ക്ഷേത്രങ്ങളുടെ ഫണ്ട് സർക്കാർ എടുക്കുന്നുവെന്ന പ്രചാരണം തെറ്റ്

56

തിരുവനന്തപുരം > ക്ഷേത്രങ്ങളിൽ നിന്നുള്ള ഫണ്ട് സർക്കാർ എടുക്കുന്നുവെന്ന പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അത്തരമൊരു സമീപനം സർക്കാരിനില്ല.കഴിഞ്ഞ വർഷത്തെ ബജറ്റ് പരിശോധിച്ചാൽ തിരുവിതാംകൂർ ദേവസ്വംബോർഡിന് നൂറു കോടി രൂപയും മലബാർ-കൊച്ചി ദേവസ്വങ്ങൾക്ക് 36 കോടിയുമാണ് നീക്കിവെച്ചത്.

ശബരിമലയുമായി ബന്ധപ്പെട്ട് നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലെ ഇടത്താവളങ്ങൾക്കു വേണ്ടി കിഫ്ബി 142 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ശബരിമല തീർത്ഥാടത്തിനുള്ള പ്രത്യേക ഗ്രാൻറ് 30 കോടി രൂപയുടെതായിരുന്നു.

കൂത്താട്ടുകുളം മഹാദേവ ക്ഷേത്രമടക്കം തകർച്ച നേരിടുന്ന പുരാതന ക്ഷേത്രങ്ങളുടെ പരിരക്ഷയ്ക്കായി ഒരു പ്രത്യേക പദ്ധതി സർക്കാർ നടപ്പാക്കിവരികയാണ്. ഇതിനായി അഞ്ച് കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. തത്വമസി എന്ന പേരിലുള്ള ഒരു തീർത്ഥാടന ടൂറിസം സർക്യൂട്ട് ആവിഷ്‌കരിച്ചിട്ടുണ്ട്. ട്രാവൻകൂർ ഹെറിറ്റേജ് സ്‌കീം പ്രകാരം 10 കോടി രൂപ നീക്കിവെച്ചിരിക്കുന്നു. ബജറ്റ് പരിശോധിച്ചാൽ സർക്കാർ കൊണ്ടുപോകുകയാണോ സർക്കാർ കൊടുക്കുകയാണോ എന്ന് മനസ്സിലാകും.

ഇതൊക്കെയാണ് സത്യമെന്നിരിക്കെ സമൂഹത്തിൽ മതവിദ്വേഷം പടർത്താനായി തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ചിലർ. ഒരു മഹാദുരന്തത്തിന്റെ ഘട്ടത്തിൽ പോലും ‘ചോരതന്നെ കൊതുകിന് കൗതുകം’ എന്ന മട്ടിൽ പെരുമാറരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇൻഡ്യയിലെ പല ക്ഷേത്രങ്ങളും അതാത് സംസ്ഥാനങ്ങളിലെ സർക്കാരുകൾക്ക് ദുരിതാശ്വാസ സഹായം നൽകിയിട്ടുണ്ട്. ഒരു കോടിയും അതിനു മുകളിലേക്കും കൊടുത്ത ക്ഷേത്രങ്ങളുണ്ട്. ഗുജറാത്തിലെ സോമനാഥ ക്ഷേത്രം, ഗുജറാത്തിലെ അംബാജി ക്ഷേത്രം, മഹാലക്ഷ്മി ദേവസ്വം കോലാപൂർ മഹാരാഷ്ട്ര, ഷിർദ്ദി സായിബാബാ ട്രസ്റ്റ് (മഹാരാഷ്ട്ര) (51 കോടി രൂപ), മാതാ മൻസിദേവി ക്ഷേത്രം ഉത്തരാഖണ്ഡ്, മഹാവീർ ക്ഷേത്രം പാട്‌ന എന്നിവ അതിൽ ചിലതാണ്.

NO COMMENTS