ബെനാമി ഇടപാടുകള്‍ നിരോധിക്കുന്ന ബെനാമി ഇടപാട് നിരോധന നിയമം നവംബര്‍ ഒന്നിനു പ്രാബല്യത്തില്‍ വരും

175

ന്യൂഡല്‍ഹി • ബെനാമി ഇടപാടുകള്‍ നിരോധിക്കുന്ന ബെനാമി ഇടപാട് (നിരോധന) നിയമം നവംബര്‍ ഒന്നിനു പ്രാബല്യത്തില്‍ വരും. ഇതനുസരിച്ചു മറ്റുള്ളവര്‍ക്കായോ മറ്റുള്ളവരുടെ പേരിലോ ബെനാമി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവര്‍ക്കു പിഴയും ഏഴുവര്‍ഷം വരെ തടവും ലഭിക്കാം. കള്ളപ്പണത്തിന്റെ സ്വാധീനം കുറയ്ക്കാനായി പാര്‍ലമെന്റ് കഴിഞ്ഞ ഓഗസ്റ്റിലാണു ബെനാമി ഇടപാട് (നിരോധന) ആക്‌ട് പാസ്സാക്കിയത്. എന്നാല്‍ യഥാര്‍ഥ മത ട്രസ്റ്റുകള്‍ക്ക് ഇതില്‍ നിന്ന് ഒഴിവുനല്‍കുമെന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഉറപ്പുനല്‍കിയിരുന്നു. 2016 നവംബര്‍ ഒന്നു മുതല്‍ ബെനാമി ഇടപാട് (നിരോധന) ആക്ടിലെ എല്ലാ വകുപ്പുകളും ചട്ടങ്ങളും നിലവില്‍ വരുമെന്നു കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് (സിബിഡിടി) ഇന്നലെ അറിയിച്ചു. ഇതോടെ ഇപ്പോള്‍ നിലവിലുള്ള 1988ലെ ബെനാമി ഇടപാട് (നിരോധന) ആക്‌ട് അപ്രസക്തമാകും. 1988ലെ ആക്‌ട് അനുസരിച്ചു ബെനാമി ഇടപാടു നടത്തുന്നവര്‍ക്കു മൂന്നുവര്‍ഷത്തെ തടവോ പിഴയോ രണ്ടും കൂടിയോ മാത്രമാണു വ്യവസ്ഥ ചെയ്യുന്നത്. പുതിയ ബെനാമി ഇടപാട് (നിരോധന) ആക്‌ട് അനുസരിച്ചു ബെനാമി പേരിലുള്ള വസ്തുക്കള്‍ സര്‍ക്കാരിനു നഷ്ടപരിഹാരം നല്‍കാതെ പിടിച്ചെടുക്കാം. എന്നാല്‍ ഇതിലെ 58-ാം വകുപ്പനുസരിച്ചു കാരുണ്യ സംഘടനകളുടെയും മതസംഘടനകളുടെയും വസ്തുക്കള്‍ക്ക് ഇതില്‍ നിന്ന് ഒഴിവുനല്‍കാന്‍ സര്‍ക്കാരിന് അധികാരമുണ്ടായിരിക്കുമെന്ന് അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. ‘ക്രിസ്ത്യന്‍ പള്ളി, മസ്ജിദ്, ഗുരുദ്വാര, ക്ഷേത്രം എന്നിവയുടെ യഥാര്‍ഥ സ്വത്തുക്കളെ 58-ാം വകുപ്പനുസരിച്ച്‌ ഒഴിവാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്’- മന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY