പുരുഷ മേധാവിത്വത്തെ മറികടക്കാനുള്ള ആന്തരിക ശക്തി സ്ത്രീസമൂഹം ആർജ്ജിക്കണമെന്ന് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

14

സാമൂഹികമായ അംഗീകാരവും അവകാശങ്ങളും നേടിയെടുക്കാൻ പുരുഷ മേധാവിത്വത്തെ മറികടക്കാനുള്ള ആന്തരിക ശക്തി സ്ത്രീസമൂഹം നേടിയെടുക്കണമെന്നും സമൂഹത്തിന്റെ സമഗ്രവും സർവതല സ്പർശിയുമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കുടുംബശ്രീ അംഗങ്ങൾക്ക് നിരന്തരമായ നവീകരണം ആവശ്യവുമാണെന്നും തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

കുടുംബശ്രീയിൽ പുതുതായി ചുമതലയേറ്റ സി.ഡി.എസ് ചെയർപേഴ്‌സൺമാർക്കായി തിരുവനന്തപുരം മാർ ഗ്രിഗോറിയസ് കൺ വെൻഷൻ സെൻററിൽ സംഘടിപ്പിച്ച സംസ്ഥാനതല പരിശീലന പരിപാടി ‘ചുവട് 2022’-ൽ പങ്കെടുത്ത് സംവദിക്കുകയായിരുന്നു അദ്ദേഹം.സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾക്കൊപ്പം സമൂഹത്തിൻറെ ആവശ്യങ്ങൾ എന്തെല്ലാമാണെന്ന് തിരിച്ചറിയേണ്ടത് അനിവാര്യമാണ്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിരന്തരമായി നവീകരിക്കപ്പെട്ടുകൊണ്ട് മനുഷ്യ സമൂഹത്തി നാകെ നേട്ടമാകുന്ന രീതിയിൽ പ്രയോജനപ്പെടുത്തണം. വിജ്ഞാനത്തിൽ അധിഷ്ഠിതമായ സമൂഹത്തെ സൃഷ്ടിച്ച് പുതിയ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

കെ-ഡിസ്‌കുമായി ചേർന്നുകൊണ്ട് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 20 ലക്ഷം പേർക്ക് തൊഴിൽ നൽകുന്നതിനുള്ള പ്രവർത്തന ങ്ങൾ അതിന്റെ ഭാഗമാണ്. ഇതിന്റെ പ്രയോജനം ലഭിക്കുന്നവരിൽ ഏറെയും സ്ത്രീകളായിരിക്കും.മെച്ചപ്പെട്ട തൊഴിൽ സംരംഭങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം ലോക വിപണിയിൽ സാന്നിദ്ധ്യം ഉറപ്പിക്കാൻ കഴിയുന്ന തരത്തിൽ ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കാൻ കഴിയണം. ആകർഷകമായ പായ്ക്കിംഗ്, ലേബലിംഗ്, ബ്രാൻഡിംഗ് എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ ആഗോള വിപണിക്കനുസൃതമായി പരിഷ്‌കരിച്ചുകൊണ്ടാവണം ഈ പ്രവർത്തനങ്ങൾ.

പ്രാദേശികമായ സവിശേഷതകളുള്ള ഉത്പന്നങ്ങൾ ഈ ശ്രേണിയിലേക്ക് കൊണ്ടുവരാൻ കഴിയും. അഞ്ച് ദിവസത്തെ പരിശീലനം ആശയങ്ങൾ മറ്റുള്ള അയൽക്കൂട്ട അംഗങ്ങളുമായി കണ്ണിചേർത്തുകൊണ്ട് സമൂഹത്തിൽ പ്രകടമായ മാറ്റം സൃഷ്ടിക്കാൻ കഴിയുന്ന ഭൗതിക ശക്തിയായി മാറാൻ ഓരോ സി.ഡി.എസ് പ്രവർത്തകർക്കും കഴിയണം. വിവിധ സി.ഡി.എസുകളെ പ്രതിനിധീകരിച്ച് അധ്യക്ഷമാർ ഉന്നയിച്ച സംശയങ്ങൾക്ക് മറുപടി നൽകിയ മന്ത്രി പുതുതായി രൂപീകരിച്ച ഓക്‌സിലറി ഗ്രൂപ്പുകളെ കൂടി ചേർത്തുകൊണ്ട് ഊർജസ്വലമായി മുന്നോട്ടുപോകാൻ കഴിയണമെന്ന് ആശംസിച്ചു. കുടുംബശ്രീ ഡയറക്ടർ ആശാ വർഗീസ് സ്വാഗതവും പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. മൈന ഉമൈബാൻ നന്ദിയും പറഞ്ഞു.

കേരളത്തിലെ 1070 സി.ഡി.എസ് ചെയർപേഴ്‌സൺമാർക്കായി അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന റസിഡൻഷ്യൽ പരിശീലനമാണ് ചുവട് 2022. ഏഴ് ബാച്ചുകളിലായാണ് പരിശീലനം. ഇതിൽ ആദ്യ ബാച്ചിൻറെ പരിശീലനമാണ് ഇപ്പോൾ നടന്നുവരുന്നത്. എല്ലാ ജില്ലകളിൽ നിന്നും തെരഞ്ഞെടുത്ത 150 പേരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. സി.ഡി.എസ് അധ്യക്ഷമാരുടെ ദൈനംദിന ചുമതലകളിലും ഭരണനിർവഹണത്തിലും എപ്രകാരം ഇടപെടണമെന്നും പ്രവർത്തിക്കണമെന്നുമുള്ള ലക്ഷ്യബോധം സൃഷ്ടിക്കുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം. ആദ്യ ബാച്ചിൻറെ പരിശീലനം നാളെ (02/08/2022) അവസാനിക്കും. അടുത്ത ബാച്ചിൻറെ പരിശീലനം ഓഗസ്റ്റ് 4-ന് തുടങ്ങും.

NO COMMENTS