പൊതു പരിപാടികളില്‍ പങ്കെടുക്കുന്ന നേതാക്കള്‍ മുഖ്യമായും പറയേണ്ടത് നാടിന്‍റെ വികസന നേട്ടങ്ങളാകണം ; മുഖ്യമന്ത്രി പിണറായി വിജയൻ

191

പൊതു പരിപാടികളില്‍ പങ്കെടുക്കുന്ന നേതാക്കള്‍ മുഖ്യമായും പറയേണ്ടത് നാടിന്‍റെ വികസന നേട്ടങ്ങളാകണം എന്നാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശവും. സ്വന്തം മണ്ഡലത്തില്‍ കുടുംബയോഗങ്ങള്‍ സംഘടിപ്പിച്ച്‌ തെരഞ്ഞെടുപ്പ് പ്രചരണത്തിന് അനൗദ്യോഗിക തുടക്കം കുറിച്ചപ്പോള്‍ ഈ നയം പിണറായി അക്ഷരംപ്രതി പാലിച്ച്‌ കാട്ടിക്കൊടുക്കുകയും ചെയ്തു. അടുത്തിടെയായി പിണറായി നടത്തുന്ന പ്രസംഗങ്ങളില്‍ വികസന നേട്ടങ്ങള്‍ ഓരോന്നായി എടുത്ത് വിശദീകരിക്കുന്നുണ്ട്, എന്നാല്‍ വിവാദ വിഷയങ്ങളില്‍ തൊടുന്നില്ല. ശബരിമലയെ കുറിച്ചോ സ്ത്രീ പ്രവേശന വിവാദത്തെ കുറിച്ചോ പ്രസംഗങ്ങളില്‍ പരാമര്‍ശമില്ല.സൈബറിടങ്ങളില്‍ ശബരിമല നിറയുമ്ബോള്‍ പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയ ഇടപെടല്‍ എങ്ങനെയാവണം എന്നതിനും പ്രവര്‍ത്തിയിലൂടെയാണ് പിണറായിയുടെ മറുപടി.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലും പിണറായി വിജയന്‍റെ സ്വന്തം പേരിലുള്ള ഫേസ് ബുക്ക് പേജിലും കഴിഞ്ഞ പതിനഞ്ച് ദിവസമായി രാഷ്ട്രീയ പോസ്റ്റുകള്‍ ഇല്ലേയില്ല. രാഷ്ട്രീയ ഗണത്തില്‍ പെടുത്താവുന്ന ഏറ്റവും ഒടുവിലത്തെ പോസ്റ്റ് വനിതാ മതിലിനെ കുറിച്ചാണ്. വന്‍കിട വികസന പദ്ധതികള്‍, അതിനായി ചെലവാക്കുന്ന തുക, അവയുടെ പുരോഗതിയും ഇവയെല്ലാമടക്കം സമഗ്രമായ സ്ഥിതിവിവര കണക്കുകള്‍ ഉള്‍പ്പെടെ ദിവസവും അപ്ഡേഷനുകളുമുണ്ട്. മികച്ച പ്രതികരണമാണ് വികസന പോസ്റ്റുകള്‍ക്ക് കിട്ടുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വര്‍ത്തമാനം.ഭരണനേട്ടങ്ങളും സര്‍ക്കാരിന്‍റെ പൊതുവികസന പദ്ധതികളും ഉള്‍പ്പെടുത്തി സൈബറിടങ്ങളില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ് മന്ത്രിമാരും. ശബരിമല വിവാദവും വിശ്വാസ സംരക്ഷണ ചര്‍ച്ചകളും സജീവമാകുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വികസന നേട്ടങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പുതിയ നയം.

NO COMMENTS