കെട്ടിടനിര്‍മ്മാണ അനുമതി – മലപ്പുറം ജില്ലാ അദാലത്ത് സംഘടിപ്പിച്ചു

130

മലപ്പുറം : ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ കെട്ടിടനിര്‍മ്മാണ അനുമതിക്കായി ലഭിച്ച അപേക്ഷകള്‍ തീര്‍പ്പാക്കാനായി ജില്ലാ കലക്ടര്‍ ജാഫര്‍ മലികിന്റെ അധ്യക്ഷതയില്‍ ജില്ലാതല അദാലത്ത് സംഘടിപ്പിച്ചു. പ്ലാനിങ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച അദാലത്തില്‍ 81 അപേക്ഷകള്‍ പരിഗണിച്ചു. ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകളിലെ കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട് കെട്ടികിടക്കുന്ന അപേക്ഷകളാണ് അദാലത്തില്‍ പരിഗണിച്ചത്.

പഞ്ചായത്ത് രാജ് ആക്ട് (220 ബി) പ്രകാരം മൂന്നു മീറ്റര്‍ റോഡ് അകലം പാലിക്കാത്ത കെട്ടിടങ്ങള്‍ക്കുള്ള അപേക്ഷകളാണ് കൂടുതലും അദാലത്തിലെത്തിയ അപേക്ഷകള്‍. വീടുകള്‍, കടമുറികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്കായുള്ള അനുമതി ആവശ്യപ്പെട്ടിട്ടുള്ള അപേക്ഷകളും അദാലത്തില്‍ പരിഗണിച്ചു. ആരാധനാലയങ്ങളുടെ കെട്ടിടവുമായി ബന്ധപ്പട്ട് ജില്ലാകലക്ടറുടെ അനുമതി ആവശ്യപ്പെട്ടിട്ടുള്ള കൂടുതല്‍ പരാതികളും അദാലത്തില്‍ എത്തി. കൂടാതെ ഡാറ്റാ ബാങ്കില്‍ തെറ്റായി ഉള്‍പ്പെട്ടതായി കണക്കാക്കിയിരുന്ന പ്രദേശങ്ങളിലെ അപേക്ഷകളും ഉണ്ടായിരുന്നു.

തീപിടുത്തം ഉണ്ടാകുമ്പോള്‍ പ്രതിരോധിക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്ത കെട്ടിടങ്ങള്‍ , കെട്ടിട നിര്‍മാണത്തിലെ ചട്ടങ്ങള്‍ കൃത്യമായി പാലിക്കാത്ത കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ അപേക്ഷകളും അദാലത്തില്‍ പരിഗണിച്ചു. അദാലത്തില്‍ ലഭിച്ച ചില അപേക്ഷകള്‍ പഞ്ചായത്ത് ജില്ലാ നിരീക്ഷക സമിതിയുടെയും പഞ്ചായത്ത് തല നിരീക്ഷക സമിതിയുടെയും അംഗീകാരത്തിനായി സമര്‍പ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. ഒരു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഫയലുകളിലാണ് അദാലത്ത് സംഘടിപ്പിച്ചത്. പരിഗണിക്കാന്‍ കഴിയാത്ത അപേക്ഷകളില്‍ കാരണം അപേക്ഷകര്‍ക്ക് അദാലത്തില്‍ ഉദ്യോഗസ്ഥര്‍ ബോധ്യപ്പെടുത്തി നല്‍കി.

അദാലത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി മാലതി, ഡി.ഡി.എ പി.ടി ഗീത, ടൗണ്‍ പ്ലാനര്‍ പി.ടി ദീപ, അസിസ്റ്റന്റ് ഡെപ്യൂട്ടി പഞ്ചായത്ത് ഇ.എ രാജന്‍, എല്‍.എസ്.ജി.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.ചന്ദ്രന്‍, ജില്ലാ ഫയര്‍ ഫോഴ്‌സ് ഓഫീസര്‍ മൂസ വടക്കേതില്‍ എന്നിവരും പങ്കെടുത്തു.

ഗവ. ഗേള്‍സ് സ്‌കൂളിന് പുതിയ പ്രവേശന കവാടം

മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും നിര്‍മിച്ച പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം പി.ഉബൈദുള്ള എം.എല്‍.എ നിര്‍വ്വഹിച്ചു. നഗരസഭാ അധ്യക്ഷ സി.എച്ച് ജമീല ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ഏഴ് ലക്ഷം രൂപയാണ് നിര്‍മ്മാണ ചെലവ്. മലപ്പുറം എം.ഹാറ്റ് അസോസിയേറ്റ്‌സ് ആയിരുന്നു നിര്‍മ്മാണ ചുമതല.

വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സൈദ്, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫസീന കുഞ്ഞിമുഹമ്മദ്, നഗരസഭാ സ്ഥിരം സമിതി അംഗങ്ങളായ പരി മജീദ്, മറിയുമ്മ ശരീഫ്, വാര്‍ഡ് കൗണ്‍സിലര്‍ കെ. വി.വത്സലകുമാരി, കൗണ്‍സിലര്‍മാരായ ഹാരിസ് ആമിയന്‍, കെ.കെ.മുസ്ഥഫ എന്ന നാണി, ഹംസ കൂത്രാട്ട്, കെ.കെ ഉമ്മര്‍, സി.കെ ജലീല്‍, പി.ടി.എ പ്രസിഡന്റ് തസീഫ് തോരപ്പ, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഹുസൈന്‍ വാളപ്ര, ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് പി.കെ.ഷാഹുല്‍ ഹമീദ്, പി .ടി .എ ഭാരവാഹികളായ പി.കെ. മുഹമ്മദലി, മുട്ടേങ്ങാടന്‍ മുഹമ്മദലി, ഉപ്പൂടന്‍ ഷൗക്കത്ത്, ജൗഹര്‍ തോരപ്പ, ബഷീര്‍ പിച്ചന്‍, ഐ.ആലിക്കുട്ടി, പി.വിശ്വനാഥന്‍, മജീദ് കാടേങ്ങല്‍, നൗഷാദ് കുരുണിയന്‍, പി.കെ.ബാവ എന്നിവര്‍ പങ്കെടുത്തു.

NO COMMENTS