ബലാത്സംഗ കേസില്‍ ഇരയെ വിവാഹം കഴിച്ചാല്‍ കുറ്റവാളിക്ക് രക്ഷപ്പെടാം ; തുര്‍ക്കിയില്‍ പുതിയ നിയമം

147

ഇസ്താംബൂള്‍: ബലാത്സംഗ കേസില്‍ ഇരയെ വിവാഹം കഴിച്ചാല്‍ കുറ്റവാളിക്ക് രക്ഷപ്പെടാമെന്ന രീതിയില്‍ തയ്യാറാക്കിയ പുതിയ നിയമം തുര്‍ക്കിയില്‍ വിവാദം സൃഷ്ടിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാന്‍ പരസ്യമായി അനുവദിക്കുന്ന നിയമമെന്ന വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. നിര്‍ബ്ബന്ധിതമായോ ഭീഷണിപ്പെടുത്തിയോ ഇംഗിതത്തിന് വിധേയമാക്കിയാല്‍ ഇരയെ വിവാഹം കഴിച്ചാല്‍ മാപ്പ് നല്‍കുന്ന ബില്ലിന് പ്രാഥമികമായി എംപിമാര്‍ അംഗീകാരം നല്‍കി. ബുധനാഴ്ച ബില്‍ വോട്ടെടുപ്പിനിടും. ബലാത്സംഗവും, ബാലവിവാഹവും കൂട്ടുന്ന നിയമമെന്നും പുരുഷന്മാരെ മനപ്പൂര്‍വ്വം പ്രേരിപ്പിക്കുന്ന ബില്ലെന്നുമാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍കൂടിയിരിക്കെയാണ് ബലാത്സംഗത്തിന് നിയമപരിരക്ഷ കൂടി നല്‍കാന്‍ ആലോചിക്കുന്നത്. തുര്‍ക്കിയില്‍ 40 ശതമാനം സ്ത്രീകളും ബലാത്സംഗത്തിനോ കയ്യേറ്റത്തിനോ ഇരയാകുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. 2003 നും 2010 നും ഇടയില്‍ സ്ത്രീകള്‍ക്കെതിരേയുള്ള കൊലപാതകം 1,400 ശതമാനം വര്‍ദ്ധനവും ഉണ്ടായിട്ടുണ്ട്. വ്യാഴാഴ്ച ബില്ലിന് തയ്യിപ്പ് എര്‍ഡോഗന്‍റെ പാര്‍ട്ടി എംപിമാര്‍ പ്രാഥമികാംഗീകാരം നല്‍കി. ഇത് ചൊവ്വാഴ്ച രണ്ടാം വട്ട ചര്‍ച്ചയ്ക്ക് ശേഷം ബുധനാഴ്ച വോട്ടിനിടും. ബില്ലിനെതിരേ വന്‍ പ്രതിഷേധം ഉയര്‍ന്നിരിക്കെ ഇത് ബലാത്സംഗത്തിന് നിയമ പരിരക്ഷ നല്‍കുകയല്ല മറിച്ച്‌ ഇരകള്‍ക്ക് പുനരധിവാസത്തിന് സഹായകരമാകുന്ന നിയമമാണെന്നാണ് സര്‍ക്കാരിന്‍റെ ന്യായവാദം. ഇത് 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അക്രമം കുറയ്ക്കാനും കാരണമാകുമെന്നും പറഞ്ഞു.തുര്‍ക്കിയിലെ ദരിദ്രമേഖലയില്‍ ചെറു പ്രായത്തില്‍ തന്നെ പെണ്‍കുട്ടികള്‍ വിവാഹം കഴിക്കുന്നതും ലൈംഗിക ചൂഷണത്തിന് വിധേയമാകുകയും കൂടുതലാണ്. സംഗതി വന്‍ വിവാദത്തിന് ഇരയാകുകയാണ്. നിയമം വരുന്നതോടെ 18 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ 3,000 കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനാകും. അതിനിടെ ചൊവ്വാഴ്ച രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വന്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ് പ്രതിപക്ഷ കക്ഷികള്‍.