പ്ലസ് ടൂ പരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ മനോവിഷമത്തില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു.

170

ന്യൂഡല്‍ഹി: സിബിഎസ്‌ഇ പ്ലസ് ടൂ പരീക്ഷയില്‍ മൂന്നാം തവണയും പരാജയപ്പെട്ടതിന്റെ മനോവിഷമത്തില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. പരീക്ഷാഫലം പ്രഖ്യാപിച്ചതിന്റെ പിറ്റേ ദിവസം വിദ്യാര്‍ത്ഥിയും അമ്മയും പ്രീത് വിഹാറിലെ സിബിഎസ്‌ഇ ഓഫീസില്‍ പരീക്ഷാഫലം അറിയാന്‍ പോയിരുന്നു. ഇവിടെ വെച്ചാണ് ഇത്തവണയും താന്‍ പരീക്ഷയില്‍ തോറ്റ കാര്യം കുട്ടി അറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

‘ശരിക്കും എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. പ്രീത് വിഹാറിലെ സിബിഎസ്‌ഇ ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയ അവള്‍ പറഞ്ഞത് പേപ്പര്‍ റദ്ദാക്കിയെന്നാണ്. എന്നാല്‍ അവള്‍ വീണ്ടും പരീക്ഷയില്‍ തോറ്റു എന്നാണ് ഞങ്ങള്‍ക്ക് തോന്നിയത്. അക്കാര്യം ഞങ്ങളോട് തുറന്നു പറയാന്‍ ധൈര്യമില്ലാത്തതു കൊണ്ടാകാം അവള്‍ അങ്ങനെ പറഞ്ഞത്’ എന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു.

വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി അച്ഛനും അമ്മയ്ക്കുമൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചു. അതിന് ശേഷം തന്റെ മുറിയിലേയ്ക്ക് പോയ മകള്‍ പിന്നീട് തിരികെ വരാത്തതിനാന്‍ സംശയം തോന്നിയ അമ്മ മുറിയിലേക്ക് നോക്കാന്‍ ചെല്ലുമ്ബോള്‍ പൂട്ടിയിട്ട നിലയിലായിരുന്നു മുറി. തുടര്‍ന്ന് ജനാലയിലൂടെ നോക്കിയപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കുട്ടിയെ കാണുകയായിരുന്നു.

ഉടന്‍ തന്നെ വാതില്‍ പൊളിച്ച്‌ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 2017ലും 2018ലും പെണ്‍കുട്ടി പരീക്ഷയില്‍ പരാജയപ്പെട്ടിരുന്നതായി സഹോദരി പറഞ്ഞു. ഇംഗ്ലീഷ് മകള്‍ക്ക് ബുദ്ധിമുട്ട് ആയിരുന്നുവെന്നും ട്യൂഷന് അയച്ചിരുന്നുവെങ്കിലും ആ വിഷയത്തിന് എന്നും മാര്‍ക്ക് കുറവായിരുന്നുവെന്നും പിതാവ് വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

NO COMMENTS