പോലീസ് നിയമഭേദ​ഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

25

തിരുവനന്തപുരം: സര്‍ക്കാര്‍ കൊണ്ടുവന്ന പോലീസ് നിയമഭേദഗതി പ്രഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും പാര്‍ട്ടിക്കു ളളിലും വ്യത്യസ്‌തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ നിയമഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ പൂര്‍ണരൂപം-

‘പൗരന്റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തഃസ്സും ചോദ്യം ചെയ്യുന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ തടയാനുള്ള ശ്രമം എന്ന നിലയിലാണ് കേരള പോലീസ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

അപകീര്‍ത്തികരവും അസത്യജഡിലവും അശ്ലീലം കലര്‍ന്നതുമായ പ്രചാരണങ്ങള്‍ക്കെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനവും പരാതിയും നിലനില്‍ക്കുന്നുണ്ട്. സ്ത്രീകളും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങളും ഉള്‍പ്പെടെ നിര്‍ദാക്ഷ്യണ്യം ആക്രമിക്കപ്പെടുന്നത് വലിയപ്രതിഷേധമാണ് സമൂഹത്തില്‍ ഉളവാക്കുന്നത്. കുടുംബങ്ങളുടെ കെട്ടുറപ്പിനെ പോലും ബാധിക്കുന്നതും ഇരകളെ ആത്മഹത്യയിലേക്ക് നയിക്കുന്നതുമായ അനുഭവങ്ങളാണ് ഉണ്ടായത്. ഇതിനെതിരെ നിയമത്തിന്റെ വഴി സ്വീകരിക്കണമെന്ന് മാധ്യമ മേധാവികള്‍ ഉള്‍പ്പെടെ ആവശ്യം ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് പോലീസ് ആക്‌ട് ഭേദഗതി വരുത്തണമെന്ന് ആലോചിച്ചത്.

ഭേദഗതി പഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ചു. ഈ സാഹചര്യത്തില്‍ നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.

സാമൂഹ്യമാധ്യങ്ങളിലൂടെയും അല്ലാതെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മാനവികസതയുടെയും അന്തസഃത്തയ്ക്ക് യോജിക്കാത്ത പ്രചാരണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സമൂഹമാകെ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു’.

NO COMMENTS