കോവിഡ് ബ്രിഗേഡിന്റെ ആദ്യബാച്ച് ഇന്ന് മുതല്‍ ജില്ലയില്‍

26

കാസറഗോഡ് : കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ രൂപം നല്‍കിയ കോവിഡ് ബ്രിഗേഡിന്റെ ആദ്യ സംഘം ഇന്ന് (ഓഗസ്റ്റ് 26)മുതല്‍ ജില്ലയിലെ സിഎഫ്എല്‍ടിസികളില്‍ കര്‍മ്മനിരതരാവും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ നേതൃത്വത്തില്‍ നടത്തിയ നാല് ദിവസത്തെ പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യബാച്ചിലെ 25 അംഗ ആരോഗ്യപ്രവര്‍ത്തകരാണ് ഇവരാണ്.

സംഘത്തില്‍ അഞ്ച് ഡോക്ടര്‍മാരും 12 സ്റ്റാഫ് നേഴ്‌സും നാല് വീതം ലാബ് ടെക്‌നീഷ്യനും ഫാര്‍മസിസ്റ്റുമാണ് ഉള്ളത്.കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഡോക്ടര്‍മാരുടെ ക്ഷാമം നേരിടുന്ന കാസര്‍കോട് ജില്ലയില്‍ ഇവരുടെ സേവനം വലിയ മുതല്‍ കൂട്ടാകുമെന്ന് ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ രാമന്‍ സ്വാതി വാമന്‍ പറഞ്ഞു.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് ബ്രിഗേഡിന്റെ ആദ്യസംഘത്തെ ഫ്‌ളാഗ് ഓഫ് ചെയ്ത് കാസര്‍കോടേക്ക് യാത്രയാക്കി.ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു.

കോവിഡ്19ജാഗ്രത പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത് സ്വയംസന്നദ്ധരായി മുന്നോട്ട് വന്ന ആരോഗ്യപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയാണ് കോവിഡ് ബ്രിഗേഡ് രൂപവത്കരിച്ചത്.ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയാണ് സി എഫ് എല്‍ ടി സികളില്‍ നിയോഗിക്കുന്നത്.

NO COMMENTS