പെന്‍ഫ്രണ്ട് പദ്ധതി ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും നടപ്പാക്കും

108

കാസറഗോഡ് : പെന്‍ഫ്രണ്ട് പദ്ധതി ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും നടപ്പാക്കാന്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ഹരിത കേരളം മിഷന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമാണ് യോഗം ചേര്‍ന്നത്. ഹരിതമുറ്റം പരമാവധി വിദ്യാലയങ്ങളില്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. വിദ്യാലയങ്ങളിലെ ഓണാഘോഷ പരിപാടികള്‍ ഹരിതചട്ടം പാലിച്ച് നടത്തും. പരമാവധി വിദ്യാലയങ്ങളില്‍ പച്ചക്കറി കൃഷി വ്യാപിപ്പിക്കും.

അരുത്, വലിച്ചെറിയരുത,് കത്തിക്കരുത് ക്യാമ്പയിന്‍ എന്‍എസ്എസ്, സ്‌കൗട്ട്, ഗൈഡ്‌സ്, എസ്പിസി തുടങ്ങിയവയുടെ സഹായത്തോടെ വിദ്യാലയങ്ങളില്‍ നടപ്പാക്കും. പ്രവൃത്തി പരിചയ അധ്യാപകരുടെ സഹായത്തോടെ കുട്ടികളില്‍ പുനര്‍ഉപയോഗത്തിന്റെ സാധ്യതകള്‍ കണ്ടെത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. കുട്ടികളില്‍ പരിസ്ഥിതി സ്‌നേഹം, അവബോധം എന്നിവ വളര്‍ത്തുന്നതിനുള്ള നൂതനങ്ങളായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കും.

പ്രഥമാധ്യാപകരുടെ യോഗത്തില്‍ ഇവ ചര്‍ച്ച ചെയ്ത് കാര്യക്ഷമമായി നടപ്പാക്കാനുള്ള ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കും. ഇതുവരെ 195 സ്‌കൂളുകളില്‍ പെന്‍ഫ്രണ്ട് പദ്ധതിയും 265 സ്‌കൂളുകളില്‍ ഹരിതമുറ്റം പദ്ധതിയും 117 സ്‌കൂളുകളില്‍ സ്ഥാപനതല പച്ചക്കറി പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്. ഹരിതോത്സവത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാ വിദ്യാലയത്തിലും തുടരും. യോഗത്തില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം.പി സുബ്രമണ്യന്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

NO COMMENTS