ലോക‌്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസ‌് പ്രകടനപത്രിക പുറത്തിറക്കി

150

ന്യൂഡല്‍ഹി : വാഗ‌്ദാനങ്ങള്‍ പാലിക്കും എന്ന വിശേഷണത്തോടെയാണ‌് പ്രകടന പത്രിക പുറത്തിറക്കിയത‌്. കാര്‍ഷിക കടം, തൊഴിലില്ലായ‌്മ, സംരംഭകര്‍ക്ക‌് പിന്തുണ, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകള്‍ക്ക‌് പ്രഥമ പരിഗണന നല്‍കുന്നതാണ‌് പ്രകടന പത്രികയെന്ന‌് കോണ്‍ഗ്രസ‌് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ദിവസേന നിരവധി കള്ളങ്ങള്‍ കേള്‍ക്കേണ്ടിവരുന്ന കാലഘട്ടത്തില്‍ പുറത്തിറക്കുന്ന പ്രകടനപത്രികയില്‍ കള്ളങ്ങള്‍ ഉണ്ടാകരുതെന്ന‌് നിര്‍ദ്ദേശിച്ചിരുന്നുവെന്ന‌് രാഹുല്‍ഗാന്ധി പറഞ്ഞു. അക‌്ബര്‍ റോഡിലെ എഐസിസി ആസ്ഥാനത്ത‌് പ്രകടനപത്രിക പ്രകാശനം ചെയ‌്ത‌് സംസാരിക്കുകയായിരുന്നു രാഹുല്‍.

രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തൊഴിലില്ലായ‌്മയാണെന്നും അത‌് 45 വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 6.1ല്‍ എത്തിയെന്നും പ്രകടനപത്രികയില്‍ ചൂണ്ടിക്കാട്ടുന്നു. അധികാരത്തിലെത്തിയാല്‍ കേന്ദ്രസര്‍ക്കാര്‍ മേഖലയില്‍ ഒഴിഞ്ഞുകിടക്കുന്ന നാലുലക്ഷം തസ‌്തികകളില്‍ മാര്‍ച്ച‌് 2020നു മുമ്ബ‌് നിയമനം നടത്തുമെന്ന‌് പ്രകടന പത്രിക വാഗ‌്ദാനം ചെയ്യുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ക്കു കീഴിലുള്ള 20 ലക്ഷം തസ‌്തികകളില്‍ നിയമനം നടത്താന്‍ ആവശ്യപ്പെടും.

ഗ്രാമ പഞ്ചായത്തുകളിലും ഇതര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമായി സേവ മിത്ര തസ‌്തിക രൂപീകരിച്ച‌് 10 ലക്ഷം തൊഴില്‍നല്‍കും. തൊഴിലുറപ്പു പദ്ധതി പ്രകാരം തൊഴില്‍ദിനങ്ങളുടെ എണ്ണം 150 ആയി വര്‍ധിപ്പിക്കും. സര്‍ക്കാര്‍ തസ‌്തികയിലേക്കുള്ള പരീക്ഷകള്‍ക്ക‌് ഫീസ‌് ഒഴിവാക്കും. രാജ്യത്തെ ദരിദ്രരായ 20 ശതമാനം ആളുകള്‍ക്ക‌് വര്‍ഷം 72,000 രൂപ ഉറപ്പാക്കുന്ന അടിസ്ഥാന വരുമാന പദ്ധതി (ന്യായ‌്) നടപ്പാക്കും.

കാര്‍ഷിക മേഖലയ‌്ക്കായി എല്ലാവര്‍ഷവും പ്രത്യേക കിസാന്‍ ബജറ്റ‌് കൊണ്ടുവരുമെന്ന‌് പ്രകടന പത്രിക വാഗ‌്ദാനം ചെയ്യുന്നു. കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളും. ബിജെപി സര്‍ക്കാരിന്റെ പരാജയപ്പെട്ട വിള ഇന്‍ഷുറന്‍സ‌് പദ്ധതി പൊളിച്ചെഴുതും. കാര്‍ഷിക വികസനത്തിനും ആസൂത്രണത്തിനുമായ ഒരു സ്ഥിരം ദേശീയ കമീഷന്‍ രൂപീകരിക്കും. എല്ലാവര്‍ക്കും സൗജന്യ രോഗനിര്‍ണ്ണയം, ചികിത്സ, മരുന്ന‌് തുടങ്ങിയവ പൊതു–സ്വകാര്യ ആശുപത്രികളുടെ ശൃംഖലയിലൂടെ നടപ്പാക്കുന്ന ആരോഗ്യപരിപാലന അവകാശ നിയമം കൊണ്ടുവരും.

ആരോഗ്യമേഖലയ‌്ക്കുള്ള വിഹിതം 2023–24 നുള്ളില്‍ ഇരട്ടിയാക്കി ജിഡിപിയുടെ മൂന്ന‌് ശതമാനമാക്കും. വിദ്യാഭ്യാസ മേഖലയ‌്ക്ക‌് ജിഡിപിയുടെ ആറ‌് ശതമാനം വകയിരുത്തും. ഒന്നാം ക്ലാസ‌് മുതല്‍ 12–ാം ക്ലാസ‌് വരെ സാര്‍വത്രിക സൗജന്യ വിദ്യാഭ്യാസം നല്‍കും. വ്യവസായ–സേവന–തൊഴില്‍ മേഖലയ‌്ക്കായി പുതിയ മന്ത്രാലയം രൂപീകരിക്കും. വനിതാ സംവരണ ബില്‍ നടപ്പാക്കും. ഒരേ ജോലിക്ക‌് തുല്യവേതനം ഉറപ്പാക്കുന്ന നിയമം ഫലപ്രദമായി നടപ്പാക്കും.

സ‌്റ്റാര്‍ട്ട‌് അപ്പ‌് ഉള്‍പ്പെടെയുള്ള സംരംഭകര്‍ക്ക‌് പിന്തുണ നല്‍കാന്‍ എന്റര്‍പ്രൈസ‌് സപ്പോര്‍ട്ട‌് ഏജന്‍സി രൂപീകരിക്കും. പുതിയ മൈക്രോ–ചെറുകിട സംരംഭങ്ങള്‍ക്ക‌് 2019 ഏപ്രില്‍ ഒന്നു മുതല്‍ മൂന്നു വര്‍ഷത്തേക്ക‌് കുറഞ്ഞ വേതനം, നികുതി നിയമങ്ങള്‍ എന്നിവ ഒഴിച്ച‌് മറ്റൊരു നിയമവും ബാധകമാക്കില്ല. ഇന്‍സ‌്പെക‌്ടര്‍ രാജ‌് ഒഴിവാക്കുന്നതിന്റെ ഭാഗമാണിത‌്.

സായുധ സേനകള്‍ക്ക‌് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ വേണ്ടത്ര ബജറ്റ‌് വിഹിതം അനുവദിക്കും. ഇന്റര്‍നെറ്റ‌്–വാര്‍ത്താവിനിമയ സുരക്ഷയ‌്ക്ക‌് ആവശ്യമായ നയം രൂപീകരിക്കും. വിദേശ നയ രൂപീകരണത്തിനായി ദേശീയ കൗണ്‍സില്‍ രൂപീകരിക്കും. യുഎന്‍ സുരക്ഷാ സമിതിയിലും ആണവ വിതരണ ഗ്രൂപ്പിലും സ്ഥിരാംഗത്വത്തിന‌ുള്ള ശ്രമം ഊര്‍ജ്ജസ്വലമാക്കും. യുപിഎ അധ്യക്ഷ സോണിയഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിങ‌്, പ്രകടനപത്രിക സമിതി ചെയര്‍മാന്‍ പി ചിദംബരം തുടങ്ങിയവര്‍ പ്രകടന പത്രിക പ്രകാശന ചടങ്ങില്‍ പങ്കെടുത്തു

NO COMMENTS