കാലവര്‍ഷക്കെടുതി നേരിടാന്‍ ജില്ല സുസജ്ജമെന്ന് കാസറഗോഡ് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു

144

കാസറഗോഡ്: കാലവര്‍ഷക്കെടുതി നേരിടാന്‍ ജില്ലാ സുസജ്ജമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു പറഞ്ഞു. അപ്രതീക്ഷിതമായാണ് ജില്ലയില്‍ അതിശക്തമായ മഴ പെയ്തത്. ഇതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ജില്ലാ ദുരന്തനിവാരണ അതോറിട്ടി പൊതുജനങ്ങള്‍ക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും മുന്നറിയിപ്പ് നല്‍കിയതിനാല്‍ കെടുതികള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ ആസ്ഥാനത്തും താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മഴക്കെടുതിയുമായി ബന്ധപ്പെട്ട് എന്ത് ആവശ്യങ്ങള്‍ക്കും ജനങ്ങള്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാം.

റവന്യു, തീരദേശ പോലീസ്, ഫിഷറീസ്, ഫയര്‍ഫോഴ്‌സ്, പോലീസ് സംവിധാനങ്ങള്‍ ഏത് അടിയന്തര സാഹചര്യങ്ങള്‍ നേരിടുവാനും തയ്യാറാണ്. രക്ഷാപ്രവര്‍ത്തനത്തിന് നീലേശ്വരം അഴീത്തലയില്‍ റെസ്‌ക്യു ബോട്ടും കാസര്‍കോട് കീഴൂരില്‍ വലിയ വള്ളവും സജ്ജമാണ്. പരിശീലനം ലഭിച്ച രക്ഷാഭടന്മാരെയും ഏതു സാഹചര്യവും നേരിടാന്‍ തയ്യാറാണ്. തീരദേശ പോലീസും ജാഗ്രത പാലിക്കുന്നുണ്ട്.

മധൂര്‍ പട്‌ല പാടത്തുനിന്നും വെള്ളം കയറിയതിനെ തുടര്‍ന്ന് 33 കുടുംബങ്ങളെ പ്രദേശത്തുനിന്നും ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ മാറ്റി. 40 ദിവസം പ്രായമുള്ള കുഞ്ഞും അമ്മയും ഉള്‍പ്പെടെയുള്ള കുടുംബങ്ങളെയാണ് ബന്ധുവീടുകളിലേക്കും മറ്റുമായി മാറ്റിയത്. പരപ്പ വില്ലേജിലെ മുണ്ടത്തടുക്കം ക്വാറിയില്‍ ഡ്രൈനേജിന്റെ കരയില്‍ താമസിക്കുന്ന ഒരു കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചു. കാഞ്ഞങ്ങാട് അരയി പാലം വെള്ളത്തില്‍ മുങ്ങി ഗതാഗതം തടസപ്പെട്ടു. വെള്ളരിക്കുണ്ട് താലൂക്കിലെ കിനാനൂരില്‍ നാലു വീടുകളില്‍ വെള്ളം കയറി. ഇവിടെ ഉണ്ടായിരുന്ന 13 പേരെ കിനാനൂര്‍ എല്‍.പി സ്‌കൂളിലേക്ക് മാറ്റി.

മഴ ശക്തമായതിനാല്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയക്കാന്‍ നിര്‍ദേശം നല്‍കി. വെള്ളം കെട്ടിനില്‍ക്കുന്ന ക്വാറികള്‍ക്കു ചുറ്റും സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തണം. വിദ്യാലങ്ങള്‍ക്ക് സമീപമുള്ള ക്വാറികളില്‍ പ്രത്യേക ജാഗ്രത പാലിക്കുവാന്‍ ജിയോളജിസ്റ്റിനും വിദ്യാഭ്യാസ വകുപ്പിനും നിര്‍ദേശം നല്‍കി. കടലാക്രമണം നേരിടാന്‍ ജിയോ ബാഗുകള്‍ ഉപയോഗിക്കാന്‍ ജലസേചന വകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലയില്‍ 23 വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.

NO COMMENTS