ടൈറ്റാനിയം: തർക്കം തീർന്നു, മാലിന്യം 26ന് നീക്കും

183

തിരുവനന്തപുരം :ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറിയിലെ എണ്ണ ചോർച്ചയുമായി ബന്ധപ്പെട്ടുണ്ടായ മാലിന്യം നീക്കുന്നതിനെച്ചൊല്ലി പ്രദേശവാസികളും കമ്പനിയും തമ്മിലുണ്ടായ തർക്കം പരിഹരിച്ചു. ഫാക്ടറിയിൽനിന്നു ഫർണസ് ഓയിൽ ചോർന്നു കടലിലേക്ക് ഒഴുകിയ ഓടയിലെ മാലിന്യം ഇന്നു(ഫെബ്രുവരി 26) പൂർണമായി നീക്കംചെയ്യും. ഈ ഓട നാട്ടുകാർ മണ്ണിട്ട് അടച്ചതിനെത്തുടർന്നു കമ്പനിക്കുള്ളിൽനിന്ന് എണ്ണയും മാലിന്യം കലർന്ന മണ്ണും നീക്കാൻ കഴിഞ്ഞിരുന്നില്ല. മാലിന്യ നീക്കം പൂർണമാകാതിരുന്നതിനാൽ മലിനീകരണ നിയന്ത്രണ ബോർഡ് കമ്പനിക്കു നൽകിയിരുന്ന സ്റ്റോപ്പ് മെമ്മോ പിൻവലിക്കാതിരുന്നതിനെ ത്തുടർന്നു കമ്പനിയുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്.

ഫെബ്രുവരി പത്തിനു പുലർച്ചെയാണു ട്രാവൻകൂർ ടൈറ്റാനിയത്തിലെ ഫർണസ് പൈപ്പ് തകർന്നു ഫർണസ് ഓയിൽ കടലിലേക്ക് ഒഴുകിയത്. ഇതേത്തുടർന്നു പ്രദേശത്തെ തീരക്കടലിലും കരയിലും എണ്ണ പടർന്നു. തുടർന്നു മലിനീകരണ നിയന്ത്രണ ബോർഡും ജില്ലാ ഭരണകൂടവും നടത്തിയ പരിശോധനയിൽ എണ്ണ കലർന്ന മണ്ണ് പ്രദേശത്തുനിന്നു നീക്കംചെയ്ത് എണ്ണ നിർവീര്യമാക്കുന്നതിനു കമ്പനിക്കു നിർദേശം നൽകി. മാലിന്യ നീക്കം പൂർത്തിയാകുന്നതുവരെ മലിനീകരണ നിയന്ത്രണ ബോർഡ് സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തു. എന്നാൽ, കടലിലേക്ക് എണ്ണ ഒഴുകിയ ഓട നാട്ടുകാർ അടച്ചതിനെത്തുടർന്നു കമ്പനിക്ക് മാലിന്യനീക്കം പൂർത്തിയക്കാനായില്ല. സ്റ്റോപ്പ് മെമ്മോ നിലനിൽക്കുന്നതിനാൽ കമ്പനിയുടെ പ്രവർത്തനവും നിലച്ചു. പ്രശ്ന പരിഹാരത്തിനായാണ് ഇന്നലെ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജി.കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ യോഗം ചേർന്നത്.

ഓടയിൽനിന്ന് എണ്ണ നീക്കം ചെയ്യുന്ന പ്രവർത്തനം തടസപ്പെടുത്തില്ലെന്ന് യോഗത്തിൽ പ്രദേശ വാസികളുടെ പ്രതിനിധികൾ ഉറപ്പുനൽകി. എണ്ണ കടലിലേക്ക് ഒഴുകിയതിനെത്തുടർന്നു സമീപത്തെ ചില പ്രദേശങ്ങളിൽ രണ്ടു ദിവസം മത്സ്യബന്ധന നിരോധനം ഏർപ്പെടുത്തിയുരുന്നു. ഇതു മൂലം മത്സ്യത്തൊഴിലാളികൾക്കു രണ്ടു ദിവസമുണ്ടായ തൊഴിൽ നഷ്ടത്തിനുള്ള പരിഹാരം നൽകാമെന്നു കമ്പനി യോഗത്തിൽ അറിയിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറും വില്ലേജ് ഓഫിസറും ചേർന്ന് ഒരാഴ്ചയ്ക്കകം ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയാറാക്കും.

ഫാക്ടറിയിൽനിന്നുള്ള മാലിന്യനീക്കം, സംസ്‌കരണം തുടങ്ങിയവ പൂർണമായും കമ്പനിക്കുള്ളിൽത്തന്നെ ചെയ്യുന്നതിനുള്ള സംവിധാനമൊരുക്കുമെന്നു കമ്പനി അധികൃതർ യോഗത്തിൽ ഉറപ്പുനൽകി. കമ്പനിയിൽ തദ്ദേശീയരായവർക്കു തൊഴിൽ നൽകുന്നതിൽ മുൻഗണന നൽകണമെന്ന ആവശ്യം സർക്കാരിന്റെ പരിഗണനയ്ക്കു വിടും. കമ്പനിയുടെ പ്രവർത്തനം മൂലം പ്രദേശത്തെ കിണറുകളിൽ മാലിന്യ പ്രശ്നമുണ്ടായിട്ടുണ്ടെങ്കിൽ അത്തരം വീടുകളിൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്പനിയുടെ നേതൃത്വത്തിൽ കുടിവെള്ളമെത്തിക്കുമെന്നും അധികൃതർ യോഗത്തിൽ അറിയിച്ചു.

കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ വെട്ടുകാട് വാർഡ് കൗൺസിലർ സാബു ജോസ്, എ.സി.പി. കെ. സദൻ, തഹസിൽദാർ കെ. സുരേഷ്, ഫാ. ജോർജ് ഗോമസ്, ഫാ. പോൾ ജി., ഫാ. ഫെർണാഡ്, പ്രദേശവാസികളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS