ജനക്ഷേമ പ്രഖ്യാപനങ്ങളിലൂന്നിയ ബജറ്റ്

249

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ക്ക് കിഫ്ബി െആശ്രയിക്കുന്ന 2017-18 വര്‍ഷത്തേക്കുള്ള ബജറ്റാണ് ധനമന്ത്രി തോമസ് ഐസ്സക് നിയമസഭയില്‍ അവതരിപ്പിച്ചത്. പശ്ചാത്തല സൗകര്യ വികസനത്തിലും പൊതുവിദ്യാഭ്യാസത്തിലും പൊതുജനാരോഗ്യത്തിലും ബജറ്റ് ഊന്നല്‍ നല്‍കുന്നു. ജീവിത ശൈലീരോഗങ്ങള്‍ക്കടക്കം സമ്പൂര്‍ണ്ണ പ്രതിരോധവും സൗജന്യ ചികിത്സയും ബജറ്റില്‍ വാഗ്ദാനം ചെയ്യുന്നു. ആദായ നികുതി അടക്കാത്തതും മറ്റ് വരുമാനമോ പെന്‍ഷനുകളോ ഇല്ലാത്ത 60 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും ക്ഷേമ പെന്‍ഷനുകള്‍ ഏര്‍പ്പെടുത്തിയത് കൂടാതെ നിലവിലുള്ള എല്ലാ ക്ഷേമ പെന്‍ഷനുകളും 1100 രൂപയാക്കി ഉയര്‍ത്തിയതും ബജറ്റിനെ ജനകീയമാക്കി. ബജറ്റിലെ പ്രധാന പദ്ധതികള്‍ക്കെല്ലാം കിഫ്ബിയെയാണ് (കേരള ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) ധനമന്ത്രി ആശ്രയിച്ചിരിക്കുന്നത്. ഇതില്‍ 5,628 കോടിരൂപയുടെ റോഡുകളും 2,557 കോടിയുടെ പാലങ്ങളും ഉള്‍പ്പെടുന്നു. വര്‍ഷങ്ങളായി പരിഗണനയിലുള്ള തീരദേശ ഹൈവേയ്ക്കും മലയോര ഹൈവേയ്ക്കും 10,000 കോടി നീക്കിവച്ചിട്ടുണ്ട്. കിഫ്ബിയിലേക്കുള്ള മൂലധന നിക്ഷേപം വര്‍ധിപ്പിക്കുന്നതാണ് സര്‍ക്കാരിന് മുന്നിലുള്ള വെല്ലുവിളി.
പൊതുവിദ്യാലയങ്ങളുടെ പശ്ചാത്തല സൗകര്യവികസനത്തിനും നിലവാരവര്‍ധനക്കും വേണ്ടി 1,000 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്!. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 2,500 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. പൊതുജനാരോഗ്യ സംവിധാനത്തിന് 2,500 കോടി രൂപ വകയിരുത്തി. സൗജന്യവും സാര്‍വത്രികവുമായ ആരോഗ്യരക്ഷ ലക്ഷ്യവെച്ച് ആശുപത്രികളുടെ നിലവാര വര്‍ധനക്ക് 8,000 പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെന്നും ബജറ്റില്‍ പറയുന്നു. നോട്ട് നിരോധത്തെക്കുറിച്ചുള്ള എം.ടി വാസുദേവന്‍ നായരുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണം തുടങ്ങിയത്. നോട്ടു നിരോധനം കൊണ്ട് സംസ്ഥാനത്തെ സാമ്പത്തികരംഗം ഗുരുതര പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി പറഞ്ഞു. ജി.എസ്.ടി നടപ്പാക്കുന്ന വിഷയത്തില്‍ തീരുമാനം വരാത്തതിനാല്‍ നികുതി നിര്‍ദേശങ്ങളില്ലാത്ത ബജറ്റാണ് ധനമന്ത്രി സഭയില്‍ അവതരിപ്പിച്ചത്.

NO COMMENTS

LEAVE A REPLY