ഭാവിതലമുറയെ നിര്‍ജീവമാക്കാനുള്ള ലഹരിമാഫിയയുടെ നീക്കം പരാജയപ്പെടുന്നു: റവന്യു മന്ത്രി

14

കാസറഗോഡ് :സമൂഹത്തിലെ ഭാവിയുടെ വാഗ്ദാനങ്ങളായ യുവജനങ്ങളെയും വിദ്യാര്‍ത്ഥികളെയും ലഹരിപദാര്‍ത്ഥങ്ങളിലകപ്പെടുത്തി നിര്‍ജീവമാക്കാനുള്ള നീക്കങ്ങള്‍ പരാജയപ്പെടുന്നുണ്ടെന്നും ലഹരി വിമുക്ത കേരളമെന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ വലിയ ഇടപെടലുകളാണ് നടത്തുന്നതെന്നും റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

ബദിയഡുക്ക എക്‌സൈസ് റെയിഞ്ച് ഓഫീസുള്‍പ്പെടെ സംസ്ഥാനത്തെ നാല് എക്‌സൈസ് ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനതയെ ലഹരിയില്‍ നിന്നും മോചിപ്പിക്കാനുമുള്ള വലിയ ദൗത്യമാണ് സര്‍ക്കാരിനു മുന്നിലുള്ളത്. ഭൗതിക സൗകര്യങ്ങള്‍ ഉറപ്പ് വരുത്താനായി നിരവധി പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നടപ്പാക്കിയത്. ലഹരി മാഫിയയുടെ സ്വാധീനം വ്യാപിപ്പികാനുള്ള ശ്രമവും അതിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള നീക്കവും ചെറുത്ത് പരാജയപ്പെടുത്തേണ്ടതുണ്ട്.

എക്സൈസ് ഓഫീസുകള്‍ക്ക് പുതിയ കെട്ടിടം വരുന്നതോടെ സൗകര്യങ്ങള്‍ വര്‍ധിക്കും. ജീവനക്കാര്‍ക്കുണ്ടാകുന്ന സൗകര്യം പൊതുജനത്തിനും ലഭിക്കും. ലഹരിവര്‍ജനത്തിനായി വലിയ പ്രചാരണവും ഇടപെടലുകളുമാണ് നടക്കുന്നതെന്നും ലഹരി വിമുക്ത കേരളമെന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ പൊതുസമൂഹത്തിന്റെ പിന്തുണയും അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.

വ്യാജമദ്യവും മയക്കുമരുന്നും സംസ്ഥാനത്ത് ശക്തമായി സാന്നിധ്യം ഉറപ്പിച്ചിരിക്കുന്ന കാലമാണെന്നും ഇതിനെതിരേ ശക്തമായ നടപടി വേണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. ലഹരിയെന്ന വിപത്തിനെ പ്രതിരോധിക്കുന്നതിനും മാഫിയകള്‍ക്കെതിരേ ശക്തവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കാന്‍ വകുപ്പിനെ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്. തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ വലിയ വിപത്തായിരിക്കും അരങ്ങേറുക.

സംസ്ഥാന അതിര്‍ത്തി മേഖലയായതിനാല്‍ കാസര്‍കോട് ജില്ലയിലേക്ക് ലഹരി ഉത്പന്നങ്ങള്‍ കടന്നു വരാനുള്ള സാധ്യതകളേറെയുണ്ടെന്നും ഇത് പ്രതിരോധിക്കാനായി ജില്ലയില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പല പ്രതിസന്ധികള്‍ക്കിടയിലും അതിനെയെല്ലാം അതിജീവിച്ച് ലഹരിമുക്ത കേരളമെന്ന ലക്ഷ്യത്തിന് പ്രയത്നിക്കുന്ന ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു. ജില്ലയുടെ ഏറെക്കാലത്തെ സ്വപ്നമായ എക്സൈസ് ടവര്‍ കാസര്‍കോട് പുലിക്കുന്നില്‍ നിര്‍മിക്കാന്‍ ഭരണാനുമിതി ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ ടെന്‍ഡര്‍ വിളിച്ച് ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS