ലോക്‌സഭാ മണ്ഡലത്തിലെ ഒരു പോളിംഗ് ബൂത്തിലെ വിവിപാറ്റ് മെഷീനിലെ വോട്ടിംഗ് സ്‌ളിപ്പുകൾ എണ്ണുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ.

204

ഇ. വി. എം, വിവിപാറ്റ് ബോധവത്കരണം നടത്തി, ഒരു പോളിംഗ് ബൂത്തിലെ വിവിപാറ്റ് സ്ളിപ്പുകൾ എണ്ണും.

തിരുവനന്തപുരം : ലോക്‌സഭാ മണ്ഡലത്തിലെ ഒരു പോളിംഗ് ബൂത്തിലെ വിവിപാറ്റ് മെഷീനിലെ വോട്ടിംഗ് സ്‌ളിപ്പുകൾ എണ്ണുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. കൺട്രോൾ യൂണിറ്റിലെ കണക്കും സ്ളിപ്പുകളുടെ എണ്ണവും ഒന്നാണോയെന്ന് പരിശോധിക്കുന്നതിനാണ് ഇത്. റിട്ടേണിംഗ് ഓഫീസർ നറുക്കെടുപ്പിലൂടെയാണ് ഇതിനുള്ള പോളിംഗ്ബൂത്ത് കണ്ടെത്തുകയെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർക്കായി നടത്തിയ ഇ. വി. എം, വിവിപാറ്റ് ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ.

ഒരു ബൂത്തിൽ 1400 വോട്ടർമാരാണുണ്ടാവുക. വിവിപാറ്റ് ഏർപ്പെടുത്തിയതോടെ ഒരാൾക്ക് വോട്ട് ചെയ്യുന്നതിന് 12 സെക്കന്റ് വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. വിവിപാറ്റ് മെഷീനിൽ വോട്ട് ചെയ്തതിന്റെ വിവരം ഏഴു സെക്കന്റ് കാണാനാവും. ഇതുസംബന്ധിച്ച് പരാതിയുണ്ടെങ്കിൽ പ്രിസൈഡിംഗ് ഓഫീസറെ അറിയിച്ചാൽ ടെസ്റ്റ് വോട്ട് ചെയ്യാനാവും. എന്നാൽ ആരോപണം തെറ്റാണെന്ന് തെളിഞ്ഞാൽ ആറു മാസം തടവും ആയിരം രൂപ പിഴയും രണ്ടും കൂടിയും ലഭിക്കും.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിപുലമായ ബോധവത്ക്കരണം തിരഞ്ഞെടുപ്പ് വിഭാഗം നടത്തും. ഒരു മിനിട്ടിന്റെ വീഡിയോ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. നൂതനമായ കൂടുതൽ പ്രചാരണ പരിപാടികൾ വരും ദിവസങ്ങളിൽ നടപ്പാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. ഇ. വി. എമ്മും വിവിപാറ്റും ഉപയോഗിക്കുന്ന വിധം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും സംസ്ഥാതല തിരഞ്ഞെടുപ്പ് മാസ്റ്റർ ട്രെയിനർ ഷാനവാസ് ഖാനും വിശദീകരിച്ചു. ഇ. വി. എമ്മുകളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങളും വിശദീകരിച്ചു. മാധ്യമപ്രതിനിധികൾ വോട്ട് രേഖപ്പെടുത്തി ബോധവത്കരണ പരിപാടിയിൽ പങ്കാളികളായി. ജോ. ചീഫ് ഇലക്ടറൽ ഓഫീസർ കെ. ജീവൻബാബു, ഡെപ്യുട്ടി സി.ഇ.ഒ സുരേന്ദ്രൻ പിള്ള ബി. എന്നിവർ സന്നിഹിതരായിരുന്നു.

NO COMMENTS