ബാങ്കുകളില്‍ വന്‍തുക നിക്ഷേപിച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇന്‍കം ടാക്സ് നോട്ടീസ് അയച്ചു തുടങ്ങി

322

ന്യൂഡല്‍ഹി: 1000, 500 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ബാങ്കുകളില്‍ വന്‍തുക നിക്ഷേപിച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇന്‍കം ടാക്സ് നോട്ടീസ് അയച്ചു തുടങ്ങി. ബാങ്കുകളില്‍ വലിയ തുക നിക്ഷേപിച്ചതില്‍ സംശയിക്കപ്പെടുന്നവര്‍ക്ക് പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്.
രാജ്യവ്യാപകമായി വ്യത്യസ്ത നഗരങ്ങളിലെ നൂറുകണക്കിന് പേര്‍ക്ക് ഇതിനകം നോട്ടീസ് അയച്ചുകഴിഞ്ഞെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിവരങ്ങള്‍ അറിയാന്‍ അനുവദിക്കുന്ന സെക്ഷന്‍ 133 (6) പ്രകാരമാണ് നോട്ടീസ്. അസാധാരണമായോ സംശയാസ്പദമായ രീതിയിലോ വലിയ തുകകള്‍ നിക്ഷേപിച്ചതായി ബാങ്കുകള്‍ റിപ്പോര്‍ട്ടു ചെയ്തവര്‍ക്കാണ് നോട്ടീസ് അയച്ചു തുടങ്ങിയിരിക്കുന്നതെന്ന് ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ പറയുന്നു. ആദ്യഘട്ടത്തില്‍ രണ്ടര ലക്ഷത്തിന് മുകളിലുള്ള തുക നിക്ഷേപിച്ചതില്‍ സംശയമുള്ളവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നികുതി വെട്ടിപ്പോ കള്ളപ്പണം വെളുപ്പിക്കലോ ആണോ നിക്ഷേപത്തിന്റെ ലക്ഷ്യമെന്ന് കണ്ടെത്താനാണ് നടപടിയെന്ന് ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നവംബര്‍ എട്ടിനാണ് കേന്ദ്രസര്‍ക്കാര്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചത്. കള്ളപ്പണം പിടികൂടുക, ഭീകരര്‍ക്കുള്ള ഫണ്ടിങ് തടയുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് എന്‍ഡിഎ സര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക് നീങ്ങിയത്.