ഹൃദയശസ്‌ത്രക്രിയ കഴിഞ്ഞ ഗൃഹനാഥനെ ആർ എസ്എസ് സംഘം വീടുകയറി ആക്രമിച്ചു.

14

മുഹമ്മ : ഹൃദയശസ്‌ത്രക്രിയ കഴിഞ്ഞ ഗൃഹനാഥനെയും ബന്ധുക്കളെയും ബിജെപി–- ആർഎസ്എസ് സംഘം വീടുകയറി ആക്രമിച്ചു. നാലു പേർക്ക് പരിക്ക്‌. കായിപ്പുറത്ത് മറ്റത്തിൽവെളി എം ടി രമേശൻ, മകൻ രജീഷ്, ഇവരുടെ ബന്ധു വൈക്കം സ്വദേശി രാജേഷ്, കിഷോർലാൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരുപത്തഞ്ചോളം വരുന്ന സംഘമാണ്‌ മാരകായുധങ്ങളുമായി രമേശന്റെ വീട് ആക്രമിച്ചത്. വീട്ടുവളപ്പിൽ കിടന്ന കാർ തകർത്തു. സിപിഐ എം മുൻ ലോക്കൽ കമ്മിറ്റിയംഗവും കായിപ്പുറം സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന എം ടി രമേശൻ ഹൃദയശസ്‌ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുകയാണ്. അക്രമി സംഘത്തോട് ഇക്കാര്യം പറഞ്ഞെങ്കിലും ദേഹമാസകലം മർദിച്ചു. തടസംപിടിക്കാൻ ചെന്ന രാജേഷിന്റെ വാരിയെല്ല് അടിച്ചൊടിച്ചു. സിപിഐ എം അംഗമായ കിഷോർലാലിന്റെ കൈയ്‌ക്ക്‌ ഗുരുതര പരിക്കേറ്റു. സമീപത്തെ അമ്പലത്തിൽ ഉത്സവത്തിനുപോയ രജീഷ് വിവരമറിഞ്ഞു മടങ്ങിയപ്പോൾ ഇദ്ദേഹത്തെയും ആക്രമിക്കുകയായിരുന്നു.

മംഗളാനന്ദൻ, സുദർശനൻ, അശോകൻ, അശ്വിൻ, സൈജു, നടേശൻ, ദീപൻ എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമിച്ചതെന്ന് മർദനമേറ്റ രമേശനും കിഷോർലാലും പൊലീസിന് മൊഴി നൽകി. മുഹമ്മ പൊലീസ് കേസെടുത്തു. ആക്രമണ കാരണം അറിവായിട്ടില്ല.

NO COMMENTS

LEAVE A REPLY