ഇന്ത്യയിലെത്തുന്ന വിദേശ ടൂറിസ്റ്റുകള്‍ ചെറിയ പാവാട ധരിക്കരുതെന്ന് കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ

251

ന്യൂഡല്‍ഹി: ഇന്ത്യയിലെത്തുന്ന വിദേശ ടൂറിസ്റ്റുകള്‍ ചെറിയ പാവാട ധരിക്കരുതെന്ന് കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ. ഇന്ത്യയിലെത്തിയാല്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യമുള്ളത്.
ഇക്കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് വിമാനമിറങ്ങുന്ന വിദേശികള്‍ക്ക് വിമാനത്താവളത്തില്‍ വെച്ചുതന്നെ ഒരു ലഘുലേഖ നല്‍കും. ഇതില്‍ ഉള്‍പ്പെടുത്തുന്ന കാര്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യയില്‍ ചെറിയ പാവാട ധരിക്കരുതെന്ന് വിദേശികളായ വിനോദസഞ്ചാരികളോട് നിര്‍ദ്ദേശിച്ചിക്കുന്നത്.
ഇന്ത്യയിലെ ചെറു പട്ടണങ്ങളില്‍ രാത്രിയില്‍ ഒറ്റയ്ക്ക് ചുറ്റിത്തിരിയരുതെന്നും വിദേശികളോട് നിര്‍ദ്ദേശിക്കുന്നുണ്ട്.

വാടകയ്ക്ക് വിളിക്കുന്ന ടാക്സിയുടെ രജിസ്ട്രേഷന്‍ നമ്ബര്‍ അടക്കമുള്ള ചിത്രമെടുത്ത് സുഹൃത്തിന് അയക്കണമെന്നുള്ള നിര്‍ദ്ദേശവും ലെഘുലേഖയില്‍ ഉണ്ടെന്ന് മന്ത്രി മഹേഷ് ശര്‍മ പറഞ്ഞു.
ഇന്ത്യ ഒരു സവിശേഷ സംസ്കാരമുള്ള രാജ്യമാണ്. അമ്ബലങ്ങളില്‍ പ്രത്യേക തരത്തിലുള്ള വസ്ത്രം ധരിച്ചേ പ്രവേശിക്കാവൂ എന്ന് നിബന്ധനകളുണ്ട്. ഇക്കാര്യം പരിഗണിച്ചേ വസ്ത്രം ധരിക്കാവൂ എന്നും മന്ത്രി വ്യക്തമാക്കി.
വിദേശികളോട് എന്ത് ധരിക്കണമെന്നോ, ധരിക്കരുതെന്നോ പറയുകയല്ല, സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന കാര്യത്തില്‍ ശ്രദ്ധവെക്കണമെന്ന് നിര്‍ദ്ദേശിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.