രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ മാസം 20ന്

28

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ മാസം 20ന് നടത്താന്‍ എ.കെ.ജി സെന്ററില്‍ ചേര്‍ന്ന സി.പി.എം – സി.പി.ഐ ചര്‍ച്ചയില്‍ ഏകദേശ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജ യനും കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും പന്ന്യന്‍ രവീന്ദ്രനും പങ്കെടുത്ത ചര്‍ച്ച ഒന്നര മണിക്കൂറോളം നീണ്ടു.

മുന്നണിയുമായി പുറത്ത് സഹകരിക്കുന്ന ആര്‍.എസ്.പി-ലെനിനിസ്റ്റിന്റെ കോവൂര്‍ കുഞ്ഞുമോന്‍ ഉള്‍പ്പെടെ ഒറ്റ അംഗത്തെ വീതം ജയിപ്പിച്ച ആറ് കക്ഷികളുണ്ട്. ഇവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്നതില്‍ പരിമിതികളുണ്ടെന്ന് യോഗം വിലയിരുത്തി. ഇവരുള്‍പ്പെടെ എല്ലാ ഘടകകക്ഷികളുമായും വരും ദിവസങ്ങളില്‍ സി.പി.എം ചര്‍ച്ച നടത്തും. അവരുടെ അഭിപ്രായങ്ങള്‍ കേട്ട ശേഷം പരിമിതികള്‍ ബോദ്ധ്യപ്പെടുത്തും.

ഈ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ ശേഷം 17ന് ഇടതുമുന്നണി യോഗത്തിന് മുമ്ബായി വീണ്ടും സി.പി.എമ്മും സി.പി.ഐയും തമ്മില്‍ ചര്‍ച്ച നടത്തി അന്തിമധാരണയിലെത്തും. എല്‍.ഡി.എഫ് നിയമസഭാകക്ഷി യോഗം ചേര്‍ന്ന് തീരുമാനം അംഗീകരിച്ച ശേഷം ഗവര്‍ണറെ സമീപിച്ച്‌ സത്യപ്രതിജ്ഞയിലേക്ക് കടക്കും. ഇതിനിടയില്‍ സി. പി. എമ്മും സി.പി.ഐയും നേതൃയോഗങ്ങള്‍ ചേര്‍ന്ന് അവരുടെ മന്ത്രിമാരെ നിശ്ചയിക്കും. മറ്റ് കക്ഷികളുടെ മന്ത്രിമാരെയും ഈ ദിവസങ്ങളില്‍ തീരുമാനിക്കും.