വീട്ടിലെ ആഘോഷങ്ങള്‍ക്ക് പാത്രങ്ങളും ഗ്ലാസുകളും ഇനി കാസര്‍കോട് നഗരസഭ വക

108

കാസര്‍കോട് : കല്യാണങ്ങളില്‍ നിന്നും മറ്റ് ആഘോഷ പരിപാടികളില്‍ നിന്നും പ്ലാസ്റ്റിക്കിനെ പടിക്ക് പുറത്താക്കാന്‍ കാസര്‍കോട് നഗരസഭയുടെ കരുതല്‍ . ഇനി മുതല്‍ ആഘോഷങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളുമൊക്കെ കാസര്‍കോട് നഗരസഭ തരും. പൊതുജനങ്ങള്‍ക്കും , കല്ല്യാണ മണ്ഡപങ്ങളും,മറ്റു ചടങ്ങുകള്‍ക്കും മിതമായ നിരക്കില്‍ വാടക കൊടുത്താല്‍ മാത്രം മതി.

ഹരിത കര്‍മ്മ സേനാംഗങ്ങള്‍ പാത്രങ്ങളും ഗ്ലാസുകളുമൊക്കെ നല്‍കും.ഇതിനായി കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന 1000 സ്റ്റീല്‍ പ്ലേറ്റുകളും ,1000 ചെറിയ പ്ലേറ്റുകളും ,1000 സ്റ്റീല്‍ ഗ്ലാസുകളുമാണ് നഗരസഭ വാങ്ങിയിരിക്കുന്നത്. സംസ്ഥാനത്ത് ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ നിരോധനം നിലവില്‍ വന്ന സാഹചര്യത്തില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് ഉപയോഗം ലഘൂകരിക്കുന്നതിനായി നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്.

തുടക്കം മുന്‍ നഗരസഭാ ചെയര്‍മാന്‍

ഹരിതചട്ടം പാലിച്ച് കല്ല്യാണങ്ങളും ആഘോഷങ്ങളും നടത്തുന്നതിന് തുടക്കം കുറിച്ച് മുന്‍ നഗരസഭാ ചെയര്‍മാന്‍ ടി. ഇ അബ്ദുള്ള മാതൃകയായി.രണ്ട് ദിവസം മുന്‍പ് നടന്ന ടി ഇ അബ്ദുള്ളയുടെ മകന്റെ വിവാഹചടങ്ങുകള്‍ പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ചാണ് സംഘടിപ്പിച്ചത്.നഗരസഭയുടെ ഹരിത കര്‍മ്മ സേനാംഗങ്ങളില്‍ നിന്നും വാങ്ങിയ കഴുകി ഉപയോഗിക്കാവുന്ന സ്റ്റീല്‍ പ്ലേറ്റുകളും സ്റ്റീല്‍ ഗ്ലാസ്സുകളുമാണ് ചടങ്ങിന് ഉപയോഗിച്ചത്. ടി. ഇ അബ്ദുള്ളയുടെ വീട്ടില്‍ ചെയര്‍പേഴ്‌സണ്‍ ,സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍മാന്‍മാര്‍, നഗരസഭാ സെക്രട്ടറി ,ഹരിതസേനാംഗങ്ങള്‍ എന്നവരെത്തിയാണ് പാത്രങ്ങള്‍ കൈമാറിയത്.

പാത്രങ്ങള്‍ക്കും ഗ്ലാസുകള്‍ക്കും വിളിക്കാം

വീട്ടിലെ ആഘോഷങ്ങള്‍ ഹരിതാഭമാക്കാന്‍ കാസര്‍കോട് നഗരസഭാ പരിധിയിലുള്ളവര്‍ക്ക് നഗരസഭയാ ഹരിതകര്‍മ്മ സേനയുമായി ബന്ധപ്പെടാം.സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസ്സുകളും ആവശ്യമുള്ളവര്‍ ഗായത്രി കിനി (9037974971), രമ്യ.ടി.എസ് (7034588131) എന്നീ ഹരിതകര്‍മ്മ സേനാംഗങ്ങളെ ബന്ധപ്പെടണം.

NO COMMENTS