തിരുവനന്തപുരം അന്തര്‍ദേശീയ വിമാനത്താവളം പ്രതിസന്ധിയില്‍.

106

തിരുവനന്തപുരം : വര്‍ഷം 200 കോടിയിലേറെയും മാസത്തില്‍ 20 കോടിയോളം രൂപയും ലാഭമുണ്ടാക്കുന്ന തിരുവനന്തപുരം അന്തര്‍ദേശീയ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും ലോക്ഡൗണ്‍ ആയതോടെ പ്രതിസന്ധിയിലാണ്. വിമാനത്താവളം അടഞ്ഞുകിടക്കുകയാണ്. ലോക്ഡൗണ്‍ കഴിഞ്ഞാലും സര്‍വീസ് അനശ്ചിതത്വം തുടരും.

വിവിധ എയര്‍ലൈന്‍സുകളുടെ ഹാന്‍ഡ്ലിങ് ഏജന്‍സികള്‍ ഓരോ വിമാനത്തില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 31.8 ശതമാനമാണ് ഫീസായി അതോറിറ്റിക്ക് നല്‍കേണ്ടത്. കൂടാതെ, വിമാന പാര്‍ക്കിങ്, വാഹന പാര്‍ക്കിങ്, വിമാനത്താവളത്തിലെ വിവിധ ഷോപ്പുകളില്‍നിന്നുള്ള വാടക തുടങ്ങി വിവിധ ഇനങ്ങളില്‍നിന്നുമാണ് വരുമാനം. ഇതെല്ലാം നിലവില്‍ നിശ്ചലമാണ്. വിമാനത്താവളത്തിലെ വ്യോമപരിധിയില്‍ക്കൂടി പറക്കുന്ന വിമാനങ്ങള്‍വഴി ലഭിക്കുന്ന എയര്‍ നാവിഗേഷന്‍ ചാര്‍ജുമാത്രമാണ് ഇപ്പോഴുള്ള ഏക വരുമാനം.

ഇരുപതിലധികം വിമാനമാണ് ഇങ്ങനെ പോകുന്നത്. ആഭ്യന്തരവിമാനങ്ങള്‍ക്ക് ലോക്ഡൗണ്‍ തീരുന്ന 14ന് ശേഷം വ്യവസ്ഥകള്‍ക്ക് വിധേയമായി ടിക്കറ്റ് ബുക്കിങ് നടക്കുന്നുണ്ട്. എന്നാല്‍, വിദേശ യാത്രകള്‍ക്കുള്ള ടിക്കറ്റ് ബുക്കിങ് തീരുമാനമായിട്ടില്ല. എന്നുമുതല്‍ സര്‍വീസ് ആരംഭിക്കണമെന്ന അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി വി രവീന്ദ്രന്‍ പറഞ്ഞു. വിദേശത്തുനിന്ന് വരുന്നവരും തിരിച്ച്‌ പോകുന്നവരും നിരീക്ഷണത്തില്‍ ഇരിക്കണം എന്ന ഭീതിയാല്‍ ഇനി വിദേശയാത്രകള്‍ കുറയാനുള്ള സാധ്യതയുമുണ്ട്.

തിരുവനന്തപുരത്ത് മാസം 35 കോടി രൂപയാണ് വരുമാനം. ഇതില്‍ 15 കോടി ചെലവ് കഴിഞ്ഞാല്‍ 20 കോടി ലാഭമാണ്. അന്തര്‍ദേശീയ ടെര്‍മിനലില്‍ 52 വിമാനവും ആഭ്യന്തര ടെര്‍മിനലില്‍ 42 വിമാനവുമാണ് വന്നുപോകുന്നത്. ഇരു ടെര്‍മിനലിലുമായി പന്ത്രണ്ടായിരത്തിലധികം യാത്രക്കാര്‍ സഞ്ചരിച്ചിരുന്നു. എയര്‍ലൈന്‍സുകളില്‍നിന്ന് ലഭിക്കുന്ന ഓപ്പറേഷന്‍ ചാര്‍ജുകളും വാടക ഇനത്തില്‍ കിട്ടുന്നതുമാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ പ്രധാന വരുമാനം.

NO COMMENTS