. ബോഗികള്‍ ഉയര്‍ത്താന്‍ തിരുവനന്തപുരത്തുനിന്നും എറണാകുളത്തുനിന്നും റെയില്‍വേ റെസ്ക്യൂ ഫോഴ്സ് സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഉള്‍പ്രദേശത്ത് അപകടം നടന്നതിനാല്‍ റെയില്‍വേ അധികൃതര്‍ മാത്രമാണ് സംഭവം അറിഞ്ഞിട്ടുള്ളത്. രക്ഷപ്രവര്‍ത്തനത്തെയും ഇത് ബാധിച്ചു. എന്‍ജിന്‍ മറിയാത്തതിനാല്‍ രക്ഷപ്പെട്ട രണ്ടു ലോക്കോ പൈലറ്റുമാരാണ് വിവരം പുറത്ത് അറിയിച്ചത്. റെയില്‍വേ പോലീസും റെയില്‍ ഇന്‍സ്പെക്ടര്‍മാരും എന്‍ജിനീയര്‍മാരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നു രാവിലെയും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ട്രെയിന്‍ മറിഞ്ഞതോടെ തിരുവനന്തപുരം-എറണാകുളം റൂട്ടിലുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിലച്ചു. ഇന്നു ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്നും ചില പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കുമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്. ഇന്നു രാവിലെ ബോഗികള്‍ ക്രെയിന്‍ ഉപയോഗിച്ച്‌ ഉയര്‍ത്താനുള്ള നടപടികള്‍ ആരംഭിക്കും. ഈ ലൈനില്‍ കൂടിയുള്ള ഗതാഗതം സാധാരണ നിലയിലാകാന്‍ നാലു ദിവസം എടുക്കുമെന്ന് റെയില്‍വേ എന്‍ജിനീയര്‍മാര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY