സംസ്ഥാനം തിളച്ച ചൂടിലേക്ക് – സൂര്യാഘാത മുന്നറിയിപ്പ് നാലു ദിവസത്തേക്ക് കൂടി നീട്ടി

182

തിരുവനന്തപുരം: സംസ്ഥാനം തിളച്ച ചൂടിലേക്ക് – സൂര്യാഘാത മുന്നറിയിപ്പ് നാലു ദിവസത്തേക്ക് കൂടി നീട്ടി. വയനാട്, ഇടുക്കി ഒഴികെയുളള 12 ജില്ലകളിലും താപനില ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നിറിയിപ്പ്. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ മൂന്നു മുതല്‍ നാലു ഡിഗ്രി വരെ താപനില ഉയരുമെന്നും കാലാവസ്ഥാ വിദഗ്ദധര്‍ അറിയിച്ചു.

കൊടുംചൂട് തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലാ കളക്ര്‍മാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയതായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. അങ്കണ്‍വാടികളില്‍ കൂളറുകളും ഫാനുകളും ഉറപ്പാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളോട് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു. ആരോഗ്യശേഷി കുറഞ്ഞവര്‍ക്കും കുട്ടികള്‍ക്കുമാണ് സൂര്യാഘാത സാധ്യത കൂടുതല്‍. രാവിലെ 11 മണി മുതല്‍ ഉച്ചതിരിഞ്ഞ് മൂന്നു മണിവരെ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.

സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച്‌ ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ പത്ത് സ്ഥലങ്ങളില്‍ ഒന്നാണ് പാലാക്കാട്. കര്‍ണാടകയിലെ ഗുല്‍ബര്‍ഗ്ഗയിലാണ് സ്കൈമെറ്റ് റിപ്പോര്‍ട്ട് അനുസരിച്ച്‌ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് 41.5. സ്കൈമെറ്റ് റിപ്പോര്‍ട്ട് അനുസരിച്ച്‌ 40.2 ഡിഗ്രീ സെല്‍ഷ്യസ് ചൂടാണ് പാലക്കാട് ഇന്ന് അനുഭവപ്പെട്ടത്.

ഇന്ന് 41 ഡിഗ്രീ സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയ പാലക്കാട് ജില്ലയില്‍ മൂന്ന് പേര്‍ക്കാണ് സൂര്യാഘാതമേറ്റത്. ഷൊര്‍ണ്ണൂര്‍, നന്ദിയോട്, കണ്ണാടി എന്നീ സ്ഥലങ്ങളിലുള്ളവരാണ് സൂര്യാഘാതമേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയത്. കൊല്ലം പുനലൂരില്‍ ഒരു യുവാവിനും ഇന്ന് സൂര്യാഘാതമേറ്റിട്ടുണ്ട്. പ്രതീക്ഷിച്ച രീതിയില്‍ വേനല്‍ മഴ പെയ്യാത്തതാണ് സംസ്ഥാനത്തെ തിളച്ച ചൂടിലേക്ക് തള്ളിവിട്ടത്.

ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഇന്നും നാളെയും താപനില മൂന്നു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെയും മറ്റ് എട്ട് ജില്ലകളില്‍ രണ്ട് മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാം. എല്‍നീനോ പ്രതിഭാസത്തിന്‍റെ സ്വാധീനം തുടരുന്നതിനാല്‍ വേനല്‍മഴയ്ക്ക് സാധ്യത കുറവാണെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍.

NO COMMENTS