ബാങ്കുകളിലെത്തിയ കണക്കില്‍പ്പെടാത്ത നിക്ഷേപങ്ങള്‍ക്ക് 60 ശതമാനത്തോളം ആദായനികുതി ചുമത്തിയേക്കും

253

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനുശേഷം ബാങ്കുകളിലെത്തിയ കണക്കില്‍പ്പെടാത്ത നിക്ഷേപങ്ങള്‍ക്ക് 60 ശതമാനത്തോളം ആദായനികുതി ചുമത്തിയേക്കും. ഇതിനുള്ള നിയമഭേദഗതി പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍തന്നെ അവതരിപ്പിക്കും. വ്യാഴാഴ്ചരാത്രി ചേര്‍ന്ന അടിയന്തര മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ചചെയ്തതായി വാര്‍ത്താ ഏജന്‍സി പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പാര്‍ലമെന്റ് സമ്മേളിക്കുമ്ബോള്‍ സഭയ്ക്കുപുറത്ത് പ്രധാന നയപ്രഖ്യാപനങ്ങള്‍ നടത്താന്‍ പാടില്ലാത്തതുകൊണ്ടാണിതെന്നാണ് കരുതുന്നത്.

40 ശതമാനം നികുതിയോടെ കള്ളപ്പണം വെളിപ്പെടുത്താനുള്ള സര്‍ക്കാറിന്റെ പദ്ധതി സെപ്റ്റംബര്‍ 30-ന് അവസാനിച്ചിരുന്നു. ഇത് ഉപയോഗപ്പെടുത്താത്ത പലരും നോട്ട് അസാധുവാക്കലിനുശേഷം മറ്റുള്ളവരെ ഉപയോഗിച്ച്‌ ബാങ്കില്‍ വന്‍തോതില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍. ജന്‍ധന്‍ അക്കൗണ്ടുകളിലടക്കം വന്‍നിക്ഷേപം എത്തിയത് ഇതിന്റെ തെളിവാണ്. നവംബര്‍ എട്ടിന് തുടങ്ങിയ രണ്ടാഴ്ചക്കിടെ 21,000 കോടി രൂപയാണ് ജന്‍ധന്‍ അക്കൗണ്ടുകളില്‍ മാത്രം എത്തിയത്.
കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമത്തിനെതിരെ സര്‍ക്കാര്‍ പലവട്ടം താക്കീത് നല്‍കിയിരുന്നു. അക്കൗണ്ടില്‍ അസാധാരണമായ നിക്ഷേപമുണ്ടായാല്‍ കണക്ക് കാണിക്കാനായില്ലെങ്കില്‍ 30 ശതമാനം നികുതിയും 200 ശതമാനം പിഴയും അടയ്ക്കേണ്ടിവരുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാല്‍, അതിനുശേഷവും ബിനാമി നിക്ഷേപങ്ങള്‍ ഉണ്ടാകുന്നെന്നാണ് കണ്ടെത്തിയത്. കള്ളപ്പണം വെളുപ്പിക്കലിനുള്ള അവസരം ഉപയോഗപ്പെടുത്താത്തവരെ ലക്ഷ്യമിട്ടാണ് അതിലും കൂടുതല്‍ നികുതി ചുമത്താനൊരുങ്ങുന്നത്. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും കൈവശം വെക്കാവുന്ന സ്വര്‍ണത്തിലും നിയന്ത്രണം കൊണ്ടുവരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, വ്യാഴാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നോയെന്ന് വ്യക്തമല്ല.