ജനങ്ങളുടെ കയ്യില്‍ മഷി പുരട്ടുന്നതിനു പകരം എ.ടി.എമ്മുകളില്‍ രൂപ നിറയ്ക്കുകയാണ് വേണ്ടതെന്ന് ഡോ. തോമസ് ഐസക്ക്

160

തിരുവനന്തപുരം: ജനങ്ങളുടെ കയ്യില്‍ മഷി പുരട്ടുന്നതിനു പകരം എ.ടി.എമ്മുകളില്‍ രൂപ നിറയ്ക്കുകയാണ് വേണ്ടതെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. പണം പിന്‍വലിക്കുന്നവരുടെ കയ്യില്‍ മഷി പുരട്ടാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനം അബദ്ധമാണ്. കേന്ദ്രം അബദ്ധങ്ങളില്‍ നിന്ന് അബദ്ധത്തിലേക്കാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ അനുഭവിക്കുന്ന പ്രതിസന്ധിക്ക് എങ്ങനെ പരിഹാരം കാണുമെന്നല്ല കേന്ദ്രം ചിന്തിക്കുന്നത്. മറിച്ച്‌ എങ്ങനെ ജനങ്ങളെ കൂടുതല്‍ കഷ്ടപ്പെടുത്താമെന്നാണ് കേന്ദ്രത്തിന്‍റെ ചിന്ത. ബാങ്കുകളിലും എ.ടി.എമ്മുകളിലും കള്ളപ്പണക്കാര്‍ നല്‍കിയ പണവുമായിട്ടാണ് സാധാരണക്കാര്‍ ക്യൂ നില്‍ക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ ധാരണയെന്നും തോമസ് ഐസക്ക് പറഞ്ഞു. കള്ളപ്പണം ആരും പണമായി കയ്യില്‍ സൂക്ഷിക്കില്ല എന്നതാണ് ആദ്യം മനസിലാക്കേണ്ടത്. സ്വര്‍ണവും മറ്റ് ആസ്തികളുമായാണ് കള്ളപ്പണം സൂക്ഷിക്കുന്നത്. ഇതുവരെയുള്ള എല്ലാ ആദായ നികുതി റെയ്ഡുകളില്‍ നിന്നും വ്യക്തമായിട്ടുള്ള കാര്യമാണ് ഇത്. മൊത്തം കള്ളപ്പണത്തിന്‍റെ അഞ്ച് ശതമാനം മാത്രമാണ് ഇന്ത്യയില്‍ കറന്‍സി രൂപത്തില്‍ പിടിക്കപ്പെടുന്നത്. ഇതാണ് രാജ്യത്ത് കള്ളപ്പണത്തിന്‍റെ വലുപ്പമെന്ന് പറയുന്നത്. കള്ളപ്പണം വിതരണം ചെയ്താലും കുറഞ്ഞ തുക മാത്രമേ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്ത് ഇപ്രകാരം മാറി എടുക്കാന്‍ സാധിക്കൂവെന്നും ഡോ. ഐസക്ക് പറഞ്ഞു.