സംസ്ഥാനത്ത് വലിയ തോതിലുള്ള വ്യാപന ഘട്ടം – ആളുകള്‍ പുറത്തിറങ്ങുന്നതും കൂട്ടംകൂടുന്നതും ഒഴിവാക്കണം – നിയന്ത്രണങ്ങള്‍ ശക്തമാക്കും മുഖ്യമന്ത്രി

25

തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ തോതിലുള്ള വ്യാപനത്തിന്റെ ഘട്ടമാണെന്നും ആളുകള്‍ പുറത്തിറങ്ങു ന്നതും കൂട്ടംകൂടുന്നതും ഒഴിവാക്കണമെന്നും കൂടുതല്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുകയാണ് ഇപ്പോള്‍ ചെയ്യാവുന്ന ഉചിതമായ കാര്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ഓക്‌സിജന്‍ ആവശ്യത്തിന് ലഭ്യമാക്കും. ഓക്‌സിജന്‍ നീക്കം സുഗമമാക്കാന്‍ എല്ലാ തലത്തിലും ഇടപെടും. കാസര്‍കോട് ജില്ലയില്‍ കര്‍ണാടകത്തില്‍ നിന്നാണ് ഓക്‌സിജന്‍ ലഭിക്കാറുള്ളത്. അവിടെ തടസമുണ്ട്. കര്‍ണാടക ചീഫ് സെക്രട്ടറിയുമായി സംസ്ഥാന ചീഫ് സെക്രട്ടറി സംസാരിക്കും. ഓക്‌സിജന്‍ പോലുള്ള ഒന്നിന്റെ കാര്യത്തില്‍ സാധാരണ ലഭ്യമാകുന്നത് തടസപ്പെടുന്നത് ശരിയല്ല. പാലക്കാട് നിന്ന് ഓക്‌സിജന്‍ കര്‍ണാടകത്തിലേക്ക് അയക്കുന്നുണ്ട്. അത് തടസപ്പെടുത്തിയിട്ടില്ല. അതെല്ലാം കര്‍ണാടകത്തിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.

കാസര്‍കോട് ഉള്‍പ്പെടെ ഓക്‌സിജന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ട്. ഓക്‌സിജന്‍ പ്രശ്‌നം പ്രത്യേകമായി ഇന്ന് ചര്‍ച്ച ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ചില ജില്ലകളില്‍ ചില തദ്ദേശ സ്ഥാപന അതിര്‍ത്തിക്കുള്ളിലും വലിയ തോതില്‍ വര്‍ധിച്ചു. ഇത് കുറച്ച്‌ കൊണ്ടുവരാന്‍ സാധ്യമായതെല്ലാം ചെയ്യും. രോഗവ്യാപന ഘട്ടത്തില്‍ പല കാര്യത്തിലും സഹായത്തിന് വോളണ്ടിയര്‍മാര്‍ വേണം. പൊലീസ് 2000 വോളണ്ടിയര്‍മാരെ അവര്‍ക്കൊപ്പം ഉപയോഗിക്കും. ആവശ്യമായത്ര വോളണ്ടിയര്‍മാരെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS