ക്യാമ്പസ് അക്രമങ്ങളുടെ പേരില്‍ വികാരം കൊള്ളുന്നവർ കെഎസ്‌യു നേതാവ് ബഷീറിനെ മറക്കരുത്

166

തിരുവനന്തപുരം : കെഎസ്‌യുക്കാര്‍ അടിച്ചുകൊന്ന സ്വന്തം നേതാവ്‌ പുതിയവീട്ടില്‍ ബഷീറിനെ ക്യാമ്പസ് അക്രമങ്ങളുടെ പേരില്‍ ഇന്ന് വികാരം കൊള്ളുന്നവർ മറക്കരുത‌്. മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്‌എസ്‌ കോളേജിലെ കെഎസ്‌യു നേതാവും മാഗസിന്‍ എഡിറ്ററുമായിരുന്ന ചാവശേരി ഇരുപത്തിയൊന്നാംമൈലിലെ പുതിയവീട്ടില്‍ ബഷീറിനെ ഗ്രൂപ്പ്‌ വഴക്കിന്റെയും ഫണ്ട്‌ വീതം വയ്‌പ്പിന്റെയും ഭാഗമായാണ്‌ കെഎസ്‌യുക്കാര്‍ അടിച്ചുകൊന്നത്‌. യൂണിയന്‍ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള കെഎസ്‌യു നേതാക്കളായിരുന്നു പ്രതികള്‍.

1990 മാര്‍ച്ച്‌ ആറിന്‌ കോളേജ്‌ കാന്റീനുസമീപമായിരുന്നു ആക്രമണം. ബഷീറിനോട്‌ കെഎസ്‌യുവിലെ ഒരുവിഭാഗത്തിന്‌ വൈരാഗ്യമുണ്ടായിരുന്നു. മാഗസിന്‍ എഡിറ്റോറിയല്‍ ബോര്‍ഡ്‌ മെമ്ബര്‍മാരുടെ നാമനിര്‍ദേശവുമായി ബന്ധപ്പെട്ട തര്‍ക്കമാണ‌് കൊലപാതകത്തില്‍ കലാശിച്ചത‌്. ബഷീര്‍ നാമനിര്‍ദേശം ചെയ്യാന്‍ തീരുമാനിച്ചവര്‍ക്കെതിരെ എതിര്‍ ഗ്രൂപ്പ്‌ രംഗത്തെത്തി. യൂണിയന്‍ ഫണ്ട്‌ വിനിയോഗിച്ചതിനെക്കുറിച്ചും തര്‍ക്കമുണ്ടായി. തുടര്‍ന്ന‌് യൂണിയന്‍ ജനറല്‍ സെക്രട്ടറി മുരളീധരന്റെ നേതൃത്വത്തിലുള്ള കെഎസ്‌യു നേതാക്കാള്‍ ബഷീറിനെ ആക്രമിച്ചു. വിദ്യാര്‍ഥികള്‍ നോക്കി നില്‍ക്കേയായിരുന്നു ആക്രമണം.

കാന്റീനിലെ വിറകുകൊള്ളി കൊണ്ടുള്ള അടിയേറ്റ‌് ബഷീറിന്റെ സുഷുമ‌്ന നാഡിക്കും തലച്ചോറിനും ക്ഷതമേറ്റു. തലതകര്‍ന്ന്‌ ബോധമറ്റ്‌ വീണ സഹപ്രവര്‍ത്തകനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും കെഎസ്‌യുക്കാര്‍ തയ്യാറായില്ല. ഒടുവില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരാണ്‌ ബഷീറിനെ ആശുപത്രിയിലെത്തിച്ചത്‌. കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലായിരുന്നു അന്ത്യം.

യൂണിയന്‍ ജനറല്‍ സെക്രട്ടറി മുരളീധരന്‍, ബിജു, അംബുജാക്ഷന്‍, വത്സന്‍, പുരുഷോത്തമന്‍, മാത്യു തുടങ്ങിയ കെഎസ‌് യു നേതാക്കളായിരുന്നു പ്രതികള്‍. 100 സാക്ഷികളും 101 രേഖകളുമുണ്ടായിരുന്ന കേസില്‍. മുഴുവന്‍ പ്രതികളെയും തലശേരി സെഷന്‍സ്‌ കോടതി ശിക്ഷിച്ചു.

NO COMMENTS