ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ മുസ്ലിം ലീഗില്‍ പൊന്നാനി മണ്ഡലത്തില്‍ ആരെ സ്ഥാനാര്‍ഥിയാക്കുമെന്ന തര്‍ക്കവിഷയം.

195

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ മുസ്ലിം ലീഗില്‍ ആശയക്കുഴപ്പം. പൊന്നാനി മണ്ഡലത്തില്‍ ആരെ സ്ഥാനാര്‍ഥിയാക്കും എന്നതാണ് തര്‍ക്കവിഷയം. നിലവിലെ എംപി ഇടി മുഹമ്മദ് ബഷീര്‍ തന്നെ സ്ഥാനാര്‍ഥിയായാല്‍ പരാജയപ്പെടുമോ എന്ന് പ്രാദേശിക നേതാക്കള്‍ ആശങ്കപ്പെടുന്നു. ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ലെങ്കില്‍ പരാജയം ഉറപ്പാണണെന്നും അവര്‍ പറയുന്നു.

ഇടി മുഹമ്മദ് ബഷീറിനെ മലപ്പുറം സ്ഥാനാര്‍ഥിയാക്കി കുഞ്ഞാലിക്കുട്ടിയെ പൊന്നാനിയില്‍ സ്ഥാനാര്‍ഥിയാക്കണമെന്നാണ് പാര്‍ട്ടി മണ്ഡലം നേതാക്കള്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഞായറാഴ്ചക്കകം വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാകും. പാണക്കാട് ഹൈദരലി തങ്ങള്‍ തീരുമാനമെടുക്കുമെന്ന് ലീഗ് നേതാക്കല്‍ പ്രതികരിക്കുന്നു. പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തുണ്ട്. ഇടിക്കെതിരെ നേരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രമേയം പാസാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇനിയും ഇടി സ്ഥാനാര്‍ഥിയായാല്‍ ഭിന്നതകള്‍ അവസാനിക്കില്ലെന്നാണ് ലീഗ് പ്രാദേശിക ഘടകം നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ലീഗ്-കോണ്‍ഗ്രസ് ഭിന്നതകള്‍ പരിഹരിക്കാനും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനും ശ്രമം നടക്കുന്നുണ്ട്. ഐക്യത്തോടെ നിന്നാല്‍ മാത്രമേ വിജയം എളുപ്പമാകൂ എന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. എന്നാല്‍ ഇടി മുഹമ്മദ് ബഷീര്‍ സ്ഥാനാര്‍ഥിയായാല്‍ യൂത്ത് കോണ്‍ഗ്രസ് അകന്നു തന്നെ നില്‍ക്കുമെന്നാണ് ലീഗിന് ഭയം.

കോണ്‍ഗ്രസ് വോട്ടുകള്‍ ഇതടുസ്വതന്ത്ര സ്ഥാനാര്‍ഥിക്ക് മറിയുമോ എന്നാണ് മുസ്ലിം ലീഗീന്റെ ആശങ്ക. ഈ സാഹചര്യത്തിലാണ് ഇടിയെ മാറ്റാനും കോണ്‍ഗ്രസുകാര്‍ക്ക് ഏറെ താല്‍പ്പര്യമുള്ള കുഞ്ഞാലിക്കുട്ടിയെ പൊന്നാനിയില്‍ സ്ഥാനാര്‍ഥിയാക്കാനും ആവശ്യം ശക്തമായത്.

നിലവില്‍ മലപ്പുറം എംപിയാണ് കുഞ്ഞാലിക്കുട്ടി. ഇ അഹമ്മദിന്റെ വിയോഗ ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് കുഞ്ഞാലിക്കുട്ടി എംപിയായത്. മലപ്പുറം ലീഗിന്റെ ഉറച്ച മണ്ഡലമാണ്. മാത്രമല്ല, ഇവിടെ ഇടതുപക്ഷം പരിഗണിക്കുന്നത് വിപി സാനുവിനെയാണ്. അതാകട്ടെ, ഇടി മുഹമ്മദ് ബഷീറിന് വെല്ലുവിളിയാകാനും സാധ്യതയില്ല.

പൊന്നാനി മണ്ഡലത്തില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടി മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം വളരെ കുറഞ്ഞിരുന്നു. 2009ല്‍ 82000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച ഇടി മുഹമ്മദ് ബഷീര്‍ 2014ല്‍ 25000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ഇത്തവണ ഇനിയും കുറയുമോ എന്നാണ് ലീഗിന്റെ ആശങ്ക.

എസ്ഡിപിഐയുടെ സാന്നിധ്യവും മുസ്ലിം ലീഗിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അഡ്വ. കെസി നസീര്‍ ആണ് എസ്ഡിപിഐയുടെ സ്ഥാനാര്‍ഥി. ദേശീയ തലത്തില്‍ ചര്‍ച്ചയായ ഹാദിയ കേസില്‍ അഭിഭാഷകനായിരുന്ന കെസി നസീര്‍ ലീഗ് വോട്ടുകളില്‍ വിള്ളലുണ്ടാക്കുമെന്നാണ് കരുതുന്നത്.

ഈ സാഹചര്യത്തില്‍ ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന് പൊന്നാനിയിലെ മുസ്ലിം ലീഗ് പ്രാദേശിക ഘടകങ്ങള്‍ ആവശ്യപ്പെടുന്നു. ഇതാണ് കുഞ്ഞാലിക്കുട്ടിയെ പൊന്നാനിയിലേക്ക് മാറ്റാന്‍ ആലോചിക്കുന്നത്. ഇടിയെ മലപ്പുറത്തേക്കും മാറ്റും.

മൂന്ന് ലോക്‌സഭാ മണ്ഡലങ്ങള്‍ ലഭിക്കണമെന്ന് നേരത്തെ മുസ്ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അനുകൂല തീരുമാനം എടുത്തിട്ടില്ല. മലപ്പുറം, പൊന്നാനി എന്നിവയ്ക്ക് പുറമെ കാസര്‍ഗോഡ്, പാലക്കാട് മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്ന് വേണമെന്നാണ് ലീഗിന്റെ ആവശ്യം.

NO COMMENTS