താരങ്ങള്‍ ഉയര്‍ന്നുവരും കാസര്‍കോട്ടെ ആദ്യത്തെ ടെന്നീസ് കോര്‍ട്ട് നാടിന് സമര്‍പ്പിച്ചു.

74

കാസറഗോഡ് : പുതുവര്‍ഷത്തില്‍ കാസര്‍കോടിന് സമ്മാനമായി ലഭിച്ചതും സര്‍ക്കാര്‍ മേഖലയില്‍ ജില്ലയിലെ ആദ്യത്തെതുമായ ടെന്നീസ് കോര്‍ട്ട് റവന്യുഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നായന്മാര്‍മൂല മാസ്റ്റര്‍ അബ്ദുല്ല മെമ്മോറിയല്‍ മിനി സ്റ്റേഡിയത്തിന് സമീപമാണ് കോര്‍ട്ട് തുറന്നത്. പുതിയ താരങ്ങളെ ഉയര്‍ത്തിക്കൊണ്ട് വരാനും പ്രതിഭകള്‍ക്ക് കാര്യക്ഷമമായ പരിശീലനം നല്‍കാനുമുള്ള പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി പറഞ്ഞു.

കാസര്‍കോട് ടെന്നിസ് കോര്‍ട്ട് കൊണ്ട് വരുന്നതിനായി പ്രയത്‌നിച്ച ജില്ലാ കളക്ടറെയും ജനപ്രതിനിധികളെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിനെയും മന്ത്രി അഭിനന്ദിച്ചു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു റിപോര്‍ട്ട് അവതരിപ്പിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഹബീബ് റഹ്മാന്‍,ഗെയില്‍ കണ്‍സ്ട്രക്ഷന്‍ മാനേജര്‍ ആന്റണി ഡിക്രൂസ് സംബന്ധിച്ചു.

റവന്യൂ വകുപ്പിന് കീഴിലുള്ള 40 സെന്റ് ഭൂമിയിലാണ് കോര്‍ട്ട് സ്ഥാപിച്ചത്. ജില്ലാ ടെന്നിസ് അക്കാദമിയായി ഉയര്‍ത്തിക്കൊണ്ട് വരാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തുന്നത്. നിര്‍മാണപ്രവര്‍ത്തികള്‍ക്കായി ഗെയിലില്‍ നിന്നും അഞ്ച് ലക്ഷം രൂപയുടെ സാമൂഹിക പ്രതിബദ്ധത ഫണ്ട് ലഭ്യമാക്കിയിരുന്നു. കോവിഡ്19 നിയന്ത്രണങ്ങള്‍ ഒഴിവായാല്‍ പൊതുജനങ്ങള്‍ക്ക് രാവിലെ 5.30 മുതല്‍ ഒമ്പത് വരെയും വൈകുന്നേരം ഏഴു മുതല്‍ അര്‍ധരാത്രി 12 വരെയും ടെന്നീസ് കോര്‍ട്ട് ഉപയോഗിക്കാം.

മണിക്കൂറിന് 250 രൂപയാണ് നല്‍കേണ്ടത്. പ്രവേശന ഫീസായി 1000 രൂപയാണ് ഈടാക്കുക. രണ്ട് പേര്‍, നാലുപേര്‍ എന്നിങ്ങനെ ഗ്രൂപ്പായി കളിക്കാന്‍ സാധിക്കും. ആവശ്യക്കാര്‍ക്ക് നാല് റാക്കറ്റും ടെന്നീസ് ബോളും 250 രൂപ ഈടാക്കി വാടകക്ക് നല്‍കുന്നതാണ്. 200 വാട്‌സ് വീതമുള്ള നാലു ഫ്‌ലഡ് ലൈറ്റ് ലാംപുകള്‍ വീതം നാലിടങ്ങളിലായി 9 മീറ്റര്‍ ഉയരത്തില്‍ സ്ഥാപിക്കുവാനും ഗ്രൗണ്ട് നനക്കുവാനുള്‍പ്പടെയുള്ള വെള്ളവും അക്കാദമിയിലേക്കാവശ്യമായ വൈദ്യുതിയും സൗജന്യമായി ലഭ്യമാക്കാനുമുള്ള നടപടി സ്വീകരിക്കുന്നുണ്ട്.

സൗജന്യപരിശീലനം*

കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിച്ചതിന് ശേഷം അഞ്ച് മുതല്‍ പതിനഞ്ച് വയസ് വരെയള്ള ബിപിഎല്‍ വിഭാഗത്തില്‍ പെടുന്ന കുട്ടികള്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ പരിശീലനം നല്‍കും. മറ്റുള്ളവരില്‍ നിന്നും നിശ്ചിത ഫീസ് വാങ്ങും. എല്ലാ ദിവസവും വൈകുന്നേരം നാല് മുതല്‍ 5.30 വരെയായിരിക്കും പരിശീലനം. ഇതിനായി പരിശീലകരെ നിയമിക്കും.

വേനലവധികളില്‍ അമ്പത് വിദ്യാര്‍ത്ഥികള്‍ വീതമടങ്ങുന്ന രണ്ട് ബാച്ചുകള്‍ക്ക് പ്രത്യേക കോച്ചിങ്ങ് നല്‍കും. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കായിരിക്കും അവസരമുണ്ടാവുക. കോച്ചിങിന് നിശ്ചിത ഫീസ് വാങ്ങും. ഇതില്‍ നിര്‍ധനരായ 20 കുട്ടികള്‍ക്ക് പരിശീലനം സൗജന്യമായിരിക്കും. രാവിലെ ഒമ്പത് മുതല്‍ 11 വരെയും ഉച്ച കഴിഞ്ഞ മൂന്ന് മുതല്‍ 4.30 വരെയും രണ്ട് ബാച്ചുകളായാണ് പരിശീലനം നടത്തുക. ജില്ലാ കളക്ടര്‍ ചെയര്‍മാനായും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കണ്‍വീനറുമായ മോണിറ്ററിങ് കമ്മിറ്റിയായിരിക്കും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക. ജില്ലാ ടെന്നീസ് അസോസിയേഷനാണ് കോര്‍ട്ടിന്റെ സംരക്ഷണച്ചുമതല നല്‍കിയിട്ടുള്ളത്. ടെന്നീസ് കോര്‍ട്ടിന് സമീപത്തു ഡ്രസിങ് റൂമും ശൗചാലയവും നിര്‍മിക്കുന്നുണ്ട്. കോര്‍ട്ടിന് ചുറ്റും മൂന്ന് മീറ്റര്‍ ഉയരത്തില്‍ കമ്പി വേലിയുമുണ്ടാവും.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ ശാന്തകുമാരി, പഞ്ചായത്ത് അംഗം എന്‍ എ മുഹമ്മദ് താഹിര്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ടി വി ബാലന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പി പി അശോകന്‍, എക്‌സിക്യുട്ടീവ് അംഗം വി പി ജാനകി, ജില്ലാ ടെന്നിസ് അസോസിയേഷന്‍ പ്രസിഡന്റ് പി നാരായണന്‍, കൗണ്‍സില്‍ സെക്രട്ടറി ഡോ. ഇ നസീമുദ്ദീന്‍, എന്‍ എ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍ എ അബൂബക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മുന്നോട്ട് കുതിച്ച് ഉത്തരമലബാര്‍ ടൂറിസം മേഖല നാലുവര്‍ഷത്തിനിടെ ചിലവഴിച്ചത് 500കോടിരൂപ

സഞ്ചാരികളെ അത്യാകര്‍ഷിക്കാന്‍ പ്രാപ്തമായ ജൈവപരവും സാംസ്‌കാരികവുമായ ഒട്ടേറെ പ്രത്യേകതകളുള്ള ഉത്തരമലബാറിന്റെ ടൂറിസം മേഖല മുന്നോട്ട് കുതിക്കുകയാണെന്നും പൊതുസമൂഹത്തിന്റെ പിന്തുണയോടെ ഇനിയും കൂടുതല്‍ ഉയരങ്ങളിലേക്കെത്താന്‍ സാധിക്കുമെന്നും ടൂറിസം വകുപ്പ് ഡയറക്ടര്‍ പി ബാലകിരണ്‍ പറഞ്ഞു. പാണാര്‍ക്കുളത്ത് ആരംഭിക്കുന്ന കാസ്രോട് കഫേയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രദേശത്തിന്റെ സവിഷേഷമായ വൈവിധ്യം ടൂറിസം ഉത്പന്നമാക്കി ലോകത്തിന് മുന്നില്‍ തുറന്ന് കൊടുക്കാനുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചു വരുന്നത്. ഉത്തരമലബാറില്‍ ടൂറിസം വികസനത്തിനായി നാലുവര്‍ഷത്തിനിടെ 500 കോടിയലധികം രൂപ ചെലവഴിച്ചെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയില്‍ പുതിയ നയം സ്വീകരിച്ചതിന്റെ ഫലമായ കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയ പുരോഗതിയാണ് സംസ്ഥാനം കൈവരിച്ചിട്ടുള്ളത്.

നിരവധി ദേശീയഅന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടി. തെക്കന്‍ ജില്ലകളില്‍ മാത്രം കേന്ദ്രീകരിച്ചിരുന്ന ടൂറിസം വികസനത്തെ വടക്കന്‍ കേരളത്തിലേക്കും വ്യാപിപ്പിക്കാന്‍ കഴിഞ്ഞു. ലേഷര്‍ ടൂറിസത്തില്‍ നിന്നും മാറിച്ചിന്തിച്ച് പുതിയ ടൂറിസം ഉത്പന്നങ്ങള്‍ ആവിഷ്‌കരിക്കാനും 365 ദിവസവും പ്രയോജനപ്പെടുത്താവുന്ന തരത്തില്‍ ടൂറിസത്തെ വികസിപ്പിക്കാനുള്ള പദ്ധകള്‍ ആസൂത്രണം ചെയ്യാനും സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട് അനന്ത സാധ്യതകള്‍

സംസ്ഥാന ടൂറിസം വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, ബേക്കല്‍ റിസോര്‍ട്‌സ് ഡെവലപ്പ്മന്റ് കോര്‍പറേഷന്‍, കാസറഗോഡ് വികസന പാക്കേജ് എന്നിവ വഴി നടപ്പിലാക്കി വരുന്ന നിരവധി ടൂറിസം പദ്ധതികളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പുരോഗമിച്ചു വരുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു പറഞ്ഞു.

ബേക്കലില്‍ ആരംഭിച്ച് ബേക്കലില്‍ അവസാനിക്കുന്ന ജില്ലയുടെ ടൂറിസത്തിന്റെ അവസ്ഥക്ക് മാറ്റം വരുത്തുന്നതിന്റെ ഭാഗമായി ജില്ലയുടെ വടക്കേ അറ്റത്തുള്ള ഹില്‍ സ്റ്റേഷനായ പൊസഡി ഗുംപെയുടെ ടൂറിസം വികസനത്തിനുള്ള പദ്ധതി, ജില്ലയുടെ തെക്കന്‍ മലയോര മേഖലയായ കൊന്നക്കാട് കോട്ടഞ്ചേരിയുടെ ടൂറിസം വികസനത്തിനുള്ള പദ്ധതി, കാഞ്ഞങ്ങാടിന് സമീപം മഞ്ഞമ്പതി കുന്നിന്റെ ടൂറിസം വികസനത്തിനുള്ള പദ്ധതി, ബീച്ച് ടൂറിസം വികസിപ്പിക്കുന്നതിന്റെ ഭാഗമായി മഞ്ചേശ്വരം ഹൊസബെട്ടു ബീച്ച്, കീഴൂര്‍ചെമ്പരിക്ക ബീച്ച്, കാഞ്ഞങ്ങാട് ഹൊസ്ദുര്‍ഗ് ബീച്ച്, നിലേശ്വരം അഴിത്തല ബീച്ച് എന്നിവ ആസൂത്രണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ബേക്കല്‍ കോട്ട കാണാന്‍ എത്തുന്ന വിനോദ സഞ്ചാരികളെ വരവേല്‍ക്കാനുള്ള സ്വാഗത കമാനത്തിന്റെ നിര്‍മാണവും അന്തിമ ഘട്ടത്തിലാണ്. കോട്ടപ്പുറത്തെ ഹൗസ് ബോട്ട് ടെര്‍മിനലിന്റെ നിര്‍മാണവും പുരോഗമിച്ചുവരുന്നു.

ഒബ്‌സര്‍വര്‍ക്ക് ടെന്നിസ് കളിക്കണമെന്ന്: ജില്ലാ കളക്ടര്‍ കാസര്‍കോടിന് സമ്മാനിച്ചത് ടെന്നിസ് കോര്‍ട്ട്

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് നിരീക്ഷകനായി ജില്ലയിലെത്തി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എസ് ഗണേഷിന് തന്റെ ദിനചര്യ തെറ്റിക്കാനാവുമായിരുന്നില്ല. നേരത്തേ തമിഴ്‌നാട് ടെന്നിസ് താരമായിരുന്ന ഗണേഷിന് രാവിലെ എന്നും ടെന്നിസ് കളിക്കുക പതവായിരുന്നു. കാസര്‍കോടെത്തിയ അദ്ദേഹം ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബുവിനോട് ഒരു ആവശ്യമേ ഉന്നയിച്ചിരുന്നുള്ളൂ.

രാവിലെ ടെന്നിസ് കളിക്കാന്‍ സാധിക്കണം. മറ്റു കായിക വിനോദങ്ങളില്‍ തല്‍പരരാണെങ്കിലും ടെന്നിസ് കളിയോട് വലിയ ആഭിമുഖ്യമില്ലാത്ത മേഖലയില്‍ ഒരു ടെന്നിസ് കോര്‍ട്ട് എങ്ങനെ വരാനാണ്. നിരീക്ഷകന്‍ തല്‍ക്കാലം തന്റെ ദിനചര്യ തെറ്റിച്ച് ജില്ലയുമായി പൊരുത്തപ്പെട്ട് തന്നിലര്‍പ്പിച്ച ജോലി ഭംഗിയായി നിര്‍വഹിച്ച് തിരിച്ച് പോയെങ്കിലും ജില്ലാ കളക്ടറുടെ മനസിലത് ഒരു ന്യൂനതയായി നിലനില്‍ക്കുകയായിരുന്നു. അങ്ങനെയാണ് അദ്ദേഹം ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സായ കാസര്‍കോട് മേഖലയില്‍ തന്നെ ഒരു ടെന്നിസ് കോര്‍ട്ട് നിര്‍മിക്കണമെന്ന നിശ്ചയദാര്‍ഡ്യത്തിലെത്തിയത്. പിന്നീടെല്ലാം പെട്ടെന്നായിരുന്നു.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റിന് സമീപത്ത് തന്നെ അദ്ദേഹം ആവശ്യമായ സ്ഥലം കണ്ടെത്തി. പദ്ധതി നടപ്പാക്കാനുള്ള തുക കണ്ടെത്താന്‍ ഗെയിലിന്റെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് ലഭ്യമാക്കി. അങ്ങനെയാണ് 2020 പുതുവര്‍ഷപ്പുലരിയില്‍ ജില്ലയ്ക്കുള്ള സമ്മാനമായി ടെന്നിസ് കോര്‍ട്ടിന് തറക്കല്ലിട്ടത്. രണ്ട് മാസത്തിനകം പ്രവര്‍ത്തനസജ്ജമാക്കണമെന്ന ഉദ്ദേശത്തില്‍ നിര്‍മാണം വേഗത്തില്‍ തന്നെ പൂര്‍ത്തിയാക്കി. മാര്‍ച്ച് 15ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരനെ ഉദ്ഘാടനം ചെയ്യിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നതെങ്കിലും നിനച്ചിരിക്കാതെ കോവിഡ് മഹാമാരി എല്ലാ പദ്ധതികളെയും അവതാളത്തിലാക്കി.

കാശുള്ളവരുടെ വിനോദമാക്കി മാറ്റില്ല

സമൂഹത്തിലെ കാശുള്ളവരുടെ മാത്രം വിനോദമാക്കി മാറ്റാതെ എല്ലാ വിഭാഗം പ്രതിഭകള്‍ക്കും പ്രാപ്തമാക്കി മാറ്റുന്നതിനുള്ള നടപടികളാണ് കളക്ടര്‍ സ്വീകരിച്ചിട്ടുള്ളത്. ഇത് സാധ്യമാക്കാനായി കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു കഴിഞ്ഞാലുടന്‍ 5 വയസുമുതല്‍ 15 വയസുവരെയുള്ള ബി പി എല്‍ വിഭാഗത്തില്‍ പെടുന്ന കുട്ടികള്‍ക്ക് വൈകുന്നേരം നാലു മണിമുതല്‍ 5.30 വരെയുള്ള സമയത്തു സൗജന്യമായി ടെന്നീസ് പരിശീലനം നല്‍കും. ജില്ലാ ടെന്നിസ് അക്കാദമിയായി വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

ജില്ലാ ടെന്നിസ് അക്കാദമിയുടെയും ഭൂമിയുടെയും പൂര്‍ണ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിനും പരിപൂര്‍ണ അധികാരവും സംരക്ഷണ ചുമതലയും ജില്ലാ കളക്ടര്‍ അധ്യക്ഷനായുള്ള അഡ്‌ഹോക് കമ്മിറ്റിക്കുമായിരിക്കും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കണ്‍വീനറും സെക്രട്ടറി ട്രഷററുമായിരിക്കും. ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് 21ാം വാര്‍ഡ് അംഗം, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നോമിനി, ഡിസ്ട്രിക്ട് ലോണ്‍ ടെന്നീസ് അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവരായിരിക്കും അഡ്‌ഹോക് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.

നേരത്തേ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുകയായിരുന്നു കാസര്‍കോട് ജില്ല. ഇതില്‍ നിന്നും മുന്‍നിരയിലെത്തിക്കാന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായിച്ചേര്‍ന്ന് ആവിഷ്‌കരിച്ച ‘പതിമൂന്നില്‍ നിന്ന് ഒന്നിലേക്ക്’ എന്ന ലക്ഷ്യത്തിലെത്തിച്ചേരാന്‍ ടാലന്റ് ഹണ്ട് പോലെയുള്ള തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ച് മുന്നേറവെയാണ് കോവിഡ് മഹാമാരി വഴിമുടക്കിയായി വന്നത്. കോവിഡ്19 വരുത്തി വെച്ച പ്രത്യേക സാഹചര്യത്തില്‍ കോവിഡിനൊപ്പം സഞ്ചരിച്ചായിരിക്കും ഇനി കാസര്‍കോടിന്റെ കായിക മേഖല മുന്നേറുക.

NO COMMENTS