ഇന്ന് ലോക ലഹരി വിരുദ്ധ ദിനം

21

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം.വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ആഗോള സമൂഹ ത്തിൽ ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ദിനം. ആധുനിക സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. അതിന് ശേഷം ഒട്ടേറെ ലഹരി വിരുദ്ധ ദിനങ്ങൾ കടന്നു പോയെങ്കിലും രാജ്യാതിർത്തികൾക്കും, മത വിശ്വാസങ്ങൾ ക്കുമപ്പുറം ലോക വ്യാപകമായി ഇവയുണർ ത്തുന്ന അപകടങ്ങളെ തരണം ചെയ്യാൻ നമുക്കിനിയും ആയിട്ടില്ല.

ലഹരിമരുന്നുകളുടെ കെണിയിൽ പലപ്പോഴും അകപ്പെടുന്നതു കുട്ടികളാണ്. ജീവിതം തന്നെ വഴിതെറ്റിക്കുന്ന ഈ വസ്തുക്കളെക്കുറിച്ചു കുട്ടികൾക്കു വേണ്ടത്ര അറിവില്ലെന്നതാണു വാസ്തവം. ഉണ്ടായിരുന്നെങ്കിൽ പലരും ദുർഗതിയിൽ പെടില്ലായിരുന്നു. കേവലം കൗതുകത്തിനായി പലരും ആരംഭിക്കുന്ന ഈ ദുഃശീലം കാട്ടുതീയേക്കാൾ വേഗത്തിൽ വളർന്നു സമൂഹത്തെ കീഴ്പ്പെടുത്തുകയാണ്. ഒരിക്കലും തിരിച്ചു കയറാൻ പറ്റാത്ത, മഹാഗർത്തത്തി ലേക്കാണ് ലഹരിയുടെ ഉപയോക്താക്കൾ പതിക്കുന്നത്.

ആഗോള വ്യാപകമായി ലഹരിക്കെതിരായ പ്രതിഷേധ സമരങ്ങളും ജനകീയ മുന്നേറ്റങ്ങളും വർധിച്ചു വരുമ്പോഴും ജനങ്ങൾക്കിടയിലുള്ള ലഹരിയുടെ സ്വാധീനം അതിനാനുപാദികമായി വളരുവെന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്. ജാതി, മത, പ്രായ ഭേദമന്യെ ലഹരിയൊരു ക്കുന്ന അപകടച്ചുഴികളിൽ പതിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന ഈ വർധനവാകും വരും കാലത്ത് മാനവരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നത് സുവ്യക്തം. പുതിയ രൂപങ്ങളിലും ഭാവങ്ങളിലും പടർന്നു പന്തലിക്കുന്ന ലഹരിയുടെ ഈ കരാളഹസ്തങ്ങൾക്ക് കൈയാമമിടുകയെന്ന ശ്രമകരമായ ദൗത്യത്തേക്കുറിച്ചുള്ള ഓർമപ്പെടുത്തൽ കൂടിയാകുന്നു ഈ ലഹരി വിരുദ്ധ ദിനവും. ശരിയായ അവബോധത്തിലൂടെ മാത്രമേ കരപറ്റാനാകൂ. കൂട്ടായ യത്നം ഇതിന് അനിവാര്യമാണ്.

ലഹരിയുടെ രൂപഭാവങ്ങൾ ഇന്ന് വ്യത്യസ്തമാണ്.

പണ്ടൊക്കെ മദ്യവും, പുകയിലയും, ഏറി വന്നാൽ കറുപ്പോ, കഞ്ചാവോ വരെ മാത്രം എത്തിനിന്നിരുന്ന ലഹരി ഇന്ന് ഏതൊക്കെ രൂപഭാവങ്ങളിൽ നമ്മുടെ തലമുറകളെ കീഴടക്കി അധഃപ്പതനത്തിലേക്കു നയിക്കുന്നു എന്നത് വിചിത്രവും, ഞെട്ടിക്കുന്നതുമായ വസ്തുതയാണ്.

ഒറ്റത്തവണ ഉപയോഗിച്ചാൽപ്പോലും സമ്പൂർണ്ണ അടിമത്തമുണ്ടാകുന്ന ബ്രൗൺ ഷുഗർ പോലെയുള്ള മയക്കുമരുന്നുകളുടെ ഉപയോഗവും, വിപണനവും ഇന്നു വ്യാപകമാണ്. വല്ലപ്പോഴുമുണ്ടാകുന്ന പൊലീസ് റെയ്‌ഡുകളിൽ പുറം ലോകം അറിയുന്നതിന്റെ എത്രയോ ഇരട്ടി ഇവ വിപണിയിൽ വിറ്റഴിക്കപ്പെടുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.

പുകയിലയുടെ ഉപോൽപ്പന്നങ്ങളായ ഗുട്ഖയും, പാൻ മസാലകളും കൂടാതെ കറുപ്പു കലർന്ന പുകയില വരെ ഇന്ന് വ്യാപകമായി ചിലവഴിക്കപ്പെടുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.

ഇന്നു പിടികൂടപ്പെടുന്ന മിക്ക കുറ്റവാളികളിലും ഒന്നിലധികം ലഹരിവസ്തുക്കളുടെ ഉപയോഗം തെളിയിക്കപ്പെട്ടതാണ്. എന്നാൽ ആ വഴിക്കുള്ള പഠനങ്ങളോ, ഗവേഷണങ്ങളോ, ഇവയെ ക്രിയാത്മകമായി നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങളോ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്നതാണ് വസ്തുത.

ഗുരുതരമായ മനോരോഗങ്ങൾക്കു നൽകുന്ന ഔഷധങ്ങൾ പോലും ലഹരിക്കു വേണ്ടി വിറ്റഴിക്കപ്പെടുന്നു. ഡോക്ടറുടെ തീയതിയും, സീലും പതിച്ച കുറിപ്പടി പ്രകാരമല്ലാതെ വിൽക്കാൻ പാടില്ലാത്ത ഇത്തരം മരുന്നുകൾ പോലും പ്രതിബദ്ധതയില്ലാത്ത മെഡിക്കൽ സ്റ്റോർ ഉടമകൾ ഒരു മാനദണ്ഡവും പാലിക്കാതെ ആവശ്യക്കാർക്കു നൽകുന്നു. ഈ മരുന്നുകൾ മദ്യവുമായി ചേരുമ്പോഴുണ്ടാകുന്ന പ്രത്യാഘാതം ഗുരുതരമാണ്. മാനസികവ്യാപാരങ്ങളെയും, മൃദുലവികാരങ്ങളെയുമെല്ലാം മരവിപ്പിച്ചു കളയുന്ന ഇത്തരം രാസക്കൂട്ടുകൾ ക്രൂരമായ എന്തു പ്രവർത്തിയും ചെയ്യാൻ മടിയില്ലാത്ത വരാക്കി ഉപയോക്താക്കളെ മാറ്റുന്നുണ്ട്.

മണമോ, മറ്റു ബാഹ്യപ്രകൃതമോ കൊണ്ട് തിരിച്ചറിയാൻ കഴിയാത്തതിനാൽ നർക്കോട്ടിക് സ്വഭാവമുള്ള ഔഷധങ്ങൾ കുട്ടിക്കുറ്റവാളി കൾക്കും പ്രിയങ്കരമാകുകയാണ്. സ്വഭാവത്തിലുണ്ടാകുന്ന ഗുരുതരമായ വൈകല്യങ്ങളെക്കൂടാതെ, കിഡ്നി, കരൾ, ഹൃദയം തുടങ്ങിയ ആന്തരികാവയവങ്ങൾ ക്കുണ്ടാകുന്ന മാരകമായ കേടുപാടുകളും യുവതലമുറയെ നിത്യ നാശത്തിലേയ്ക്കു തള്ളി വിടുന്നു.

സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ സംഘം ചേർന്നു കഞ്ചാവു വലിക്കാനും മറ്റും വീടുകളും, ഫ്ലാറ്റുകളും കേന്ദ്രീകരിച്ച് യുവാക്കൾ സംഘടിക്കുന്നതും വാർത്തയായിരുന്നു. കച്ചവടക്കാരും ഇത്തരം കേന്ദ്രങ്ങൾ തങ്ങളുടെ കസ്റ്റമർമാർക്കായി ഒരുക്കിക്കൊടുക്കുന്നു. ലഹരിയുടെ ഉപയോഗം മാത്രമല്ല, അനാശാസ്യത്തിനും, പീഡനങ്ങൾക്കും വരെ ഇത്തരം കേന്ദ്രങ്ങൾ കാരണമാകുന്നു എന്നത് ഗുരുതരമായ പ്രശ്നമാണ്.

കേരളത്തിൽ മദ്യനിരോധനം വന്നുവെന്ന് അവകാശപ്പെടുമ്പൊഴും, നിലവിലെ ബിയർ പാർലറുകൾ പണ്ടുണ്ടായിരുന്നതിലേറെ അപകടമാണ് വരുത്തുന്നതെന്നതാണ് വാസ്തവം. ബാറുകളിൽ മദ്യം നിരോധിച്ച തോടെ, പണ്ടുണ്ടായിരുന്നതിന്റെ പല മടങ്ങ് വീര്യമുള്ള ബിയറുകളാണ് ഇവിടങ്ങളിൽ വിതരണം ചെയ്യുന്നതെന്ന് വ്യാപകമായി അഭിപ്രായമുണ്ട്. ഒരു ബോട്ടിൽ ബിയറിൽ ശരാശരി 5 മുതൽ 8 ശതമാനം വരെ ആൾക്കഹോൾ സാന്നിദ്ധ്യം രേഖപ്പെടുത്തി യിരിക്കുമ്പൊഴും, അതു പകരുന്ന ലഹരി രേഖപ്പെടുത്തിയിരിക്കുന്നതിലും പല മടങ്ങ് കൂടുതലാണെന്ന് പലരും അഭിപ്രായപ്പെടുന്നു. ഈ വ്യത്യാസം ബാറുകളിൽ മദ്യം നിരോധിച്ചതിനു ശേഷമാണെന്നും പറയപ്പെടുന്നു. ഈ വിഷയം അധികൃതർ ഗൗരവമായി അന്വേഷിക്കേണ്ടതാണ്.

ഇന്നത്തെ യുവതലമുറയിൽ കടന്നു കൂടിയിരിക്കുന്ന മറ്റൊരു മാരകമായ മയക്കുമരുന്നാണ് എൽ.എസ്.ഡി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ലൈസർജിക് ആസിഡ് ഡൈ ഈതൈലമൈഡ്. ചിന്താതലത്തിൽ അസ്വാഭാവികമായ വ്യതിയാനങ്ങൾ ഉണ്ടാക്കുന്ന ഈ രാസവസ്തു അളവൊരൽപ്പം കൂടിയാൽ മരണം വരെ സംഭവിക്കാൻ സാദ്ധ്യതയുണ്ട്.

നിരോധിക്കപ്പെട്ട ലഹരിപദാർത്ഥങ്ങൾ ഏതാണ്ടെല്ലാം തന്നെ ഇന്ന് സംസ്ഥാനത്തുടനീളം ലഭ്യമാണെന്നതാണ് വസ്തുത. രണ്ടും മൂന്നും രൂപ വിലയുണ്ടായിരുന്നിടത്ത് പല മടങ്ങു കൂടുതൽ നൽകണമെന്ന വ്യത്യാസം മാത്രം. ഇതിനു പുറമേയാണ്, കഞ്ചാവും, കൊക്കെയിനും, ഹാഷിഷും, ബ്രൗൺ ഷുഗറും, എൽ.എസ്.ഡി തുടങ്ങിയ മാരക രാസവസ്തുക്കളും വിപണി കയ്യടക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികളുടെ വ്യാപനം സംസ്ഥാനത്തു വർദ്ധിച്ച സാഹചര്യത്തിൽ, ഇത്തരം, ലഹരിവസ്തുക്കളുടെ വിപണനവും, ഉപയോഗവും സംസ്ഥാനത്ത് വളരെ വർദ്ധിച്ചിട്ടുണ്ട്.

ഇവ കൂടുതലും സംസ്ഥാനത്തെ യുവത്വങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നത് വിഷയത്തിന്റെ ഗൗരവം വളരെ വർദ്ധിപ്പിക്കുന്നു. സ്കൂളുകളും, കോളേജുകളും കേന്ദ്രീകരിച്ച് ഈ ലഹരിവസ്തുക്കളുടെ വിപണന ശൃംഖല തന്നെയുണ്ടെന്നതാണ് പുറത്തു വരുന്ന പല വാർത്തകളും വെളിവാക്കുന്നത്. സാമ്പത്തികമായും, സാമൂഹികമായും, വിദ്യാഭ്യാസപരമായുമൊക്കെ വികസിച്ചു കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിൽ ഇത്തരം ലഹരിവസ്തുക്കൾ ഉണ്ടാക്കുന്ന പ്രഹരം വളരെ വലുതാണ്. ഇത് പിന്നോട്ടടിക്കുന്നത് സമൂഹത്തിന്റെ ശുഭകരമായ ഒരു ഭാവിയെക്കൂടിയാണ്.

കേവലം ഒരു ആചരണത്തിനപ്പുറം, ക്രിയാത്മകമായ പദ്ധതികളും, ബോധവത്കരണങ്ങളും ആവിഷ്കരിച്ച് ലഹരിയുടെ വ്യാപനം തടയാൻ അനുബന്ധ സർക്കാർ വകുപ്പുകളും, സന്നദ്ധ സംഘടനകളും, നാം സ്വയം തന്നെയും തയ്യാറാവേണ്ടതുണ്ട്. കേവലം ഒരു വാർഷിക ആചരണപദ്ധതിയെന്നതിലുപരി, ലഹരി സമൂഹത്തിൽ നിന്നും ഉന്മൂലനം ചെയ്യുക എന്നത് നാമോരോരുത്തരുടെയും പൗരധർമ്മമായി കരുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

NO COMMENTS