ഭരണഘടന ഭേദഗതി ചെയ്തു ; പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു.

184

ദില്ലി: ഭരണഘടന ഭേദഗതി ചെയ്തു കൊണ്ട് പത്ത് ശതമാനം സാമ്ബത്തിക സംവരണം ഏര്‍പ്പെടുത്താന്‍ ഇന്ന് ചേര്‍ന്ന അടിയന്തരമന്ത്രിസഭാ യോഗം തീരുമാനിച്ചു. ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന പുതിയ തീരുമാനം വഴി രാജ്യത്തെ സവര്‍ണ വിഭാഗത്തിനും സംവരണത്തിന് യോഗ്യത ലഭിക്കും.മുന്നോക്കകാരിലെ പിന്നോക്കകാര്‍ക്കാവും സംവരണയോ​ഗ്യത. എട്ട് ലക്ഷത്തിന് താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കായിരിക്കും സംവരണം ലഭിക്കുക. പത്ത് ശതമാനം സംവരണം സര്‍ക്കാര്‍ ജോലികളില്‍ നല്‍കും. നിലവില്‍ ഒബിസി, പട്ടികജാതി-പട്ടികവര്‍​ഗക്കാര്‍ക്ക് സംവരണം നല്‍കുന്നുണ്ട്. സര്‍ക്കാര്‍ ജോലികളില്‍ അന്‍പത് ശതമാനത്തില്‍ കൂടുതല്‍ സംവരണം പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടുണ്ട്. ഈ വിധി തിരുത്തി അറുപത് ശതമാനം സംവരണം കൊണ്ടു വരാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഇന്ന് അടിയന്തരമായി കേന്ദ്രമന്ത്രിസഭാ യോ​ഗം വിളിച്ചു ചേര്‍ത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി സാമ്ബത്തിക സംവരണം നടപ്പാക്കാനുള്ള തീരുമാനം അറിയിച്ചത്. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ നാളെ തന്നെ സംവരണബില്ല് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരപ്പിച്ചേക്കും എന്നാണ് സൂചന. രാജ്യത്തെ സവര്‍ണസമുദായങ്ങള്‍ എല്ലാം തന്നെ സാമ്ബത്തിക സംവരണത്തെ അം​ഗീകരിക്കും എന്നുറപ്പായതിനാല്‍ നിര്‍ണായക രാഷ്ട്രീയ-സാമുദായിക പ്രതിസന്ധിയാവും രാഷ്ട്രീയ കക്ഷികള്‍ക്ക് നേരിടേണ്ടി വരിക. ഒബിസി-ന്യൂനപക്ഷ-ദളിത് ആഭിമുഖ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ സംവരണ നീക്കത്തെ എതിര്‍ത്ത് മുന്നോട്ട് വരാന്‍ സാധ്യതയേറെയാണ്. നോട്ട് നിരോധനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ നിര്‍ണായക രാഷ്ട്രീയ തീരുമാനത്തോടുള്ള പൊതുസമൂഹത്തിന്റെ പ്രതികരണം വരും മണിക്കൂറുകളില്‍ അറിയാം.

NO COMMENTS