ഒമിക്രോണ്‍ ഭീഷണി നേരിടാന്‍ ജാഗ്രത ശക്തമാക്കി ജില്ലാ ഭരണകൂടം നെടുമ്പാശ്ശേരിയിൽ പരിശോധനയ്ക്ക് വിപുലമായ സൗകര്യം അമ്പലമുകളിൽ ഐസലേഷന്‍ കേന്ദ്രം

18

കോവിഡ് വകഭേദമായ ഒമിക്രോണ്‍ സാന്നിധ്യം വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ജില്ലയിൽ മുന്‍കരുതൽ നടപടികള്‍ ശക്തമാക്കിയതായി ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ വിദേശത്തു നിന്നും എത്തുന്ന യാത്രക്കാരുടെ ആര്‍.ടി.പി.സി.ആര്‍ പരിശോധന യ്ക്കുള്ള സൗകര്യങ്ങള്‍ വിപുലീകരിച്ചു.

12 ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്കും മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവരില്‍ അഞ്ചു ശതമാനം യാത്രക്കാര്‍ക്കും വിമാനത്താവളത്തിൽ തന്നെ ആര്‍.ടി.പി. സി.ആര്‍ പരിശോധന നടത്തും. നാല് മണിക്കൂറിനുള്ളിൽ പരിശോധന ഫലം ലഭ്യമാകും. അതുവരെ യാത്രക്കാര്‍ക്ക് വിമാനത്താവളത്തിൽ കഴിയാന്‍ പ്രത്യേക ഹോള്‍ഡിംഗ് ഏരിയ സജ്ജമാക്കി. ആര്‍.ടി.പി.സി.ആര്‍ ഫലം പൊസിറ്റീവാകുന്ന യാത്രക്കാരെ പാര്‍പ്പിക്കാന്‍ അമ്പലമുകളിലെ പ്രത്യേക കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നൂറ് കിടക്കകളും നീക്കിവച്ചിട്ടുണ്ട്.

വിദേശത്തു നിന്നും ആ‍‍ര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമാണ് എയര്‍ലൈനുകള്‍ യാത്ര അനുവദിക്കുന്നത്. ഇവരിൽ 12 ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നുള്ളവരും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരില്‍ റാന്‍ഡം സെലക്ഷനിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന അഞ്ചു ശതമാനം പേരും വിമാനത്താവളത്തില്‍ വീണ്ടും ആര്‍.ടി. പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയരാകണം.

വിമാനത്താവളത്തിലെ ആര്‍.ടി.പി.സി.ആര്‍ പരിശോധനയിൽ പൊസിറ്റിവാകുന്നവരുടെ സ്രവസാമ്പിള്‍ ജീനോമിക് പരിശോധനക്കയക്കുകയും ഇവരെ ഉടനടി ഐസലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റുകയുമാണ് നടപടി. ഒമിക്രോണ്‍ വകഭേദം സംബന്ധിച്ച പരിശോധന റിപ്പോര്‍ട്ട് പൊസിറ്റീവാ ണെങ്കിൽ ഇതു സംബന്ധിച്ച് ചികിത്സാ പ്രോട്ടോകോള്‍ പാലിച്ചായിരിക്കും തുടര്‍ നടപടികള്‍.

ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നെത്തുന്നവരുടെ പരിശോധന ഫലം നെഗറ്റീവാണെങ്കില്‍ ഇവര്‍ അവരവരുടെ വീടുകളിലോ വാസസ്ഥലങ്ങളിലോ ഏഴ് ദിവസം ക്വാറന്‍റീനിൽ കഴിയണം. എട്ടാം ദിവസം വീണ്ടും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. ഇതിൽ ഫലം പൊസിറ്റിവാണെങ്കില്‍ സ്രവസാമ്പിള്‍ ജീനോമിക് പരിശോധനയ്ക്കയക്കുകയും യാത്രക്കാരനെ ഐസലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്യും. ഒമിക്രോണ്‍ വകഭേദം സംബന്ധിച്ച പരിശോധന റിപ്പോര്‍ട്ട് പൊസിറ്റീവാണെങ്കിൽ ഇതു സംബന്ധിച്ച് ചികിത്സാ പ്രോട്ടോകോള്‍ പാലിച്ചായിരിക്കും തുടര്‍ നടപടികള്‍.

മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവരുടെ പരിശോധന ഫലം നെഗറ്റീവാണെങ്കിലും 14 ദിവസം നിരീക്ഷണത്തില്‍ കഴി യണം. യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാനും കോവിഡ് നിരീക്ഷണ യൂണിറ്റുകള്‍ക്ക് കൈമാറാനും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍ററുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയിട്ടുള്ള നിലവിലുള്ള സംവിധാനം കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം പൊസിറ്റിവാകുന്നവരെ പാര്‍പ്പിക്കുന്നതിനുള്ള ഐസലേഷന്‍ സംവിധാനവും വിപുലീകരിക്കും.

വിദേശത്തു നിന്നെത്തി നെടുമ്പാശ്ശേരിയില്‍ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് വിമാനങ്ങളില്‍ പോകേണ്ട യാത്രക്കാര്‍ക്ക് 20 മിനിറ്റിനുള്ളില്‍ ഫലം ലഭിക്കുന്ന റാപിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്കും നെടുമ്പാശ്ശേരിയില്‍ സൗകര്യ മുണ്ട്. രാജ്യാന്തര സര്‍വീസുകള്‍ കൂടുതലും എത്തുന്ന രാത്രിസമയത്ത് ആരോഗ്യവകുപ്പിന്‍റെ കൂടുതല്‍ ജീവനക്കാരെ വിമാനത്താവളത്തില്‍ ഉറപ്പു വരുത്തും. പെയ്ഡ് ക്വാറന്‍റീന്‍ സൗകര്യം ആവശ്യമുള്ളവര്‍ക്കായി അഞ്ചു ഹോട്ടലു കളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സജിത് ജോണ്‍, കോവിഡ് നിരീക്ഷണ സെല്ലിന്‍റെ ചുമതല വഹിക്കുന്ന അഡീഷണല്‍ ഡി.എം.ഒ ഡോ. എസ്. ശ്രീദേവി, വിമാനത്താവളം നോഡല്‍ ഓഫീസര്‍ ഡോ. ഹനീഷ് മീരാസ തുടങ്ങിയവര്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ പങ്കെടുത്തു.

NO COMMENTS