ദിലീപ് അടക്കമുള്ള പ്രതികൾ മൂന്ന് ദിവസം ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണം ; ഹൈക്കോടതി

16

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികൾ മൂന്ന് ദിവസം ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി. ചോദ്യം ചെയ്യിലിന് ശേഷം വിവരങ്ങൾ കോടതിയെ അറിയിക്കണം. രാവിലെ ഒമ്പത് മുതൽ രാത്രി എട്ട് വരെയാണ് ചോദ്യം ചെയ്യലിന് അനുമതിയുള്ളത്.

വ്യാഴാഴ്ച മുൻകൂർ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും. ഏത് അന്വേഷണത്തിനും തയാറാകാമെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും ചോദ്യം ചെയ്യലിനായി എത്ര ദിവസം വേണമെങ്കിലും ഹാജരാകാൻ തയാറാണെന്നും ദിലീപ് കോടതിയിൽ വ്യക്തമാക്കിയിരുന്നു.

ദിലീപിനു പുറമേ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി.എൻ. സൂരജ്, ബന്ധുവായ അപ്പു സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്ത് ആലുവ സ്വദേശി ശരത് എന്നിവരാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടിയിരുന്നത്. ഇവരും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം. ദിലീപിന്റെ ജാമ്യഹർജിയെ എതിർത്തുകൊണ്ട് വിശദമായ എതിർ സത്യവാങ്മൂലമാണ് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് നടത്തിയ ഗൂഡാലോചന തുടങ്ങി മറ്റ് ഇടപെടലുകൾ വ്യക്തമാക്കുന്ന രേഖകളും കോടതിയിൽ ഹാജരാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകട്ടേയെന്നും എന്നിട്ട് ജാമ്യ ഹർജി പരിഗണിച്ചാൽ പോരെയെന്നും കോടതി ചോദിച്ചു. എന്നാൽ പ്രോസിക്യൂഷൻ ഇതിനെ എതിർത്തെങ്കിലും ചോദ്യം ചെയ്യലിന് ശേഷം ഹർജി പരിഗണിക്കാമെന്ന തീരുമാനത്തിലേക്ക് കോടതി എത്തുകയായിരുന്നു.

നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെതിരേ പുതിയ വകുപ്പ് കൂടി ക്രൈംബ്രാഞ്ച് ചേർത്തിട്ടുണ്ട്. മുൻപ് ചുമത്തിയ വകുപ്പുകളിൽ മാറ്റംവരുത്തി കൊലപാതകം നടത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള ഗൂഢാലോചന നടത്തി യെന്ന വകുപ്പ് കൂട്ടിച്ചേർക്കുകയായിരുന്നു.

ലൈംഗികാതിക്രമത്തിനായി കുറ്റവാളികളുടെ സംഘത്തിന് ക്വട്ടേഷൻ നൽകിയതും അത് അന്വേഷിച്ച ഉദ്യോ ഗസ്ഥനെ വകവരുത്താൻ ഗൂഢാലോചന നടത്തിയതും കേരള ചരിത്രത്തിൽ ആദ്യമാണെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും എന്നാൽ മാത്രമേ ഇതിന്റെ സത്യാ വസ്ഥ പുറത്തുകൊണ്ടുവരുവാൻ സാധിക്കുകയുള്ളൂവെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെടുക യായിരുന്നു. അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നും പോലീസിന് ദിലീപിനോടുള്ള വൈരാഗ്യമാണ് കേസിന് പിന്നിലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ദിലീപിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ബി രാമൻപിള്ളയാണ് കോടതിയിൽ ഹാജരായത്.

ജാമ്യ ഹർജിയെ എതിർത്തുകൊണ്ട് വളരെ വിശദമായ എതിർ സത്യവാങ്മൂലമാണ് പ്രോസിക്യൂട്ടർ കോടതിയി ൽ സമർപ്പിച്ചിരുന്നത്. കേസിന്റെ വിചാരണ വേളയിൽ വിചാരണ കോടതിയെ പ്രതിക്കൂട്ടിലാക്കുന്ന വാദങ്ങളാണ് പ്രോസിക്യൂഷൻ നടത്തിയത്. അതേ സമയം കേസ് വാദം ആരംഭിച്ച് വിശദമായ വാദത്തിലേക്ക് കടക്കുന്നതിന് മുൻപ് തന്നെ സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ജസ്റ്റിസ് പി. ഗോപിനാഥ് ചില സംശയങ്ങൾ ഉന്നയിക്കുകയായിരുന്നു.

ഒരാൾ എവിടെയെങ്കിലും ഇരുന്ന് എന്തെങ്കിലും പറഞ്ഞാൽ ഗൂഡാലോചന സ്വഭാവത്തിലേക്ക് വരുമോ എന്ന് കോടതി ചോദിച്ചു. കൂടാതെ കൃത്യം നടത്തിയാൽ മാത്രമല്ലേ കൃത്യത്തിനുള്ള പ്രേരണ അത് കുറ്റകൃത്യമായി മാറുകയുള്ളു എന്നും കോടതി ചോദിച്ചു. എന്നാൽ പ്രോസിക്യൂഷൻ ഇതിനെ എതിർക്കുകയായിരുന്നു. കൃത്യമായ വധഗൂഢാലോചന നടന്നിട്ടുണ്ട്. അത് വ്യക്തമാക്കുന്ന രണ്ട് പുതിയ കൃത്യമായ തെളിവുകൾ പ്രോസ്കഷന് ലഭിച്ചിട്ടുണ്ട്. അത് ഇപ്പോൾ പരസ്യമാക്കാനാകില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കുകയായിരുന്നു.

NO COMMENTS