സുരക്ഷിതവും രോഗമുക്തവുമായ തൊഴിലിടങ്ങൾ ഉറപ്പാക്കും – തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ

301

സുരക്ഷിതവും രോഗമുക്തവുമായ തൊഴിലിടങ്ങൾ ഉറപ്പാക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണൻ. വ്യവസായശാലകളിൽ നിന്നുള്ള അപകടകരമായ രാസപദാർഥങ്ങൾ സൃഷ്ടിച്ചേക്കാവുന്ന ദുരന്തങ്ങൾ നേരിടുന്നതിന് ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് തയാറാക്കിയ റിമോട്ട് സെൻസിങ് എനേബിൾഡ് ഓൺലൈൻ കെമിക്കൽ എമർജൻസി റെസ്പോൺസ് സിസ്റ്റത്തിന്റെ ധാരണാപത്രം ഒപ്പിടൽ ചടങ്ങ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിന് ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. വിഷവാതകങ്ങൾ അടക്കമുള്ള രാസപദാർഥങ്ങൾ വഴിയുള്ള വ്യാവസായിക അപകട സാധ്യതകൾ മുൻകൂട്ടി മനസ്സിലാക്കി പ്രതിരോധനടപടികൾ സ്വീകരിക്കാൻ പദ്ധതി സഹായിക്കും. ഫാക്ടറികളിൽ നിന്ന് പുറത്തെത്തുന്ന രാസപദാർഥങ്ങൾ മനുഷ്യനും പരിസ്ഥിതിക്കും ഭീഷണി ഉയർത്തും. ഇതിൽ നിന്നും തൊഴിലാളികളുടെയും ഫാക്ടറി പരിസരത്തെ ജനങ്ങളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി.

ഐഎസ്ആർഒയുടെ കീഴിലുള്ള നാഷണൽ റിമോട്ട് സെൻസിങ് സെന്ററിന്റെയും ആണവോർജവകുപ്പിന്റെയും ഇന്ദിരാഗാന്ധി സെന്റർ ഫോർ അറ്റോമിക്ക് റിസർച്ചിന്റെയും സഹകരണത്തോടെ ”റോസേർസ്”- എന്ന പേരിലാണ് ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് വഴി സർക്കാർ വ്യാവസായിക ദുരന്തനിവാരണ പദ്ധതി ഏർപ്പെടുത്തുന്നത്. ഫാക്ടറികളിലെ അപകടസാധ്യത തുടർച്ചയായി നിരീക്ഷിക്കാനും അടിയന്തരസുരക്ഷ ഒരുക്കാനും പദ്ധതി വഴി കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

അതീവ അപകടസാധ്യതയുള്ള ഫാക്ടറികൾ കൂടുതലായി ഉള്ളത് എറണാകുളം ജില്ലയിലാണ്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 40 അതീവ അപകടസാധ്യതാ ഫാക്റികളിൽ 22 എണ്ണവും എറണാകുളം ജില്ലയിലെ അമ്പലമുകൾ, ഉദ്യോഗമണ്ഡൽ, പുതുവൈപ്പ് ഐലൻഡ് മേഖലകളിലാണ് സ്ഥിതിചെയ്യുന്നത്. രാസവസ്തുക്കൾ ചോർന്നുണ്ടായേക്കാവുന്ന അപകടസാധ്യതകൾ കുറയ്ക്കുന്നതിനും അതിന്റെ പരിണതഫലങ്ങളിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം നൽകാനും പദ്ധതി എറണാകുളം ജില്ലയിലെ വ്യവസായമേഖലയോടനുബന്ധിച്ച് ആരംഭിക്കുന്നത് വഴി സാധ്യമാകും.

രാസദുരന്തങ്ങൾ സംഭവിക്കുന്നതിനു മുമ്പുതന്നെ പ്രശ്നബാധിതപ്രദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകി പ്രദേശങ്ങളുടെ നിയന്ത്രണമേറ്റെടുത്ത് അടിയന്തര രക്ഷാപ്രവർത്തനത്തിന് വിദഗ്ധരെ പ്രാപ്തരാക്കുകയും ചെയ്യാം. ഇതിനാലാണ് റിമോട്ട് സെൻസിങ് എനേബിൾഡ് ഓൺലൈൻ കെമിക്കൽ എമർജൻസി റെസ്പോൺസ് സിസ്റ്റം പദ്ധതി കാക്കനാട് പ്രവർത്തനമാരംഭിക്കുന്നത്. മൂന്നു വർഷത്തിനുള്ളിൽ പദ്ധതിയുടെ പ്രയോജനം സംസ്ഥാനം മുഴുവൻ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

നിലവിലുള്ള സ്ഥാപനങ്ങളെക്കുറിച്ച് വിശദമായ വിവരങ്ങൾ ഫാക്ടറീസ് ആന്റ് ബോയ്ലേഴ്സ് വകുപ്പ് ലഭ്യമാക്കും. അതോടൊപ്പം നൂതന ഉപകരണങ്ങളും സെൻസറുകളും സ്ഥാപിച്ച് തത്സമയ വിവരങ്ങൾ ശേഖരിച്ച് വിശകലനം ചെയ്യും. അടിയന്തരഘട്ടങ്ങളിൽ മൊബൈൽ ആപ്ലിക്കേഷൻ വഴിയും അല്ലാതെയും ജാഗ്രതാനിർദ്ദേശം നൽകാനും വിവിധ വകുപ്പുകളുടെയും മാധ്യമങ്ങളുടെയും മറ്റും സഹകരണത്തോടെ വ്യാവസായികദുരന്തങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനും കഴിയും.

തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ആഷാ തോമസ് മുഖ്യപ്രഭാഷണം നടത്തി. പദ്ധതിയുടെ ധാരണാപത്രം ഇന്ദിരാഗാന്ധി അറ്റോമിക്ക് റിസർച്ച് സെന്റർ എച്ച്എസ്ഇ ഡയറക്ടർ ബി.വെങ്കട്ട് രാമൻ, നാഷണൽ റിമോട്ട് സെൻസിങ് സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വിനോദ് എം.ബോത്തലെ , ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് ഡയറക്ടർ പി.പ്രമോദ് എന്നിവർ മന്ത്രിയുടെ സാന്നിധ്യത്തിൽ ധാരണാപത്രം ഒപ്പിട്ടു.
റോസേഴ്സ് നോഡൽ ഓഫീസർ എം.റ്റി.റജി വിഷയാവതരണം നടത്തി. പ്രോഡയർ എയർ പ്രൊഡക്റ്റ്സ് സീനിയർ വൈസ് പ്രസിഡന്റ് റിച്ചാർഡ് ബുക്കോക്ക്, ബിപിസിഎൽ, കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ പ്രസാദ് കെ.പണിക്കർ, ഫാക്റ്ററീസ് ആന്റ് ബോയിലേഴ്സ് ജോയിന്റ് ഡയറക്ടർ കെ.ജയചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.

NO COMMENTS