കോട്ടപ്പുറം മാർക്കറ്റിലെ അനധികൃത നിർമ്മാണം മൂന്ന് ദിവസത്തിനുള്ളിൽ പൊളിച്ചു നീക്കും

112

തൃശൂർ : കോട്ടപ്പുറം മാർക്കറ്റിൽ സ്വകാര്യ വ്യക്തികൾ നടത്തിയ അനധികൃത നിർമ്മാണം മൂന്ന് ദിവസത്തിനകം പൊളിച്ചു നീക്കാൻ കൊടുങ്ങല്ലൂർ നഗരസഭ ചെയർമാന്റെ നിർദ്ദേശം. നിലവിൽ അനുമതിയില്ലാത്തതും നേരത്തെയുള്ള ധാരണകൾക്ക് വിരുദ്ധമായി നിർമ്മിച്ചിട്ടുള്ളതുമായ കോൺക്രീറ്റ് പില്ലറുകളും ഫൗണ്ടേഷനും മേൽക്കൂരയിടാനുള്ള ഇരുമ്പ് ഫ്രെയിമുകളും പൊളിച്ചു നീക്കുന്നതിന് എഞ്ചിനിയറെ ചുമതലപ്പെടുത്തി.

ചെയർമാൻ കെ.ആർ. ജൈത്രന്റെ അധ്യക്ഷതയിൽ ചേർന്ന കക്ഷി നേതാക്കളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. കോട്ടപ്പുറം ചന്തയെ മുസിരിസ് മാതൃകയിൽ സംരക്ഷിച്ച് അനധികൃതമായി നടത്തുന്ന നിർമ്മാണങ്ങളും കച്ചവടങ്ങളും ഒഴിവാക്കി ജനോപകാരപ്രദമായി നിലനിർത്തുവാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. അനധികൃത നിർമ്മാണം പൊളിച്ചു നീക്കിയതിന് ശേഷം നഗരസഭ നേരത്തെ തയാറാക്കിയ പ്ലാൻ പ്രകാരം പൈപ്പ്, ഷീറ്റ് എന്നിവ ഉപയോഗിച്ച് താൽക്കാലിക ഷെഡ് നിർമ്മിക്കുവാൻ അനുമതി നൽകും.

ബന്ധപ്പെട്ടവർ പൊളിച്ച് നീക്കിയില്ലെങ്കിൽ നഗരസഭയുടെ ചെലവിൽ പൊളിച്ച് നീക്കി നിയമപരമായ നടപടികൾ സ്വീകരിക്കും. പുതിയതായി നിർമ്മിച്ച ഷോപ്പിങ് കോംപ്ലക്‌സ് ഉടനെ ലേലം ചെയ്തു നൽകുകയും ചെയ്യും. യോഗത്തിൽ കൗൺസിലർമാരായ കെ.എസ് കൈസാബ്, സി.കെ.രാമനാഥൻ വി.ജി.ഉണ്ണികൃഷ്ണൻ, വി.എം.ജോണി, ടി.എസ്.സജീവൻ, എഞ്ചിനീയർ സി.എസ്.പ്രകാശൻ, ഹെൽത്ത് സൂപ്പർവൈസർ കെ.വി.ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

NO COMMENTS