എയർഇന്ത്യ വിമാനം പാകിസ്താനിലേക്ക് തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി

164

മുംബൈയിലെ എയർഇന്ത്യ കൺട്രോൾ സെന്ററിലാണ് പാകിസ്താനിലേക്ക് വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ഫോൺ സന്ദേശം ലഭിച്ചത് .എല്ലാ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർക്കും വിമാന ജീവനക്കാർക്കും സിവിൽ വ്യോമയാന സുരക്ഷാ ബ്യൂറോ (ബി.സി.എ.എസ്) ജാഗ്രതാ നിർദ്ദേശം നൽകി.

പുൽവാമ ഭീകരാക്രമണത്തിന്റെയും മുംബൈ നഗരത്തിലുണ്ടായ സ്ഫോടനത്തിന്റെയും തൊട്ടുപിന്നാലെയാണ് ഫെബ്രുവരി 23 ന് വിമാനം തട്ടിക്കൊണ്ടു പോകുമെന്ന ഭീഷണി സന്ദേശം. ഇതേത്തുടർന്ന് മുംബൈ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നതിന് കർശനം നിയന്ത്രണം അധികൃതർ ഏർപ്പെടുത്തിയെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.

പാർക്കിങ് ഏരിയയിൽ എത്തുന്ന വാഹനങ്ങൾ കർശന പരിശോധനയ്ക്ക് വിധേയമാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. യാത്രക്കാരുടെ ബാഗുകളുടെയും, കാർഗോ, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെയും പരിശോധന കൂടുതൽ കർശനമാക്കും. ദ്രുത കർമസേനയെ സജ്ജമാക്കി നിർത്താനും നിർദ്ദേശമുണ്ട്. മുംബൈയിലെ റെയിൽവെ സ്റ്റേഷനുകളിൽ അതീവ ജാഗ്രത പാലിക്കുന്നതിനുള്ള നിർദ്ദേശം റെയിൽവെ ബോർഡ് കഴിഞ്ഞ ദിവസം നൽകിയിരുന്നു.

വിമാനങ്ങൾ റാഞ്ചുന്ന സംഭവങ്ങൾ ഒഴിവാക്കാൻ ലക്ഷ്യമിടുന്ന നിയമഭേദഗതി 2014 ൽ പാർലമെന്റ് പാസാക്കിയിരുന്നു. വിമാനം തട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തിനിടെ യാത്രക്കാർക്കോ സുരക്ഷാ ഉദ്യോഗസ്ഥർക്കോ മരണം സംഭവിച്ചാൽ റാഞ്ചികൾക്ക് വധശിക്ഷവരെ നൽകാൻ വ്യവസ്ഥചെയ്യുന്നതാണ് ഭേദഗതി ബിൽ.

NO COMMENTS