പ്രസ്ഥാനം ഒരു പ്രവാഹമാണ് .

401

പ്രസ്ഥാനം ഒരു പ്രവാഹമാണ് – ആരൊക്കെയോ ആരംഭിച്ച എത്രയോപേർ നേതൃത്വം നൽകി അതിലും എത്രയോ പേർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രവാഹം. ഇനിയും എത്രയോ ആളുകൾ വരുവാനുമുണ്ട്. പിൻഗാമികൾ സഞ്ചരിക്കുന്നത് മുൻഗാമികൾ കല്ലും മുള്ളും നീക്കി തെളിച്ച പാതയിലൂടെ . കാടും കൂരിരുട്ടും നിറഞ്ഞ വഴികളെ അതികഠിനമായി വെളിച്ചം കടന്നു പോയ ആ മഹാശക്തി. വീണ്ടുവിചാരമില്ലാതെ വിജയം കൈവരിക്കാനാകാതെ മുന്നോട്ടുപോകുന്ന പിൻതലമുറ.

ഇടർച്ച ഇല്ലാത്ത കാൽവെപ്പുകൾ തളർച്ച ഇല്ലാത്ത മുന്നേറ്റങ്ങൾ മുൻഗാമികളിൽ നിന്നുള്ള ഊർജ്ജം തുടങ്ങിയവ ഇന്ന് അനിവാര്യം. പ്രസ്ഥാനത്തിന്റെ വഴിയിൽ കടന്നുപോയ ഒരോ നേതാവിന്റെയും പ്രവർത്തകന്റെയും ചോരയും വിയർപ്പും കണ്ണീരുമാണ് പിൻതലമുറ ഇന്നനുഭവിക്കുന്ന മാധുര്യം.

മുൻഗാമികൾക്ക് എല്ലാം പ്രയാസകരമായിരുന്നു. കഠിനാദ്ധ്വാനം ഏറെയായിരുന്നു. ജീവിക്കാൻ തന്നെ ഒത്തിരി പ്രയാസങ്ങൾ. ക്ഷാമവും രോഗങ്ങളും നാട്ടിൽ. അവരുടെ കുതിപ്പിന് പിന്നിൽ അവരുടെ കിതപ്പുകൾ ഉണ്ട് – തീരാത്ത ദുഃഖങ്ങളുണ്ട് – നിലയ്ക്കാത്ത ബാഷ്പങ്ങളുണ്ട്. കല്ലേറും കൂക്കിവിളിയും ഏൽക്കേണ്ടി വന്നവരായിരുന്നു അവർ. എന്നിട്ടും ചിന്തിക്കാൻ പോലും സാധിക്കാത്ത വിധത്തിൽ അവർ മുന്നേറി. ചരിത്രത്തിന്റെ വീറും വാശിയും ആവാഹിക്കുന്നവർക്ക് ഹൃദയത്തിനകത്തു അവരെ കുറിച്ചുള്ള ഓർമ്മകൾ വെളിച്ചമാവും.

ഓട്ടമത്സരം ഒരുകാൽ പിന്നോട്ടും മറുകാൽ മുന്നോട്ടും വെച്ചായിരിക്കുമല്ലോ. ഓട്ടം തുടങ്ങാനായി നിൽക്കുന്ന പിന്നിൽ വച്ച കാൽ പിറകിൽനിന്ന് ശക്തി എത്രത്തോളം സംഭരിക്കുന്നുണ്ടോ അത്രയും വേഗത്തിൽ മുന്നോട്ട് പോകാൻ സാധിക്കും.കാലത്തോടും ലോകത്തോടും ഒപ്പമെത്താൻ പുതിയ തലമുറയ്ക്ക് എളുപ്പമാണിന്ന്. സൗകര്യങ്ങൾ എമ്പാടുമുണ്ട്. എന്തും സാധ്യമാണ്. അവർ വേഗത്തിൽ ക്ഷീണിക്കുന്നു .

പ്രസ്ഥാനം ഒരു ഒഴുക്കാണ്. ഒഴുക്കുകൾ എല്ലാം ചെന്നുചേരുന്നത് സമുദ്രത്തിലേക്കാണ് സമുദ്രത്തിൽ ചെന്ന് ചേരുന്നതിന് മുമ്പായി ഏതൊരു പ്രവാഹവും എത്രയോ പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കുന്നു. മുള്ളും ചെളിയും കരിമ്പാറകളും നിറഞ്ഞ കാട്ടുവഴികളിലൂടെ സഞ്ചരിക്കേണ്ടിവരുന്നു . എല്ലാ പരീക്ഷണങ്ങൾക്കുമൊടുവിലാണ് സമുദ്രം എന്ന ലക്ഷ്യത്തിലേക്ക് അത് എത്തിച്ചേരുന്നത്. പ്രസ്ഥാനവും അങ്ങനെ തന്നെയാണ്. ഒട്ടും പ്രതീക്ഷിക്കാത്തത് ഒരിക്കലും നടക്കാൻ പാടില്ലാത്തത് പലതും അതിൽ സംഭവിച്ചുവെന്നു വരാം.

വളക്കൂറുള്ള മണ്ണിൽ നിന്ന് ധൈര്യവും ശക്തിയും തേടുന്നവർക്ക് മുന്നോട്ടുള്ള വഴികൾ സുഖമായി തീരും

NO COMMENTS