പെൺകുട്ടികളുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്വം – മന്ത്രി കെ.കെ. ശൈലജ ടീച്ചർ

57

സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ബാലികാ ദിനാചരണവും ശിശു സംരക്ഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളുടെ പ്രകാശനവും ക്യാമ്പയിൻ സമാരംഭവും സർഗലയ പുരസ്‌കാര പ്രഖ്യാപനവും ഓൺലൈൻ വഴി സംഘടിപ്പിച്ചു. ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.

പെൺകുട്ടികളുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് കുട്ടികളുടെ സുരക്ഷിതത്വത്തോടൊപ്പം ആരോഗ്യവും മെച്ചപ്പെടുത്തുവാൻ നമുക്കായിട്ടുണ്ട്. ശിശുമരണ നിരക്ക് വളരെയേറെ കുറയ്ക്കാനായിട്ടുണ്ട്. ജനിച്ച് കഴിഞ്ഞാലും അന്തസോടെ ജീവിക്കാനും കഴിയുന്ന അന്തരീക്ഷം ഒരുക്കണം. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ പൂർണമായി ഒഴിവാക്കാൻ നമുക്കായിട്ടില്ല. അതിനുള്ള പരിശ്രമമാണ് നടക്കുന്നത്.

കുട്ടികളുമായി ഏറെ അടുപ്പമുള്ളവർ തന്നെയാണ് പലപ്പോഴും കുട്ടികളെ അക്രമിക്കുന്നത്. കുട്ടികളെ അകാരണമായി മർദിച്ചാൽ ഭാവിയിൽ വലിയ പ്രശ്‌നമുണ്ടാക്കും. ഇത് മനസിലാക്കിയാണ് ഉത്തരവാദിത്വമുള്ള രക്ഷകർത്താക്കളെ സൃഷ്ടിക്കാനായി റെസ്‌പോൺസിബിൾ പാരന്റിംഗ് നടപ്പിലാക്കിയത്. അധ്യാപകർ കുട്ടികളുടെ പ്രശ്‌നങ്ങൾ മനസിലാക്കി സഹായിക്കാൻ കഴിഞ്ഞാൽ അവരെ നേർ വഴിയിൽ നയിക്കാൻ കഴിയും. കുട്ടികളെ ആക്രമിക്കുന്നവരെ വേഗത്തിൽ നിയമത്തിന്റെ മുമ്പിലെത്തിക്കാൻ പോലീസിന് കഴിയണമെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടികളുടെ വികസനത്തിനായി വലിയ പ്രവർത്തനമാണ് വനിത ശിശുവികസന വകുപ്പ് സംഘടിപ്പിച്ച് വരുന്നത്. സംരക്ഷണവും കരുതലും ആവശ്യമായി വരുന്ന കുട്ടികളെ സഹായിക്കാനുള്ള ബാലനിധി, ലോക്ഡൗൺ കാലയളവിൽ ശിശു സംരക്ഷണ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, ചിൽഡ്രൻസ് ഹോമിലെ കുട്ടികളുടെ കുടുംബങ്ങളിൽ സാമൂഹികസാമ്പത്തികസാഹചര്യ പഠനം, ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി ശാക്തീകരണം, കുട്ടികളിലെ ആക്രമവാസന, മാനസിക സംഘർഷങ്ങൾ മുതലായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനായി പാരന്റിംഗ് കാമ്പയിൻ തുടങ്ങിയവ ഐ.സി.പി.എസിന്റെ ഭാഗമായി നടപ്പിലാക്കി വരുന്നു.
വിവിധ സ്ഥാപനങ്ങളുടെ സംരക്ഷണയിൽ കഴിയുന്ന കുട്ടികളുടെ പുനരധിവാസം ലക്ഷ്യം വച്ചുകൊണ്ടുള്ള ഗ്രൂപ്പ്‌ഫോസ്റ്റർ കെയർ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുകയാണ്. വിവിധ ജില്ലയിലെ 72 കുട്ടികളെ സംരക്ഷിക്കുന്നതിന് ഈ പദ്ധതി മുഖാന്തിരം 2000 രൂപ പ്രതിമാസം നൽകുന്നു.

കുട്ടികൾക്ക് സ്ഥാപനേതര സംരക്ഷണം ഉറപ്പുവരുത്തി അവർക്ക് കുടുംബ മൂല്യത്തിന്റെ പ്രാധാന്യം ലഭ്യമാക്കേണ്ടതും അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനായി ഡിഇൻസ്റ്റിറ്റിയൂഷണലൈസേഷൻ പദ്ധതി നടപ്പിലാക്കി. കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാൻ ഔവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ, ജുവനൈൽ ജസ്റ്റീസ് ആക്ടിന്റെ പരിധിയിൽ വരുന്ന കുട്ടികളുടെ സ്ഥാപനേതര സംരക്ഷണം ഉറപ്പാക്കുന്നതിനും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പഠനം മുടങ്ങാതിരിക്കുന്നതിനുമായി പ്രതിമാസം 2000 രൂപ വീതം ധനസഹായം നൽകുന്ന വിജ്ഞാനദീപ്തി പദ്ധതി നടപ്പിലാക്കിയതായും മന്ത്രി വ്യക്തമാക്കി.

പാരന്റിംഗ് കാമ്പയിൻ ഉദ്ഘാടനം, ലോക്ഡൗൺ കാലയളവിൽ ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ നടന്ന പ്രവർത്തനങ്ങൾ അടിസ്ഥാനമാക്കി നിർമ്മിച്ച ഷോർട്ട് ഫിലിമിന്റെ പ്രകാശനം, ലോക്ഡൗൺ കാലയളവിൽ ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ നടന്ന പ്രവർത്തനങ്ങൾ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഡോക്ക്യുമെന്റെഷൻ റിപ്പോർട്ട് പ്രകാശനം, ലോക്ഡൗൺ കാലയളവിൽ ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ നിന്നും വീടുകളിലേക്ക് പോയ കുട്ടികളുടെ കുടുംബങ്ങളിൽ നടത്തിയ സാമൂഹിക സാമ്പത്തിക ആഘാത പഠന റിപ്പോർട്ട് പ്രകാശനം എന്നിവയും മന്ത്രി നിർവഹിച്ചു.

കുട്ടികളിൽ ക്രിയാത്മക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ‘ലോഗിൻ ടു സർഗലയ’ എന്ന പേരിൽ ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ 2020 ഏപ്രിൽ മേയ് മാസങ്ങളിൽ നടത്തിയ മത്സര വിജയികളുടെ പ്രഖ്യാപനവും നടന്നു. ഒന്നാം സമ്മാനം ഹോപ്പ് കമ്മ്യൂണിറ്റി വില്ലേജ് ആലപ്പുഴ, രണ്ടാം സമ്മാനം ഗവ. ചിൽഡ്രൻസ് ഹോം ഫോർ ബോയ്‌സ് കോഴിക്കോട്, ഗവ. ചിൽഡ്രൻസ് ഹോം ഗേൾസ്, കണ്ണൂർ, മൂന്നാം സമ്മാനം ഗവ. ചിൽഡ്രൻസ് ഹോം ഫോർ ബോയ്‌സ്, കോട്ടയം എന്നിവയ്ക്കാണ്.

സാമൂഹ്യ നീതി, വനിത ശിശു വികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ സ്വാഗതമാശംസിച്ച ചടങ്ങിൽ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ അഡ്വ. കെ.വി. മനോജ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.

NO COMMENTS